സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കണം: കെ ഇ ഇസ്മായില്‍

June 16 01:57 2017

 

ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ മക്കളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് സി പി ഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ പറഞ്ഞു. എ ഐ വൈ എഫ്, എ ഐ എസ് എഫ് നേതൃത്വത്തില്‍ ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന സി കെ ചന്ദ്രപ്പന്‍ വിദ്യാഭ്യാസ മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം സര്‍ക്കാര്‍ സ്‌കൂളുകളിലേയും അധ്യാപകര്‍ മക്കളെ സ്വകാര്യവിദ്യാലയങ്ങളിലാണ് പഠിപ്പിക്കുന്നത്. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന സന്ദേശം സമൂഹത്തിന് നല്‍കും. പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനെ ഇത്തരം നടപടികള്‍ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ കാര്യക്ഷമമായി. സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനിക വല്‍ക്കരിച്ചും മലയാളം നിര്‍ബന്ധിതമാക്കിയും സര്‍ക്കാര്‍ മാതൃക കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ എസ് ജയന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ബി നസീര്‍ അധ്യക്ഷനായി. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എന്‍ സുകുമാരപിള്ള, പി വി സത്യനേശന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി കൃഷ്ണപ്രസാദ്, വിപ്ലവ ഗായിക പി കെ മേദിനി, എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈന്‍, ജില്ലാ സെക്രട്ടറി ടി ടി ജിസ്‌മോന്‍, പ്രസിഡന്റ് അഡ്വ. സി എ അരുണ്‍കുമാര്‍, വി എം ഹരിഹരന്‍, ഇ ഇസഹാക്ക്, എം കണ്ണന്‍, ഷെമീറ ഹാരിസ്, ബി ഷംനാദ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. ജെഫിന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ പ്ലസ്ടുവിനും എസ് എസ് എല്‍ സിയ്ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയും ഓര്‍ഫനേജുകളില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവേയും കേരള സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ വിജയിച്ച എ ഐ എസ് എഫ് നേതാക്കളേയും ആദരിച്ചു.

  Categories:
view more articles

About Article Author