സിനിമാ ലോകത്തെ പുതിയ വിശേഷങ്ങൾ

സിനിമാ ലോകത്തെ പുതിയ വിശേഷങ്ങൾ
March 19 04:45 2017

ഒരു താരം ഉദയമാകിറത്‌
ആന്റണി ഇന്ന്‌ നാലാൾ അറിയുന്ന കോൺട്രാക്ടറും കാശുകാരനുമാണെങ്കിലും ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും ഒരു ഭൂതകാലം അയാൾക്കുണ്ടായിരുന്നു. കിട്ടുന്ന കാശ്‌ സുഹൃത്തുക്കൾക്കൊപ്പം ചീട്ടുകളിച്ചും മദ്യപിച്ചും കളഞ്ഞു കുളിച്ച അയാളുടെ പിതാവ്‌ കുടുംബത്തിനെന്നും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളു. ആന്റണിയുടെ മാതാവ്‌ കൂലിപ്പണി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ്‌ കുടുംബം ഒരുവിധം മുന്നോട്ടു പോയ്ക്കൊണ്ടിരുന്നത്‌. കുടുംബത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും ആന്റണി സന്തോഷം കണ്ടെത്തിയിരുന്നത്‌ സിനിമകളിലൂടെയായിരുന്നു. അച്ഛനറിയാതെ കണ്ടിരുന്ന സിനിമകൾ ആന്റണിയുടെ മനസ്സിൽ പുതിയ ലോകം തീർത്തു. പഠിപ്പ്‌ പൂർത്തിയാക്കാൻ കഴിയാതെ പലവിധ ജോലികളിലേർപ്പെട്ട ആന്റണി ചെയ്യാത്ത ജോലികളില്ല. കൊടുംവെയിലിൽ ഉടൽപൊള്ളി പണിയെടുക്കുമ്പോഴും ജീവിതത്തിൽ മുന്നേറണമെന്ന ലക്ഷ്യത്തിൽ നിന്നും ആന്റണി മാറിയില്ല. വിവാഹശേഷം അയാളുടെ ദൃഢനിശ്ചയത്തിനും സ്വപ്നങ്ങൾക്കും പിന്തുണയുമായി കൂടെനിന്ന ഭാര്യ രാജി. അമ്മയുടെ വേർപാട്‌ ആന്റണിക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു. കുഞ്ഞുനാൾ മുതൽക്കേ മനസ്സിൽ താലോലിച്ചു വളർത്തിയ സിനിമാമോഹം പൂവണിയിക്കാൻ ആന്റണി സ്വന്തമായി സിനിമ പിടിക്കുന്നു. ആ ചിത്രത്തിലെ നായകൻ മറ്റാരുമല്ല.
ഐ.എസ്‌.എസ്‌.ആന്റണിയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ്‌ ‘ഒരു താരം ഉദയമാകിറത്‌’ എന്ന തമിഴ്‌ സിനിമയുടെ പിറവി. ആന്റണി തന്നെയാണ്‌ ചിത്രത്തിലും യഥാർത്ഥ ജീവിതത്തിലെ ആന്റണിയാകുന്നത്‌.
വിപിൻദാസ്‌, മധു അമ്പാട്ട്‌ തുടങ്ങിയവരുടെ ശിഷ്യനും മുപ്പതോളം സിനിമകൾക്കു സ്വതന്ത്ര ഛായാഗ്രഹണം നിർവ്വഹിക്കുകയും ചെയ്ത ബാബു രാജേന്ദ്രനാണ്‌ ചിത്രത്തിന്റെ സംവിധായകൻ.
ഐ.എസ്‌.എസ്‌.ആന്റണി, സാമിനി, ഡൽഹി ഗണേഷ്‌, കലൈറാണി, കരാട്ടേ രാജ, തലൈവാസൽ വിജയ്‌, ആനന്ദി, കുളപ്പുള്ളി ലീല, കനകലത, എം.ആർ.ഗോപകുമാർ, ചാപ്ലിൻ ബാബു, കാർത്തിക, ശ്രീരാജ്‌, സേലം പുഷ്പ, ഗ്രേസി, രമ്യ എന്നിവരഭിനയിക്കുന്നു.
