സിനിമയിൽ പാടാൻ ഇപ്പോഴും ആഗ്രഹം: ബി വസന്ത

സിനിമയിൽ പാടാൻ ഇപ്പോഴും ആഗ്രഹം: ബി വസന്ത
October 21 04:45 2016

കോഴിക്കോട്‌: തനിക്ക്‌ മലയാളസിനിമയിൽ പാടാൻ ഇപ്പോഴും ആഗ്രഹമുണ്ടെന്നും പാട്ടുകൾ കിട്ടിയാൽ ഇനിയും പാടുമെന്നും പ്രസിദ്ധ ഗായിക ബി വസന്ത. അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ നല്ല പോലെ പാട്ടുകൾ പാടിയെങ്കിലും പിന്നീട്‌ അവസരങ്ങൾ നിലയ്ക്കുകയായിരുന്നുവെന്നും എട്ട്‌ ഭാഷകളിലായി ഏഴായിരത്തോളം ഗാനങ്ങൾ പാടിയ അവർ പറഞ്ഞു. കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്ബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു വസന്ത. മലയാളത്തിൽ പാടിയ പാട്ടുകൾ എല്ലാം ഇഷ്ടമാണ്‌. എല്ലാ പാട്ടും സ്വന്തം കുട്ടികളെപ്പോലെയാണ്‌. അതിനാൽ ഏത്‌ പാട്ടാണ്‌ ഏറെ ഇഷ്ടപ്പെട്ടതെന്ന്‌ എടുത്ത്‌ പറയാനാവില്ലെന്നും ബി വസന്ത പറഞ്ഞു.
മലയാളത്തിലെ പ്രഗത്ഭരായ രണ്ട്‌ ഡസനിലേറെ സംഗീതസംവിധായകർക്കായി ഗാനങ്ങൾ ആലപിച്ചു. ‘കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും’, ‘യവനസുന്ദരീ’, ‘വധൂവരൻമാരേ’, നീർവല്ലികൾ പൂത്തു.. തുടങ്ങി എത്രയോ മനോഹരങ്ങളായ ഗാനങ്ങൾ വസന്ത മലയാളത്തിനായി പാടി. പക്ഷെ, കാര്യമായ പുരസ്കാരങ്ങളൊന്നും തേടിയെത്തിയില്ല. കമുകറ പുരസ്കാരവും മാക്ട അവാർഡും മാത്രമാണ്‌ ഈ ഗായികയ്ക്ക്‌ കേരളം സമ്മാനിച്ചത്‌. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിന്റെ പരിഗണനാ ലിസ്റ്റിൽ ഒരിക്കൽ പോലും വസന്തയുടെ പേര്‌ വന്നില്ല. തന്റെ പാട്ടുകൾ നല്ലതല്ലെന്നുണ്ടെങ്കിൽ അവാർഡ്‌ നിരാസത്തിന്‌ ന്യായീകരണമാവുമെന്ന്‌ വസന്ത വേദന ഉള്ളിലൊതുക്കി പറഞ്ഞു. തിരുവനന്തപുരം സെനറ്റ്‌ ഹാളിൽ പരിപാടിയ്ക്കിടെ തനിക്ക്‌ സമ്മാനിച്ച മെമന്റോയാണ്‌ മലയാളത്തിൽ ലഭിച്ച ആദ്യത്തെ സ്നേഹോപഹാരമെന്നും അവർ പറഞ്ഞു.

Image Courtesy: ml.wikipedia.org 

  Categories:
view more articles

About Article Author