Monday
16 Jul 2018

സമരത്തെ നേരിടാൻ രോഗികളെയും നഴ്സിങ്‌ വിദ്യാർഥികളെയും ബലിയാടാക്കരുതെന്ന്‌

By: Web Desk | Monday 17 July 2017 4:45 AM IST

കോഴിക്കോട്‌: ന്യായമായ ആവശ്യത്തിന്‌ വേണ്ടിയുള്ള നഴ്സുമാരുടെ സമരത്തെ നേരിടാൻ രോഗികളെയും നഴ്സിങ്‌ വിദ്യാർഥികളെയും ബലിയാടാക്കരുതെന്ന്‌ യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷനും (യുഎൻഎസ്‌എ) യുണൈറ്റഡ്‌ നഴ്സസ്‌ പാരന്റ്സ്‌ അസോസിയേഷനും(യുഎൻപിഎ) സംയുക്ത പ്രസ്താവനയിൽ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. വിദ്യാർഥികളെ ആശുപത്രി ഡ്യൂട്ടിക്ക്‌ നിയോഗിക്കാനുള്ള കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ യുണൈറ്റഡ്‌ നഴ്സസ്‌ ഫാക്കൽറ്റി അസോസിയേഷനും (യുഎൻഎഫ്‌എ) വ്യക്തമാക്കി.
കളക്ടറുടെ നടപടിയുടെ മറവിൽ മാനേജ്മെന്റുകൾ നിയമവിരുദ്ധമായി കുട്ടികളെ ഡ്യൂട്ടിക്ക്‌ നിയോഗിച്ചാൽ ഉണ്ടാവുന്ന ഭവിഷത്തുകൾക്ക്‌ വിദ്യാർഥികളോ അധ്യാപകരോ ഉത്തരവാദികളായിരിക്കില്ല. നഴ്സിങ്‌ വിദ്യാർഥിയുടെ അഞ്ചുവർഷത്തെ പഠനകാലത്തിനിടെ നിയമാനുസരണം ലഭിക്കുന്ന ഓരോ വർഷത്തെയും നിശ്ചിത ക്ലിനിക്കൽ അവറിൽ മാത്രമാണ്‌ വാർഡുകളിലോ ലാബുകളിലോ പോകാനാവൂ. അതല്ലാതെ അധ്യാപകർക്കോ മാനേജ്മെന്റിനോ ഇവരെ പ്രാക്ടിക്കലിനായി അയക്കാൻ കഴിയില്ല. വാർഡ്‌ ഇൻചാർജ്ജ്‌ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവേശിക്കാൻ പോലും കുട്ടികൾക്ക്‌ അനുവാദമില്ല.
കളക്ടറുടെ ഉത്തരവ്‌ പ്രകാരം നിയോഗിക്കാൻ വിധിക്കപ്പെടുന്നവരുടെ ക്ലിനിക്കൽ അവർ കാലാവധിയും തീർന്നവരാണ്‌. ഇങ്ങനെയുള്ളവർക്ക്‌ നാലാം വർഷം പൂർത്തിയാക്കി പരീക്ഷയും രജിസ്ട്രേഷനും കഴിയാതെ രോഗീപരിചരണത്തിനോ വാർഡ്‌ നിരീക്ഷണത്തിനോ നിയമപരമായി സാധിക്കില്ല. രജിസ്ട്രേഷൻ പൂർത്തിയായവരായാലും വാർഡ്‌ ഇൻചാർജിന്റെ മേൽനോട്ടത്തിലല്ലാതെ ഒരു പ്രവർത്തിയിലും ഏർപ്പെടാൻ പാടില്ല. കളക്ടറുടെ ഉത്തരവനുസരിച്ച്‌ ജോലിക്ക്‌ ഹാജരാകാത്ത നഴ്സിങ്‌ വിദ്യാർഥികളെ സസ്പെന്റ്‌ ചെയ്യുമെന്നാണ്‌ കളക്ടറുടെ ഉത്തരവിനെ ഉദ്ധരിച്ച്‌ മാനേജ്മെന്റുകൾ പറയുന്നത്‌.
