Monday
16 Jul 2018

സാംസ്‌ക്കാരിക ലോകം മറന്ന സെബീനാ റാഫി

By: Web Desk | Friday 4 August 2017 11:17 AM IST

 
അജിത്കുമാര്‍ ഗോതുരുത്ത് 
മലയാള സാംസ്‌ക്കാരിക ലോകം വിസ്മരിച്ച ഒരു പേരാണ് സെബീനാ റാഫിയുടേത്. ഗ്രന്ഥകാരി എന്ന നിലയിലും ചരിത്ര ഗവേഷക എന്ന നിലയിലും ശ്രദ്ധേയമായ സംഭാവന നല്‍കിയ സാഹിത്യകാരിയായിരുന്നു സെബീനാറാഫി. എറണാകുളം ജില്ലയിലെ വടക്കേ അറ്റത്തുള്ള ‘ഗോതുരുത്ത്’ ഗ്രാമവും ചവിട്ടുനാടകമെന്ന കലാരൂപവും തമ്മില്‍ രക്തത്തിലലിഞ്ഞ ഒരു ബന്ധമുണ്ട്. നൂറ്റാണ്ടുകളായി പരമ്പരാഗതമായി കൈമാറി വരുന്നതുമാണ്. തീരഗ്രാമങ്ങളില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ കളികളുമായി നിലനിന്നിരുന്ന ”ചവിട്ടുനാടകത്തില്‍ വേദിയും അംഗീകാരവും ചരിത്രവും സെബീന ടീച്ചറോട് കടപ്പെട്ടിരിക്കുന്നു.
1924 ഗോതുരുത്തില്‍ മനക്കില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളായി ജനിച്ച സെബീന ടീച്ചര്‍ സാമൂഹ്യരംഗത്തും സാംസ്‌കാരികരംഗത്തും സജീവമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തരബിരുദവും ബിഎഡ് ബിരുദവും കരസ്ഥമാക്കിയിരിക്കുന്നു. കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളജ്, മദ്രാസ് സ്റ്റെല്ലമേരീസ് കോളജ്, പോര്‍ട്ടുകൊച്ചി സാന്റാക്രൂസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
1963ല്‍ പ്രശസ്ത സാഹിത്യകാരന്‍ ”പോഞ്ഞിക്കര റാഫിയുമായുള്ള വിവാഹത്തോടെ പോഞ്ഞിക്കരയിലെ ”ആര്‍ക്ക്’ എന്ന വീട്ടിലേക്ക് കൂടുമാറ്റം. പിന്നീട് ഈ സാഹിതി ദമ്പതികള്‍ നല്‍കിയ സേവനം മലയാള സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാണ്. റാഫിയുമായുള്ള വിവാഹത്തിനു മുമ്പ് തന്നെ ”സാഹിത്യ ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തിയ ആളായിരുന്നു സെബീന ടീച്ചര്‍. ”ക്രിസ്തുമസ് സമ്മാനം” എന്ന കൃതിയും ചവിട്ടുനാടകം എന്ന പഠനഗവേഷണ ഗ്രന്ഥവും മുമ്പേതന്നെ രചിച്ചിരുന്നു. റാഫിയുമായി ചേര്‍ന്ന് കലിയുഗവും, ശുക്രദശയുടെ ചരിത്രം’ എന്ന ചരിത്രപഠന ഗ്രന്ഥവും രചിച്ചു. കലിയുഗത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കേരള ചരിത്രത്തെപ്പറ്റി പഠിച്ചുകൊണ്ടിരിക്കെയാണ് ”ചവിട്ടുനാടകം” എന്ന കലാരൂപം ശ്രദ്ധയില്‍പ്പെട്ടത് എന്ന് സെബീന ടീച്ചര്‍ ചവിട്ടുനാടകത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പോര്‍ച്ചുഗീസ് മിഷനറിമാര്‍ മലയാളക്കരയ്ക്ക് നല്‍കിയ ഒരു കലാരൂപമാണ് ചവിട്ടുനാടകം. കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള തീരദേശങ്ങളില്‍ ചവിട്ടുനാടകം ഒരു ജനകീയ കലയായി വളര്‍ന്നു വികസിച്ചു. തെക്കന്‍ മേഖലയിലെയും വടക്കന്‍ മേഖലയിലേയും ചവിട്ടുനാടകത്തിന് അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇതുസംബന്ധിച്ച ഒരു പഠനഗ്രന്ഥം സെബീന റാഫിയുടെ ‘ചവിട്ടുനാടക’ത്തിന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. അടുത്തകാലത്തായി ഫാ. ജോസഫ് വലിയ വീട്ടില്‍ ചില ശ്രമങ്ങളൊഴിച്ചാല്‍ ഏതാണ്ട് നാല്‍പതിലധികം കൃതികളുണ്ടെങ്കിലും ഒരു കൃതിപോലും അച്ചടി മഷി പുരണ്ടിട്ടില്ല.
