സന്തോഷ്ട്രോഫി; സർവീസസ്‌ ഫൈനൽറൗണ്ടിന്‌ യോഗ്യത നേടി

സന്തോഷ്ട്രോഫി; സർവീസസ്‌ ഫൈനൽറൗണ്ടിന്‌ യോഗ്യത നേടി
January 11 04:45 2017

കോഴിക്കോട്‌: സന്തോഷ്ട്രോഫി ദക്ഷിണമേഖലാ യോഗ്യതാമത്സരത്തിൽ ഗ്രൂപ്പ്‌ രണ്ടിൽ അവസാന മത്സരത്തിൽ തമിഴ്‌നാടിനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക്‌ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ സർവീസസ്‌ മൂന്ന്‌ ജയവുമായി ഒമ്പത്‌ പോയിന്റോടെ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഫൈനൽ റൗണ്ടിന്‌ യോഗ്യത നേടി.
ആത്മവിശ്വാസത്തിന്റെ കരുത്തിൽ കളം നിറഞ്ഞ്‌ കളിച്ച തമിഴ്‌നാടിന്റെ പോരാട്ട വീര്യത്തിന്‌ മുന്നിൽ പതറിയെങ്കിലും സർവീസസ്‌ പിന്നീട്‌ തിരിച്ചു വരവ്‌ നടത്തുകയായിരുന്നു. ആദ്യപകുതിയിൽ തമിഴ്‌നാട്‌ ഒരു ഗോളിന്‌ മുന്നിട്ട ശേഷം രണ്ടാംപകുതിയിലാണ്‌ സർവീസസ്‌ തിരിച്ചുവരവ്‌ നടത്തിയത്‌.യോഗ്യതാ കടമ്പ്‌ താണ്ടാൻ ഒരു സമനിലയെങ്കിലും മതിയായിരുന്ന സർവ്വീസസ്‌ വിജയത്തോടെ തന്നെ ഫൈനൽ റൗണ്ടിലേക്ക്‌ പ്രവേശിച്ചു.
ആദ്യ മത്സരത്തിൽ തെലങ്കാനയ്ക്കെതിരെ ഏഴ്‌ ഗോളുകളും രണ്ടാം മത്സരത്തിൽ ലക്ഷദ്വീപിനെതിരെ നാല്‌ ഗോളുകളും അടച്ചുകൂട്ടിയ സർവ്വീസസിന്‌ പക്ഷെ തമിഴ്‌നാടിന്‌ മുന്നിൽ അത്തരമൊരു മത്സരം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യപകുതിയിൽ തമിഴ്‌നാട്‌ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ രണ്ടാം പകുതിയിൽ മാത്രമാണ്‌ സർവ്വീസസ്‌ മുന്നേറ്റങ്ങൾക്ക്‌ കൃത്യതയും ഒത്തിണക്കവുമുണ്ടായത്‌.
മുൻ കളിയിൽ ഇരട്ട ഗോൾ നേടിയ സർവീസസിന്റെ അണ്ടർ 21 താരം സരോജ്‌ റായിക്ക്‌ പരുക്ക്‌ കാരണം പകരക്കാരനെ ഇറക്കേണ്ടി വന്നു. കളിയുടെ ഒഴുക്കിന്‌ അനുകൂലമായി 32 ാ‍ം മിനുറ്റിലാണ്‌ സർവ്വീസസ്‌ പ്രതിരോധത്തെ ഭേദിച്ച്‌ കൊണ്ട്‌ തമിഴ്‌നാടിന്റെ ഗോൾ പിറന്നത്‌. അറ്റാക്കിംഗ്‌ ഡിഫൻഡർ ജയ്ഗണേഷും സ്ട്രൈക്കറുടെ റോളിലിറങ്ങിയ ക്യാപ്റ്റൻ രെഗാനും ചേർന്ന്‌ ഇടതു വിംഗിലൂടെ നടത്തിയ നീക്കത്തിനൊടുവിൽ മൊഹമ്മദ്‌ ഷാഹിദിന്‌ പാസ്‌ മറിച്ചുനൽകി. ഷാഹിദ്‌ നൽകിയ പാസ്‌ കണക്ട്‌ ചെയ്ത്‌ ഇരുപത്‌ വാര അകലെ നിന്നും ജോക്സൺ ദാസ്‌ വലങ്കാൽ കൊണ്ട്‌ തൊടുത്ത ഒന്നാന്തരമൊരു ബുള്ളറ്റ്‌ ഗ്രൗണ്ടർ മുഴുനീള ഡൈവ്‌ ചെയ്ത ഗോൾകീപ്പർ ഭാസ്കർ റോയുടെ കൈകൾക്കരികിലൂടെ വലയുടെ വലതു മൂലയിലേക്ക്‌ തുളഞ്ഞ്‌ കയറി.