നിയമവിരുദ്ധമായി ജോലിക്ക്‌ കയറുന്നവരുടെ ഭാവിയാവും പിന്നീട്‌ അവതാളത്തിലാവുകയെന്ന്‌ യുഎൻഎസ്‌എ സംസ്ഥാന പ്രസിഡന്റ്‌ എം യു വിഷ്ണുവും ജനറൽ സെക്രട്ടറി സി പി ആഷികും പറഞ്ഞു. തങ്ങളുടെ മാതൃസംഘടനയായ യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷൻ കേരളത്തിൽ ഒരിടത്തും 17 മുതൽ സമരം പ്രഖ്യാപിച്ചിട്ടില്ല. ജില്ലാ കേന്ദ്രങ്ങളിൽ നേരത്തെയുള്ള പ്രക്ഷോഭങ്ങളാണ്‌ തുടരുന്നത്‌. 19ലെ ഹൈക്കോടതി മധ്യസ്ഥ ചർച്ചയ്ക്ക്‌ ശേഷം ഉചിതമായ തീരുമാനങ്ങളുണ്ടായില്ലെങ്കിൽ നഴ്സുമാരുടെ സമരകേന്ദ്രങ്ങളിലേക്ക്‌ നഴ്സിങ്‌ വിദ്യാർഥികളുടെ ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തുമെന്നും വിദ്യാർഥി നേതാക്കൾ അറിയിച്ചു.
അതേസമയം, പരിശീലനവും രജിസ്ട്രേഷനും പൂർത്തിയാവാത്ത തങ്ങളുടെ മക്കളെ ജോലിക്ക്‌ നിയോഗിക്കുന്നതിൽ നിന്ന്‌ ഒഴിവാക്കണമെന്ന്‌ യുഎൻപിഎ ഭാരവാഹികളും പറഞ്ഞു. അത്തരം ആപ്തകരമായ രീതിയിലേക്കാണ്‌ കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകുന്നതെങ്കിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രക്ഷിതാക്കൾ മുന്നറിയിപ്പ്‌ നൽകി.
രജിസ്ട്രേഷൻ പൂർത്തിയാവാത്ത നഴ്സിങ്‌ വിദ്യാർഥികളെ ഡ്യൂട്ടിക്ക്‌ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിച്ച്‌ രോഗികളുടെ ജീവന്‌ വിലകൽപിക്കണമെന്ന്‌ യുഎൻഎയുടെ അധ്യാപക വിഭാഗമായ യുഎൻഎഫ്‌എ സംസ്ഥാന പ്രസിഡന്റ്‌ ജിബിൻ എസ്‌ ബാബു, ജനറൽ സെക്രട്ടറി ബി അസീം എന്നിവരും പറഞ്ഞു. കൃത്യമായ ക്ലിനിക്കൽ സർവ്വീസുകൾ കിട്ടുന്നുണ്ടോയെന്ന്‌ ഭരണകൂടം പരിശോധിക്കണം. ആദ്യവർഷ വിദ്യാർഥിയെ വരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കാനാണ്‌ നീക്കം. ഇവർക്ക്‌ പരിശീലനം കിട്ടാത്ത അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്ന ഘട്ടത്തിൽ ഉണ്ടായേക്കാവുന്ന കുത്തിവപ്പ്‌ സമയത്തുണ്ടാവുന്ന മുറിവുകൾ മാരക രോഗങ്ങൾ പകരാൻ കാരണമാകുമെന്നും ഇരുവരും പറഞ്ഞു.


