സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം യുവാക്കളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനം

സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം യുവാക്കളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനം
March 20 04:45 2017

ന്യൂഡൽഹി: വാട്സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം യുവാക്കളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠന റിപ്പോർട്ട്‌.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത്‌ ആന്റ്‌ ന്യൂറോ സയൻസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.
സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം യുവാക്കളിൽ ഉറക്കകുറവ്‌ സൃഷ്ടിക്കുന്നു. ഇത്‌ ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഹൃദ്രോഗം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇക്കൂട്ടർ ഉറങ്ങുന്നത്‌ ശരാശരി 100 മിനിട്ട്‌ വൈകിയാണ്‌. രാവിലെ ഉണരുന്നത്‌ ഒരു മണിക്കൂറിലധികം വൈകിയാണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഉറങ്ങാനായി പോയാലും ഇതിനിടെ നാല്‌ തവണയിലധികം ഫോൺ പരിശോധിക്കുന്നു. അതുകൊണ്ടുതന്നെ ഇവർക്ക്‌ ശാന്തമായ ഉറക്കം ലഭിക്കുന്നുമില്ല.
ഉറക്കമില്ലായ്മ, ഉറക്കത്തിന്റെ ദൈർഘ്യ കുറവ്‌ തുടങ്ങിയവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇക്കൂട്ടരുടെ മാനസിക ആരോഗ്യത്തിലും കുറവ്‌ സംഭവിക്കുന്നതായും റിപ്പോർട്ടിലുണ്ട്‌. ഗുഡ്ഗാവ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശുപത്രി അധികൃതർ നടത്തിയ പഠനത്തിലാണ്‌ വളരെ ഗുരുതരമായ കണ്ടെത്തൽ ഉണ്ടായത്‌.
യുവാക്കൾക്കിടയിലുണ്ടാകുന്ന ഹൃദയാഘാതങ്ങളിൽ 90 ശതമാനവും ഉറക്കമില്ലായ്മ കാരണമാണ്‌. വാട്സ്‌ ആപ്പ്‌ ഉപയോഗിക്കുന്നവരിൽ 58.5 ശതമാനംപേരും ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവരിൽ 32.6 ശതമാനപേരും ഉറക്കം നഷ്ടപ്പെടുത്തുന്നവരാണെന്ന്‌ മാനസികാരോഗ്യ വിദഗ്ധനായ മനോജ്‌ ശർമ്മ വ്യക്തമാക്കുന്നു. കൂടാതെ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നതിനൊപ്പം സ്മാർട്ട്‌ ഫോണുകളും ഉപയോഗിക്കുന്നവരാണ്‌ ഭൂരിഭാഗം പേരും. കൂടാതെ വൈകി ഉറങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ടിലൈഡ്‌ സ്ലീപ്പ്‌ ഫേസ്‌ സിൻഡ്രോം എന്ന രോഗംബാധിച്ച്‌ എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്രീ ബാലാജി മോഡിക്കൽ കോളജിലെ ന്യൂറോ വിഭാഗം വിദഗ്ധൻ ഡോ സുരേഷ്‌ കുമാർ വ്യക്തമാക്കുന്നു.
ആരോഗ്യമുള്ള ഒരാൾ രാത്രി പത്ത്‌ മണിക്ക്‌ ഉറങ്ങി രാവിലെ ആറ്‌ മണിക്ക്‌ എഴുന്നേൽക്കും. എന്നാൽ സാമൂഹ്യ മാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ പുലർച്ചെ മൂന്ന്‌ മണിക്ക്‌ ഉറങ്ങി പകൽ പതിനൊന്നിനാണ്‌ എഴുന്നേൽക്കുന്നത്‌. മുതിർന്നവർ മാത്രമല്ല കുട്ടികളും ഇക്കാര്യത്തിൽ ഭിന്നരല്ല. ഇത്തരത്തിലുള്ള ജീവിത ശൈലി തുടരുന്നവർക്ക്‌ തൊഴിൽ സ്ഥലങ്ങളിൽ ഉറക്കച്ചടവും അമിതമായ ക്ഷീണവും അനുഭവപ്പെടുന്നു. ഇതിന്റെ ഭാഗമായി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.

  Categories:
view more articles

About Article Author