ചവിട്ടുനാടകം എന്ന ഗ്രന്ഥത്തിന്റെ പിന്നിലും പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു. ചവിട്ടുനാടകം ആരംഭിച്ച 16-ാം നൂറ്റാണ്ടുകാലം മുതല്‍ ഗോതുരുത്ത് പാരമ്പര്യമായി ഈ കലാരൂപത്തെ പിന്‍തുടരുന്നുണ്ടായിരുന്നു. ഇന്നും കേരളത്തിലെ സജീവമായ രണ്ട് സമിതികള്‍ ഗോതുരുത്തിലുണ്ട്. കേരള ചവിട്ടുനാടക അക്കാദമിയും യുവജനകലാസമിതിയും.
1956 ജൂലൈ ലക്കത്തില്‍ സാഹിത്യപരിഷത്ത് മാസികയില്‍ ചവിട്ടുനാടകം എന്ന പേരില്‍ ഒരു ലേഖനം ടീച്ചര്‍ പ്രസിദ്ധപ്പെടുത്തി. മഹാകവി വള്ളത്തോള്‍ അടക്കമുള്ള കലാപ്രേമികളുടെ ശ്രദ്ധയില്‍പ്പെട്ട ഈ ലേഖനം തുടര്‍ന്ന് 1957ലെ കോട്ടയം സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ ഗോതുരുത്തിലെ ചവിട്ടുനാടകസംഘം ‘വീരകുമാരന്‍’ എന്ന നാടകത്തിലെ ഭാഗം അരമണിക്കൂര്‍ അവതരിപ്പിച്ചു. അന്നത്തെ ആള്‍ ഇന്ത്യ റേഡിയോ ഡയറക്ടര്‍ ജനറല്‍ ജെ സി മാത്തൂര്‍, എഐആര്‍ ഡ്രാമ പ്രൊഡ്യൂസര്‍ ആദിരംഗാചാര്യ, മറാഠി സാഹിത്യകാരന്‍ മാമാവരേക്കര്‍, ബംഗാളി നാടകകൃത്ത് സച്ചിന്‍ സെന്‍ഗുപ്ത, ഗുരു ഗോപിനാഥ് തുടങ്ങിയ പ്രമുഖര്‍ ചവിട്ടുനാടകത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുകയുണ്ടായി. ടീച്ചറിന്റെ പ്രവര്‍ത്തനം സജീവമാകുന്നതിന് ഇത് സഹായിച്ചു. 1959ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനത്തെത്താന്‍ ചവിട്ടുനാടകത്തിന് കഴിഞ്ഞു. തുടര്‍ന്ന് ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനപരിപാടിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചവിട്ടുനാടകം അരങ്ങേറി. പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ നേതാക്കളുടെ മുമ്പില്‍ അവതരിപ്പിച്ചു. ഈ കലാരൂപത്തെ 1959-ല്‍ ഡല്‍ഹിയുടെ വിദ്യുത്‌സദസില്‍ എത്തിക്കുന്നതില്‍ സെബീന ടീച്ചര്‍ സഹിച്ച ത്യാഗവും സേവനവും ഓരോ കലാകാരന്മാരുടെ തലമുറയും ഇന്നും ഓര്‍ക്കുന്നു. ഡല്‍ഹിയില്‍ ചവിട്ടുനാടകം അവരിപ്പിച്ചപ്പോള്‍ കാറല്‍സ്മാന്‍ നാടകത്തിലെ ”റോള്‍ദോന്റെ തൊപ്പി” പണ്ഡിറ്റ് ജവഹര്‍ലാല്‍ തലയില്‍ എടുത്തുവയ്ക്കുകയുണ്ടായി. മനീക്ക് മനക്കില്‍ എന്ന നടനാണ് റോള്‍ദോനായി വേഷം ഇട്ടത്. ചവിട്ടുനാടകത്തിലെ തൊപ്പി നെഹ്രു അണിഞ്ഞുനില്‍ക്കുന്ന രംഗം വികാരവായ്‌പ്പോടെ മാത്രമേ ഓര്‍ത്തെടുക്കാനാവൂ.