ബാനർ-ഇരുദയം ഫിലിംസ്‌, സംവിധാനം-ബാബു രാജേന്ദ്രൻ, നിർമ്മാണം-ഐ.എസ്‌.എസ്‌.ആന്റണി, രാജി ആന്റണി, തിരക്കഥ-അരുൺ അഗസ്റ്റിൻ, ഛായാഗ്രഹണം-ശ്രീരാജ്‌, കഥ-ഐ.എസ്‌.എസ്‌.ആന്റണി, ഗാനരചന-കടയൽ സത്യരാജ്‌, ചുനക്കര രാമൻകുട്ടി, സംഗീതം, പശ്ചാത്തലസംഗീതം-ബി.ആർ.കെ., ആലാപനം-കെ.എസ്‌.ചിത്ര, മധു ബാലകൃഷ്ണൻ, ദർശൻ രാമൻ, ശ്രീകാന്ത്‌, പി.ആർ.ഓ-അജയ്‌ തുണ്ടത്തിൽ, വെങ്കിട്ട്‌, കോറിയോഗ്രാഫി-ബാബു ഫുട്ട്‌ ലൂസേഴ്സ്‌, ആക്ഷൻ-ശേഖർ, കല-പ്രിൻസ്‌ തിരുവാർപ്പ്‌, ചമയം-രതീഷ്‌, വസ്ത്രാലങ്കാരം-ജിനി, പ്രൊ:മാനേജർ-ഭൂപതി, എഡിറ്റിംഗ്‌-രതീഷ്‌, ഡിസൈൻസ്‌-വെങ്കിട്ട്‌. ആർ.കെ. സ്റ്റുഡിയോ-ഫസ്റ്റ്‌ ഡിഗ്രി ഡിജിറ്റൽ (ചെന്നൈ), സ്റ്റിൽസ്‌-വിനോദ്‌.
കോയമ്പത്തൂർ, പാലക്കാട്‌, തൃശൂർ, വാളയാർ എന്നിവിടങ്ങളിലാണ്‌ ചിത്രീകരണം. ചിത്രം ഉടൻ പ്രദർശത്തിനെത്തും.


അഗല്യ
മലയാളം, തമിഴ്‌, ഹിന്ദി, തെലുങ്ക്‌, കന്നട എന്നീ ഭാഷകളിലായി ഹൊറർ മൂഡിൽ നിർമ്മിക്കുന്ന ‘അഗല്യ’-യിൽ സോണിയ അഗർവാൾ നായികയാകുന്നു. തെന്നിന്ത്യൻ ചലച്ചിത്രവേദിയിൽ ഒരുകാലത്ത്‌ മിന്നിത്തിളങ്ങിയിരുന്ന സോണിയയുടെ മടങ്ങിവരവിന്‌ വേദിയൊരുക്കുന്ന ചിത്രമെന്ന സവിശേഷതയോടെയാണ്‌ ‘അഗല്യ’ എത്തുന്നത്‌.
വിഷ്വൽ മീഡിയാരംഗത്തെ പ്രശസ്ത ബാനറായ ‘സാഗരം ഫിലിം കമ്പനി’യാണ്‌ അഗല്യ നിർമ്മിക്കുന്നത്‌. കമ്പനിയുടെ അമരക്കാരനായ ഷിജിൻലാൽ ആണ്‌ ചിത്രം നിർമ്മിച്ച്‌ സംവിധാനം ചെയ്യുന്നത്‌. നിരവധി പരസ്യചിത്രങ്ങളുടെയും വീഡിയോ ആൽബങ്ങളുടെയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിട്ടുള്ള ഷിജിൻലാൽ, ഈയടുത്ത്‌ മോഹൻലാലിനെ പ്രകീർത്തിച്ച്‌, മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ സഹകരണത്തോടെ പുറത്തിറക്കിയ ‘ടു ലാലേട്ടൻ-മലയാള സിനിമ’ എന്ന വിഡീയോ ആൽബം യുട്യൂബിൽ തരംഗമായിരുന്നു.
ഹോളിവുഡ്‌ ചിത്രങ്ങളോടു കിടപിടിക്കത്തക്കവിധത്തിൽ പുതിയ പരീക്ഷണങ്ങളുമായാണ്‌ ചിത്രമൊരുക്കുന്നത്‌. ഹൊറർ മൂഡിലുള്ള നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ ഇത്തരത്തിലൊന്ന്‌ ആദ്യത്തേതെന്നാണ്‌ അണിയറക്കാർ അവകാശപ്പെടുന്നത്‌. ചിത്രത്തിന്റെ എഡിറ്റിംഗിലും വിഷ്വൽ ഇഫക്ട്സിലുമെല്ലാം ഹോളിവുഡ്‌ സാങ്കേതികവിദഗ്ദരാണ്‌ പ്രവർത്തിക്കുന്നത്‌. ചിത്രത്തിന്റെ പൂജ ചെന്നൈ എ.വി.എം.സ്റ്റുഡിയോ ഫ്ലോറിൽ നടന്നു.
