സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു: എ ക്ലാസ്‌ തീയേറ്ററുകൾ അടച്ചിടും

സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു: എ ക്ലാസ്‌ തീയേറ്ററുകൾ അടച്ചിടും
January 11 04:45 2017

കൊച്ചി: സിനിമാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. നാളെ മുതൽ സംസ്ഥാനത്തെ എ ക്ലാസ്‌ തീയേറ്ററുകൾ അടച്ചിടും.
ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയും തീയേറ്റർ ഉടമകളുടെ സംഘടനയും തമ്മിൽ വിഹിതം വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ കഴിയാത്തതിനാലാണ്‌ കൊച്ചിയിൽ ചേർന്ന കേരള ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ ജനറൽ ബോഡിയോഗം തിയേറ്ററുകൾ അടച്ചിട്ടുകൊണ്ട്‌ സമരം ശക്തമാക്കാൻ തീരുമാനിച്ചത്‌.
സർക്കാർ ചർച്ചയ്ക്ക്‌ വിളിച്ചാൽ പങ്കെടുക്കുമെന്നും പ്രശ്നപരിഹാരത്തിന്‌ പരമാവധി വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറായിരുന്നുവെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീർ പറഞ്ഞു. കാലങ്ങളായി റിലീംസിംഗ്‌ തിയേറ്ററുകൾക്ക്‌ 60:40 അനുപാതത്തിലാണ്‌ വിഹിതം നിർമ്മാതാക്കൾ നൽകികൊണ്ടിരിക്കുന്നത്‌. ഇത്‌ 50:50 അനുപാതത്തിലാക്കണമെന്നായിരുന്നു തീയേറ്റർ ഉടമകളുടെ ആവശ്യം.
എന്നാൽ യാതൊരു കാരണവശാലും വിഹിതം വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന്‌ നിർമ്മാതാക്കളുടെ സംഘടന പിടിവാശിയിലായപ്പോൾ മലയാള ചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ച്‌ അന്യഭാഷാ ചിത്രങ്ങളുടെ പ്രദർശനത്തിലൂടെയാണ്‌ തീയേറ്റർ ഉടമകൾ തിരിച്ചടിച്ചത്‌. ഇതോടെ സമരം പിൻവലിച്ചില്ലെങ്കിൽ മേലിൽ ഫെഡറേഷനുകീഴിലുള്ള തീയേറ്ററുകൾക്ക്‌ സിനിമകൾ നൽകില്ലെന്ന്‌ അന്ത്യശാസനവും നിർമ്മാതാക്കൾ നൽകി.
ഇതിനിടയിൽ നടന്ന ഒത്തുതീർപ്പ്‌ ചർച്ചകളും പരിഹാരം കണ്ടില്ല. കൂടാതെ അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെതിരെ ശക്തമായ സമരം നടത്തുമെന്ന യുവജനസംഘടനകളുടെ പ്രഖ്യാപനവും കണക്കിലെടുത്താണ്‌ വിഹിതം വർദ്ധിപ്പിച്ചു നൽകുന്നതു വരെ തീയേറ്ററുകൾ അടച്ചിടാൻ ഫെഡറേഷൻ തീരുമാനിച്ചിട്ടുള്ളത്‌. ഇതുവഴി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭിക്കുന്ന നികുതിയും ഇല്ലാതാകും.
ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ കീഴിൽ സംസ്ഥാനത്ത്‌ 356 തീയേറ്ററുകളാണ്‌ നിലവിലുള്ളത്‌. തീയേറ്ററുകൾ അടച്ചിടുന്നതു വഴി ഈ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്കും തൊഴിൽ നഷ്ടമാകും.

  Categories:
view more articles

About Article Author