ഡല്‍ഹിയില്‍ വച്ച് ലൈഫ്, ടൈം തുടങ്ങിയ വിദേശ പത്രപ്രതിനിധികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന നിലയിലാണ് ടീച്ചര്‍ ‘ചവിട്ടുനാടകം’ എന്ന പഠനഗ്രന്ഥം എഴുതിയത്. 1964ല്‍ ഒന്നാം പതിപ്പും 1980ല്‍ രണ്ടാം പതിപ്പും 2010ല്‍ മൂന്നാം പതിപ്പും ഈ പുസ്തകത്തിനായി.
എന്‍ എസ് മാധവന്റെ ലത്തന്‍ബത്തേരിയിലെ ലുത്തിനീയകള്‍ എന്ന നോവലില്‍ ചവിട്ടുനാടക സംഘത്തിന്റെ ഡല്‍ഹിയാത്ര വിശേഷങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. പോഞ്ഞിക്കരക്കാര്‍ ഡല്‍ഹിയില്‍ പോയതാണ് നോവലില്‍ വിവരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗോതുരുത്ത് സംഘമാണ് ഡല്‍ഹിയില്‍ പോയത്. സേതുവിന്റെ മറുപിറവിയിലും ഗോതുരുത്തിലെ ചവിട്ടുനാടക വിശേഷങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ചവിട്ടുനാടക ചരിത്രത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സെബീന ടീച്ചറുടെ സാഹിതീസേവനം.
സാധാരണക്കാരുടെ ജീവിതകഥകള്‍ കൂട്ടിയിണക്കിയ ‘ക്രിസ്തുമസ് സമ്മാനം’ എന്ന ചെറുകഥാ സമാഹാരം അതിന് തെളിവുനല്‍കുന്നു. 1963 മുതല്‍ 1990 വരെ റാഫിയുമൊത്തുള്ള ജീവിതം മുഴുനീള ഗവേഷണത്തിന്റെയും പഠനത്തിന്റെയുമായിരുന്നു. കലിയുഗവും ശുക്രദശയുടെ ചരിത്രവും ആ ദമ്പതികളുടെ ജീവിതവല്ലരിയില്‍ വിരിഞ്ഞ സാഹിത്യ സന്തതികളായിരുന്നില്ല. ഈ പുസ്തകങ്ങളൊക്കെ സ്വത്തിന്റെയോ അധികാരത്തിന്റെയോ തര്‍ക്കത്തില്‍പ്പെട്ട് പുതിയ പതിപ്പുകള്‍ ഇല്ലാതായത് സാംസ്‌കാരിക കേരളത്തിന്റെ നഷ്ടമാണ്. സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പോ,ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടോ മുന്‍കൈയെടുത്ത് ഈ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. ജൂണ്‍ 22ന് ടീച്ചര്‍ വിടവാങ്ങിയിട്ട് 27 വര്‍ഷം കഴിഞ്ഞു.