നഴ്സുമാരുടെ സമരം നേരിടാൻ ജില്ലാഭരണകൂടം നഴ്സിംഗ്‌ വിദ്യാർഥികളെ ആശുപത്രികളിൽ വിന്യസിക്കാൻ ഉത്തരവ്‌

കണ്ണൂർ: ജില്ലയിൽ പതിനെട്ട്‌ ദിവസമായി നടന്നുവരുന്ന നഴ്സുമാരുടെ സമരം നേരിടാൻ കർശന നടപടികളുമായി ജില്ലാഭരണകൂടം. ഇന്ന്‌ മുതൽ അഞ്ച്‌ ദിവസത്തേക്ക്‌ ജില്ലയിലെ നഴ്സിംഗ്‌ കോളജുകളിൽ അധ്യയനം നിർത്തണമെന്നും ഒന്നാം വർഷ വിദ്യാർഥികൾ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന ആശുപത്രികളിലേക്ക്‌ ജോലിക്കായി വിന്യസിക്കണമെന്നും നിർദ്ദേശിച്ച്‌ ഇന്ത്യൻ പീനൽ കോഡിലെ 144ാ‍ം വകുപ്പ്‌ പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടു.
പനി പടരുന്ന സാഹചര്യത്തിലാണ്‌ ഈ തീരുമാനം. അടിയന്തരസാഹചര്യം നേരിടുവാൻ നഴ്സുമാർ സമരം നടത്തുന്ന ആശുപത്രികൾക്ക്‌ പൊലീസ്‌ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. വിദ്യാർഥികളെ ആശുപത്രികളിലേക്ക്‌ അയക്കാൻ കോളജ്‌ പ്രിൻസിപ്പൽമാർക്ക്‌ കളക്ടർ നിർദ്ദേശം നൽകി. എട്ട്‌ നഴ്സിംഗ്‌ കോളജുകൾക്കാണ്‌ നിർദ്ദേശം നൽകിയത്‌. ദിവസം 150 രൂപ വിദ്യാർഥികൾക്ക്‌ പ്രതിഫലം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്‌. ഭക്ഷണവും, വാഹനസൗകര്യവും ശമ്പളവും ആശുപത്രി മാനേജ്മെന്റ്‌ നൽകണം. കുട്ടികൾ കോളജിൽ നിന്ന്‌ ആശുപത്രിയിലേക്ക്‌ പോകുമ്പോൾ പൊലീസ്‌ സംരക്ഷണം നൽകണം. ആശുപത്രികൾക്കും പൊലീസ്‌ സംരക്ഷണം നൽകണം.
അധ്യാപകർ ഹോസ്പിറ്റലിൽ വിദ്യാർഥികൾക്ക്‌ മാർഗനിർദ്ദേശം നൽകുകയും ഓരോ ദിവസവും കളക്ടർക്ക്‌ റിപ്പോർട്ട്‌ നൽകുകയും വേണം. ജോലിക്ക്‌ വരാത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കിൽ കോഴ്സിൽ നിന്ന്‌ പിരിച്ചുവിടുകയും ചെയ്യണമെന്നും ഉത്തരവുണ്ട്‌.
നഴ്സുമാർ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യസംവിധാനങ്ങളെ തകർക്കുന്ന അവസ്ഥയിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തിലാണ്‌ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന്‌ ഇത്‌ സംബന്ധിച്ച ഉത്തരവിൽ പറയുന്നുണ്ട്‌. ഉത്തരവ്‌ നടപ്പാക്കുന്നതിന്‌ തടസ്സം നിൽക്കുന്നവർക്കെതിരെ ഐ പി സി-സി ആർ പി സി വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ഉത്തരവിൽ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്‌. സാധാരണഗതിയിൽ സംഘർഷ സാഹചര്യങ്ങളെ നേരിടുവാനാണ്‌ കളക്ടർമാർ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്‌.അതേ സമയം ചികിത്സയെ കുറിച്ചും പരിശോധനയെ കുറിച്ചും പ്രായോഗിക വിവരമില്ലാത്ത വിദ്യാർഥികളുടെ കയ്യിൽ രോഗികളെ ഏൽപ്പിക്കുന്നത്‌ അപകടകരമായിരിക്കുമെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്‌.
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്നാണ്‌ സംഘടനകളുടെ ആവശ്യം. സർക്കാർ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 17000 രൂപ വരെ നൽകണമെന്ന്‌ തീരുമാനമായിരുന്നുവെങ്കിലും അത്‌ അംഗീകരിക്കാനാവില്ലെന്നാണ്‌ സംഘടനകൾ വ്യക്തമാക്കിയത്‌. നിലവിൽ കൊയിലി, അശോക, ധനലക്ഷ്മി, ആശിർവാദ്‌, കിംസ്റ്റ്‌, സ്പെഷ്യാലിറ്റി, പയ്യന്നൂരിലെ സബ, അനാമിക, തളിപ്പറമ്പിലെ ലുർദ്ദ്‌ എന്നീ ഒമ്പത്‌ ആശുപത്രികളിലാണ്‌ സമരം നടക്കുന്നത്‌.