സപ്ലൈകോ റംസാന്‍ ഫെയറിന് തുടക്കം

June 16 01:58 2017

 

ആലപ്പുഴ: അവശ്യസാധനങ്ങള്‍ക്ക് അന്യായമായി വിലകൂട്ടുന്ന കച്ചവടക്കാരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ സക്കറിയ ബസാറിലെ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തില്‍ സപ്ലൈകോ ആരംഭിച്ച റംസാന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നും സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.
അരിക്കടക്കം സാധനങ്ങള്‍ക്ക് തീവിലയാണെന്ന പ്രചാരണം ശരിയല്ലെന്നും കൃത്രിമമായി വില കൂട്ടുന്നതിനെതിരേ പരിശോധനയും നടപടികളും ശക്തമാക്കിയെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. റംസാന്‍ ഫെയര്‍ ഉദ്ഘാടന ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 36 രൂപവരെ പരമാവധി വിലയുള്ള ജയ അരിക്ക് 50 രൂപയാണെന്നാണ് പ്രചാരണം. ഉളളിക്ക് 135 രൂപ വരെയെന്നും പ്രചരിപ്പിച്ച് ഉത്സവകാലത്ത് ജനങ്ങളെ കൊള്ളചെയ്യാനാണ് ചില വ്യാപാരികളുടെ ശ്രമം. ഇതിനെതിരേ ശക്തമായ പരിശോധനകള്‍ നടത്തുകയാണ്. കൃത്രിമമായി വിലകൂട്ടിയതിന് എട്ടു കേസ് എടുത്തു. സപ്ലൈകോയുടെ 1838 ഔട്ട്‌ലെറ്റുകള്‍ വഴി 25 രൂപയ്ക്ക് ജയ അരി നല്‍കുന്നു. 200 കോടി രൂപയാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ചത്. കഴിഞ്ഞവര്‍ഷം 150 കോടി രൂപ അനുവദിച്ചപ്പോള്‍ 440 കോടി രൂപയുടെ സാധനങ്ങള്‍ സബ്‌സിഡിയായി നല്‍കി. സംസ്ഥാനത്ത് ആറ് റംസാന്‍ ഫെയറുകളും 90 ചന്തകളും ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ ഉത്സവകാലത്തും സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്തി വില നിയന്ത്രിച്ചു നിര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ സി വേണുഗോപാല്‍ എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് വിശിഷ്ടാതിഥിയായി. സപ്ലൈകോ മാനേജര്‍ കെ വേണുഗോപാല്‍, നഗരസഭാംഗം എ എം നൗഫല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ഐ ഹുസൈന്‍, കെ എസ് പ്രദീപ് കുമാര്‍, എസ് എ അബ്ദുള്‍ സലാം ലബ്ബ, വി സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ജൂണ്‍ 24 വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് ഫെയര്‍ പ്രവര്‍ത്തിക്കുക.

  Categories:
view more articles

About Article Author