സപ്പോട്ട വളർത്താം

സപ്പോട്ട വളർത്താം
May 06 04:45 2017

അനുകൃഷ്ണ എസ്‌
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഫലമാണ്‌ സപ്പോട്ട. കേരളത്തിൽ സുഭിക്ഷമായി വളരുന്ന ഈ ഫലവർഗ്ഗത്തിന്‌ ഇന്നും വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. നല്ല പച്ചനിറത്തിൽ ഇടതൂർന്ന ഇലകളോടെ തണലേകി തഴച്ചു വളരുന്ന ഒരു ഫലവർഗച്ചെടിയാണ്‌ സപ്പോട്ട. സപ്പോട്ടേസിയേ സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം അക്രാസ്‌ സപ്പോട്ട എന്നാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ 1200 മീറ്റർ വരെ ഉയരമുള്ള എല്ലാസ്ഥലത്തും നന്നായി വളരും. വെട്ടുകൽ പ്രദേശമുൾപ്പെടെ ഏതുതരം മണ്ണിലും നല്ല ഫലം തരാനുള്ള കഴിവ്്‌ ഈ ചെടിക്കുണ്ട്‌. എത്ര കടുത്ത വരൾച്ചയേയും നേരിടാനുള്ള ശേഷി സപ്പോട്ടയുടെ പ്രത്യേകതയാണ്‌. ചില സ്ഥലങ്ങളിൽ ഡപ്പോഡില്ല എന്നും മറ്റു സ്ഥലങ്ങളിൽ ചിക്കു എന്നും അറിയപ്പെടുന്നു.
വലിപ്പം, ആകൃതി, മണം, രുചി എന്നിവയിൽ വ്യത്യസ്തത പുലർത്തുന്ന ധാരാളം ഇനങ്ങൾ സപ്പോട്ടയിലുണ്ട്‌. ക്രിക്കറ്റ്‌ ബാൾ, ദ്വാരപുഡി, കീർത്തി രാത്തി, ഗുത്തി എന്നിവയും ഓവൽ, കോയമ്പത്തുർ1, പികെഎം 1,2,3 തുടങ്ങിയ അത്യുൽപ്പാദന ശേഷിയുള്ള സപ്പോട്ട ഇനങ്ങളും ഇന്ന്‌ പ്രചാരത്തിലുണ്ട്‌.
മഴക്കാലാരംഭമാണ്‌ സപ്പോട്ട തൈകൾ നടുന്നതിന്‌ ഉത്തമം. 75ഃ75ഃ75 സെന്റീമീറ്റർ അളവിൽ കുഴികളെടുത്ത്‌ മേൽമണ്ണും ചാണകപ്പൊടിയും നിറച്ച്‌ മധ്യത്തിൽ തൈകൾ നടണം. തൈകൾ മറിഞ്ഞു വീഴാതിരിക്കുവാൻ താങ്ങു കമ്പുകൾ കൊണ്ട്‌ കെട്ടേണ്ടതു
ണ്ട്‌. തൈകൾ തമ്മിലുളള അകലം 7 മീറ്റർ വേണം. വിത്ത്‌ മുളപ്പിച്ച തൈകൾ കായ്ക്കാൻ 7-8 വർഷമെടുക്കും. എന്നാൽ ഒട്ടുതൈകൾ മൂന്നാം വർഷം മുതൽ ഫലം തരും. അതിനാൽ ഒട്ടുതൈകളാണ്‌ കൃഷിചെയ്യാൻ ഉത്തമം. നട്ട്‌ ഒരു വർഷം പ്രായമാകുമ്പോൾ തൈ ഒന്നിന്‌ 200 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌, 250 ഗ്രാം മ്യൂറിയേററ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവയും 30 കിലോഗ്രാം ജൈവവളവും ചേർത്ത്‌ ഇടയിളക്കി കൊടുക്കണം. അതു കഴിഞ്ഞ്‌ ഓരോ വർഷവും 50 കിലോഗ്രാം ജൈവവളവും മേൽപറഞ്ഞ രാസവളങ്ങൾ 1:1:1:5 എന്ന അളവിലും നൽകണം. മരത്തിന്റെ വളർച്ചയനുസരിച്ച്‌ തടം വലുതാക്കി വളമിടാൻ ശ്രദ്ധിക്കണം. ഒട്ടുബന്ധത്തിന്‌ താഴെയുണ്ടാകുന്ന ശിഖരങ്ങൾ ഉടൻതന്നെ മാറ്റുകയും തറനിരപ്പിൽ നിന്നും 2 അടി ഉയരം വരെയുളള ശിഖരങ്ങൾ മുറിക്കുകയും വേണം. ഏപ്രിൽ-ജൂലൈ, സെപ്തംബർ-നവംബർ എന്നീ മാസങ്ങളിൽ ആണ്ടിൽ രണ്ടു തവണ വിളവെടുപ്പ്‌ നടത്താം. മരത്തിന്‌ പ്രായമേറുന്തോറും വിളവ്‌ കൂടുതൽ ഉണ്ടാവും. കേരളത്തിൽ സപ്പോട്ട 30 അടിവരെ ഉയരത്തിൽ വളരും. പുറന്തോട്‌ മിനുസമായി ഞെട്ടുഭാഗം കുഴിഞ്ഞ്‌ കായ്‌ എളുപ്പത്തിൽ വേർപെട്ട്‌ കറ വരാതിരിക്കുന്ന അവസ്ഥയിൽ കായ്കൾ വിളവെടുക്കാൻ പാകമായി എന്ന്‌ അനുമാനിക്കാം. കായ്കൾ തറയിൽ വീണ്‌ ക്ഷതം പറ്റാത്ത തരത്തിൽ വിളവെടുക്കണം. വീട്ടാവശ്യത്തിന്‌ വയ്ക്കോലിൽ പൊതിഞ്ഞും കൂടുതലുണ്ടെങ്കിൽ പുക കൊള്ളിച്ചും സപ്പോട്ടക്ക പഴുപ്പിക്കാം. പഴങ്ങൾ നന്നായി പഴുത്തില്ലെങ്കിൽ ചവർപ്പുളള കറ തൊണ്ടയിൽ ഒട്ടിപ്പിടിക്കുകയും അരുചിക്ക്‌ ഇടയാക്കുകയും ചെയ്യും.

  Categories:
view more articles

About Article Author