ഒരമ്മയുടെയും അവരുടെ രണ്ടു കുട്ടികളുടെയും ജീവിതത്തിലേക്ക്‌ പുറത്തുനിന്നൊരാൾ എത്തുന്നതോടെ സംഭവിക്കുന്ന മുഹൂർത്തങ്ങളാണ്‌ ചിത്രത്തിന്‌ വിഷയമാകുന്നത്‌. ചിത്രത്തിലെ ഒരു ഹൈലൈറ്റ്‌ റോളിൽ തെന്നിന്ത്യയിലെ ഒരു പ്രശസ്ത താരം അഭിനയിക്കും. സോണിയ അഗർവാളിനു പുറമേ പ്രദുന ബെന്നനഡിക്ട്‌ (ഫ്ലവേഴ്സ്‌ ചാനലിലെ കട്ടുറുമ്പ്‌ ഫെയിം പിങ്കി), ആത്മിക എന്നിവരും അഭിനേതാക്കളായെത്തുന്നു. മറ്റു താരനിർണ്ണയം നടന്നുവരുന്നു.
ബാനർ-സാഗരം ഫിലിം കമ്പനി, നിർമ്മാണം, സംവിധാനം-ഷിജിൻലാൽ, കോ-പ്രൊഡ്യൂസർ-സാജു എസ്‌.സത്യൻ, കഥ, തിരക്കഥ, സംഭാഷണം-ഷിബിൻഷാ, ഛായാഗ്രഹണം-സുരേഷ്‌ പത്മനാഭൻ, സംഗീതം-ആദിഷ്‌ ഉത്രിയൻ, എഡിറ്റിംഗ്‌, വി.എഫ്‌.എക്സ്‌.-ഫിൽചാരറ്റ്‌ & ടീം (ഹോളിവുഡ്‌), പി.ആർ.ഓ -അജയ്‌ തുണ്ടത്തിൽ, ഗുണ, കോറിയോഗ്രാഫി- എൽ.കെ.ആന്റണി, ആക്ഷൻ-തവസിരാജ്‌, പ്രോജക്ട്‌ ഡിസൈനർ-ജിതിൻ ജൂഡി കുര്യാക്കോസ്‌, ഉല്ലാസ്‌, പ്രൊ:കൺട്രോളർ-അനൂപ്‌ കാരാട്‌, കല-സി.എസ്‌.സൈമണി, കോസ്റ്റ്യും ഡിസൈനർ-ഷിൻസി സാലു, ചമയം-സിജിൻ കൊടകര, മാനേജർ-അഖിൽ കടവൂർ, സ്റ്റിൽസ്‌-ശ്രീജിത്ത്‌.കെ.എസ്‌., പബ്ലിസിറ്റി ഡിസൈനർ-വിഷ്വൽ തോട്ട്സ്‌ ഹരി.
ചിത്രീകരണം ഉടൻ ആരംഭിക്കും.


തങ്കരഥം
ട്രിച്ചി ഗ്രാമത്തിലെ മനുഷ്യസ്നേഹിയായ ടെമ്പോ ഡ്രൈവറുടെ കഥ പറയുകയാണ്‌‘തങ്കരഥം’എന്ന തമിഴ്ചിത്രം. ചേരന്റെ സംവിധാന സഹായിയായ ബാലമുരുകൻ സംവിധാനം ചെയ്യുന്ന തങ്കരഥ’ത്തിൽ, ട്രിച്ചി ഗ്രാമത്തിലെ സ്നേഹനിധിയായ ടെമ്പോ ഡ്രൈവറായി തിളങ്ങുന്നത്‌ ബാംഗ്ലൂർ മലയാളിയായ വെട്രിയാണ്‌. എനുക്കുൾ ഒരുവൻ’, സ്ട്രോബറി’എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ വെട്രി തങ്കരഥ’ത്തിൽ ഗംഭീര പ്രകടനമാണ്‌ നടത്തിയിരിക്കുന്നത്‌.
‘ചേരൻ എനിക്ക്‌ വലിയൊരു ആവേശമായിരിന്നു. ഇപ്പോൾ ചേരന്റെ ശിഷ്യന്റെ ചിത്രത്തിൽ നായകനാകാൻ കഴിഞ്ഞു. വലിയൊരു ഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു’തങ്കരഥ’ത്തിന്റെ ചെന്നൈയിലെ, ലൊക്കേഷനിൽ വെച്ച്‌ വെട്രി പറഞ്ഞു.