ഗോൾവീണതോടെ സമ്മർദ്ദത്തിലായ സർവീസസ്‌ ആക്രമണം ശക്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സർവ്വീസസ്‌ ഗോൾ മടക്കി.
ജോക്സന്റെ ഷോട്ടിന്റെ പകർപ്പെന്നോണം അർജുൻ ടുഡുവിന്റെ ലോംഗ്‌ റേഞ്ചർ വലയിൽ പതിച്ചപ്പോൾ തമിഴ്‌നാട്‌ ഗോളി മണികണ്ഠൻ തീർത്തും കാഴ്ചക്കാരനായി. തമിഴ്‌നാടിനെതിരെ നേടിയ ഗോളോടെ യോഗ്യതാറൗണ്ടിലെ തന്റെ ഗോൾനേട്ടം അർജുൻ ടുഡു നാലാക്കി ഉയർത്തി. 71 ാ‍ം മിനുറ്റിൽ തമിഴ്‌നാട്‌ പ്രതിരോധ നിരക്കാരൻ ഷിനു വരുത്തിയ ഫൗൾ സർവ്വീസസിന്റെ വിജയഗോളിന്‌ വഴിയൊരുക്കി.
പെനാൽറ്റി കിക്കെടുത്ത ബ്രിട്ടോയുടെ പ്ലേസിംഗ്‌ ഷോട്ട്‌ ഗോളിയെ നിസ്സഹായനാക്കി വലതു മൂലയിലേക്ക്‌ നിലംപറ്റിയെത്തി. ലീഡുയർത്താൻ സർവ്വീസസും, തിരിച്ചടിക്കാൻ തമിഴ്‌നാടും ശ്രമം നടത്തിയെങ്കിലും പിന്നീട്‌ ഗോൾ അകന്ന്‌ നിന്നു.
അതേ സമയം ഗ്രൂപ്പ്‌ ബിയിലെ മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോൾ സമ്മാനിച്ച ജയത്തോടെ സന്തോഷ്‌ ട്രോഫിയിലെ അരങ്ങേറ്റ യോഗ്യതാ റൗണ്ട്‌ ലക്ഷദ്വീപ്‌ ഗംഭീരമാക്കി. യോഗ്യതാ റൗണ്ടിൽ പുറത്തായെങ്കിലും കന്നിയോഗ്യതാ റൗണ്ടിൽ തങ്ങളുടെ അവസാനമത്സരത്തിൽ തെലങ്കാനയ്ക്കെതിരായ വിജയത്തോടെ തലയുയർത്തിപ്പിടിച്ചാണ്‌ ദ്വീപ്‌ താരങ്ങൾ മടങ്ങിയത്‌. 54 ാ‍ം മിനുറ്റിൽ കോർണർ കിക്കിൽ നിന്നും പെനാൽട്ടി ബോക്സിലേക്കെത്തിയ പന്ത്‌ കൂട്ടപ്പൊരിച്ചിലിനിടെ തെലങ്കാന ഗോളിയെ തീർത്തും നിസ്സഹായനാക്കി ലക്ഷദ്വീപ്‌ മിഡ്ഫീൽഡർ കെ പി ഉമ്മർ വലയിലേക്ക്‌ തൊടുത്ത്‌ വിടുകയായിരുന്നു.
ഗ്രൂപ്പ്‌ ബിയിൽ മൂന്ന്‌ ജയത്തോടെ സർവ്വീസസ്‌ യോഗ്യത നേടിയപ്പോൾ തമിഴ്‌നാട്‌, തെലങ്കാന, ലക്ഷദ്വീപ്‌ ടീമുകൾ ഫൈനൽ റൗണ്ടിലേക്കെത്താതെ കളി അവസാനിപ്പിച്ചു.
കഴിഞ്ഞദിവസം ഗ്രൂപ്പ്‌ എ യിൽ നിന്ന്‌ ആതിഥേയരായ കേരള ടീം സൗത്ത്സോൺ യോഗ്യതാറൗണ്ടിൽ നിന്ന്‌ ഫൈനൽ റൗണ്ട്‌ പ്രവേശനം സാധ്യമാക്കിയിരുന്നു.

  Categories:
view more articles

About Article Author