സിനിമാ പ്രതിസന്ധി തുടരും: തീയേറ്ററുകളിൽ ഇനി അന്യഭാഷാ ചിത്രങ്ങൾ മാത്രം

സിനിമാ പ്രതിസന്ധി തുടരും: തീയേറ്ററുകളിൽ ഇനി അന്യഭാഷാ ചിത്രങ്ങൾ മാത്രം
December 30 04:45 2016

കൊച്ചി: മലയാള ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയും തീയേറ്റർ ഉടമകളുടെ സംഘടനയും തമ്മിലുള്ള തർക്കത്തിന്‌ പരിഹാരമായില്ല. മലയാള സിനിമ പ്രദർശിപ്പിക്കുമ്പോൾ ലഭിക്കേണ്ടുന്ന വരുമാന വിഹിതത്തെക്കുറിച്ചുള്ള നിലപാടിൽ യാതൊരു മാറ്റമില്ലെന്നും തീയേറ്ററുകൾ അടച്ചിടാതെ അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിർബന്ധിതരാകുമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ തീയേറ്റർ ഉടമകളിൽ 97 ശതമാനം പേരും പങ്കെടുത്ത ഫെഡറേഷന്റെ ജനറൽ ബോഡിയോഗം ഐകകണ്ഠേനയാണ്‌ വിഹിതം. 50:50 ശതമാനമായി ഉയർത്താതെ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന്‌ തീരുമാനിച്ചതെന്ന്‌ സെക്രട്ടറി ഷാജു അക്കര പറഞ്ഞു. പഴയ വ്യവസ്ഥകൾ പ്രകാരം ഇനി സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയില്ല. ചെലവുകൾ വർധിച്ചു. അതിനാൽ കാലങ്ങളായി തുടർന്നുവരുന്ന 60:40 എന്ന വിഹിതത്തിന്‌ മാറ്റം വരുത്തി 50 ശതമാനമായി ഉയർത്തിയില്ലെങ്കിൽ മലയാള സിനിമ പ്രദർശിപ്പിക്കില്ല. തങ്ങളുടെ തീരുമാനത്തോട്‌ യോജിക്കുന്ന ഏതു നിർമ്മാതാവിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തയ്യാറാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. തീയേറ്ററുകൾ അടച്ചിട്ട്‌ ഒരു പ്രതിസന്ധി സൃഷ്ടിക്കാതെ ഇതരഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മാളുകളിലെ മൾട്ടി പ്ലക്സ്‌ തീയേറ്ററുകൾക്ക്‌ ഇളവുകൾ നൽകുകയും കാലങ്ങളായി സിനിമകൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന തീയേറ്ററുകളോട്‌ കൂടുതൽ തുക ഈടാക്കുകയും ചെയ്യുന്ന ഇരട്ടനീതി അംഗീകരിക്കാനാവില്ല. പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ജി സുരേഷ്കുമാറിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളാണ്‌ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയതെന്നും നേതാക്കൾ പറഞ്ഞു. തീയേറ്ററുകളിൽ പ്രദർശനം നടക്കുന്ന ചിത്രങ്ങൾ പിൻവലിക്കാനുള്ള നിർമ്മാതാക്കളുടെ തീരുമാനം അനുചിതമാണെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളാണ്‌ ഉണ്ടാവേണ്ടതെന്നും പ്രസിഡന്റ്‌ ലിബർട്ടി ബഷീർ പറഞ്ഞു. തന്നെ വ്യക്തിഹത്യ നടത്തി മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ്‌ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author