ട്രിച്ചി ഗ്രാമത്തിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു, അമ്മയെ ചെറുപ്പത്തിലെ നഷ്ടമായ ആ ബാലൻ. ചെറുപ്പത്തിലെ അനാഥനായി മാറിയതോടെ, അവൻ ജീവിതം നിലനിർത്താൻ പല വേഷങ്ങൾ കെട്ടിയാടി. യുവാവായപ്പോൾ, അവൻ കരുത്തനായി മാറിയിരുന്നു. അതോടെ, മണ്ണിനോട്‌ പടവെട്ടി പൊന്ന്‌ വിളയിക്കുന്ന നല്ല ഒന്നാന്തരം കർഷകനും, നല്ലൊരു ടെമ്പോ ഡ്രൈവറും ആയി അവൻ മാറി. ഇപ്പോൾ ചെന്നൈയിലെ, കോയമേട്‌ പച്ചക്കറി ചന്തയിലെ, ഏറ്റവും വലിയ പച്ചക്കറിക്കച്ചവടക്കാരനാണ്‌ ഇയാൾ. കോയമേട്‌ നിന്ന്‌ ട്രിച്ചിയിലേക്കും, അവിടെ നിന്ന്‌ തിരിച്ചും, പച്ചക്കറിക്കച്ചവടം ചെയ്യുന്ന ടെമ്പോ ഡ്രൈവർ ഇന്ന്‌ പണക്കാരനാണ്‌. ഇതിൽ അസൂയമൂത്ത ഒരാൾ, ഇയാളുടെ സാമ്രാജ്യം തകർക്കാൻ ശ്രമം തുടങ്ങി. അപ്പോഴാണ്‌, നാട്ടിലെ ഒരു പ്രമാണി, അവന്റെ സഹായിയായി എത്തിയത്‌. അതോടെ, അവന്‌ ആത്മവിശ്വാസം ഇരട്ടിച്ചു. അവൻ ശത്രുവിനെ തകർത്ത്‌ മുന്നേറി. ആയിടയ്ക്കാണ്‌, പ്രമാണിയുടേ സുന്ദരിയായ മകളുടെ മേൽ അവന്റെ കണ്ണുകൾ ഉടക്കിയത്‌. അവൾക്കും അവനെ ഇഷ്ടമായതോടെ, അവരുടെ പ്രണയം കത്തിപ്പടർന്നു. കരുത്തനായ ടെമ്പോഡ്രൈവർ കൂറ്റൻ സംഘട്ടന രംഗങ്ങളിൽ ഏർപ്പെടുന്നുണ്ട്‌. ഈ സംഘട്ടന രംഗങ്ങളിൽ, വെട്രി നന്നായി തിളങ്ങിയെന്ന്‌ സംവിധായകൻ ബാലമുരുകൻ പറയുന്നു.
എം.ആർ.എഫ്‌., മലബാർ ഗോൾഡ്‌, ക്ലോസപ്പ്‌ തുടങ്ങീ മുന്നൂറോളം പരസ്യ ചിത്രങ്ങളിൽ തിളങ്ങിയ വെട്രി, പരസ്യചിത്ര സംവിധായകനായ ബിനു ഗ്രേയ്സിന്റെ, ‘സെയ്തികൾ തൊടൈ കിൻട്രണെ’എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുക യാണ്‌. ചെന്നൈയിൽ ചിത്രീകരണം പൂർത്തിയായ ‘തങ്കരഥം’ഉടൻ തിയേറ്ററിൽ എത്തും
എൻ.റ്റി.സി. മീഡിയയും, വികെയർ പ്രൊഡക്ഷൻസിനും വേണ്ടി വർഗീസ്‌ നിർമ്മിച്ച ‘തങ്കരഥം’ ബാലമുരുകൻ സംവിധാനം ചെയ്യുന്നു. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ – ബിനുറാം, ക്യാമറ – ജാക്കോബ്‌ രത്തിനരാജ്‌, സംഗീതം – ടോണി ബ്രിട്ടോ, എഡിറ്റർ – സുരേഷ്‌ യു.ആർ.എസ്‌., പി.ആർ.ഒ. – അയ്മനം സാജൻ.
വെട്രി, അതിഥികൃഷ്ണ, നാൻകടവുൾ രാജേന്ദ്രൻ, ആടുകളം നരേൻ, ലോല്ലുസഭ സ്വാമിനാഥൻ, സൗന്ദരരാജ എന്നിവർ അഭിനയിക്കുന്നു.

  Categories:
view more articles

About Article Author