സിനിമ പ്രതിസന്ധി: തുച്ഛ വരുമാനക്കാരായ തിയേറ്റർ തൊഴിലാളികൾ ദുരിതത്തിൽ

സിനിമ പ്രതിസന്ധി: തുച്ഛ വരുമാനക്കാരായ തിയേറ്റർ തൊഴിലാളികൾ ദുരിതത്തിൽ
January 10 04:50 2017

ബേബി ആലുവ
കൊച്ചി: ചലച്ചിത്ര നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ ലാഭവിഹിതത്തെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്‌ തിയേറ്ററുകൾ അടച്ചത്‌ അവിടങ്ങളിൽ പണിയെടുത്തിരുന്ന അനേകായിരം തൊഴിലാളികളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തി.
16 മുതൽ ഭൂരിഭാഗം തീയേറ്ററുകളും അടച്ചിട്ടുകൊണ്ട്‌ ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷൻ തുടങ്ങിവച്ച സമരം അനുരഞ്ജന നീക്കങ്ങൾക്കൊന്നും വഴങ്ങാതെ അനിശ്ചിതമായി തുടരുകയാണ്‌. ഇതിനിടെ, ഇന്നു മുതൽ കേരളത്തിലെ മുഴുവൻ തിയേറ്ററുകളും അടച്ചിടുമെന്ന്‌ ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്‌
. സർക്കാർ തലത്തിൽ നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾക്കുപോലും വില കൽപ്പിക്കാതെയാണ്‌ പ്രശ്നം നീളുന്നത്‌. സിനിമ നിർമ്മാണ-വിതരണ-പ്രദർശന മേഖലകളിലെ പണം വാരുന്ന മൂന്ന്‌ വിഭാഗങ്ങൾ തമ്മിൽ കൊമ്പുകോർത്ത്‌ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, അസംഘടിത മേഖലയായ തിയേറ്ററുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥ ആരും കണക്കിലെടുക്കുന്നില്ല.
സർക്കാർ കണക്കു പ്രകാരം മാത്രം തിയേറ്റുകളിൽ ലൈസൻസുള്ള 6000ത്തോളം പ്രൊജക്ടർ ഓപ്പറേറ്റർമാരുണ്ട്‌. നൂൺഷോ, മാറ്റിനി ആദ്യത്തേതും രണ്ടാമത്തേതുമായ കളികൾ എന്നിങ്ങനെ നാല്‌ പ്രദർശനങ്ങൾക്കായി 12 മണിക്കൂറാണ്‌ ഇവരുടെ ജോലി സമയം. നാല്‌ പ്രദർശനങ്ങൾക്കുമായി രാവിലെ 9ന്‌ തുടങ്ങുന്ന ജോലി രാത്രി ഒരു മണിയോടെയാണ്‌ അവസാനിക്കുന്നത്‌. ആദ്യത്തേതും രണ്ടാമത്തേതുമായ പ്രദർശനങ്ങൾക്കുമാത്രമായി മിനിമം വേജസ്സ്‌ ആക്ടനുസരിച്ച്‌ ഒരു പ്രൊജക്ടർ ഓപ്പറേറ്റർക്ക്‌ പ്രതിദിനം ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ വേതനം 600 രൂപയാണ്‌. നൂൺഷോ, മാറ്റിനി എന്നിവയ്ക്ക്‌ പ്രത്യേക ബാറ്റയായി 120 രൂപ പ്രത്യേകമായി നൽകണം. അത്‌ ആറ്‌ മണിക്കു മുമ്പായി കൊടുത്തുതീർക്കുകയും വേണം.
പല തിയേറ്റർ ഉടമകളും 120ന്‌ പകരം കൊടുക്കുന്നത്‌ 90 രൂപയാണ്‌. ഏറെപ്പേരും നാല്‌ പ്രദർശനത്തിന്റെയും വേതനം മാസശമ്പളത്തിലൊതുക്കുകയാണ്‌ ചെയ്യുന്നത്‌. പ്രതിമാസ വരുമാനമാകട്ടെ, 6500 രൂപ മുതൽ 10000 രൂപ വരെ. 20000 രൂപയാണ്‌ പ്രൊജക്ടർ ഓപ്പറേറ്റർക്ക്‌ പ്രതിമാസ വേതനമായി നൽകുന്നതെന്ന തിയേറ്റർ ഉടമകളുടെ സംഘടനയുടെ നേതാവിന്റെ പ്രഖ്യാപനം പച്ചക്കള്ളമാണെന്ന്‌ പ്രൊജക്ടർ ഓപ്പറേറ്റർമാരായ തൊഴിലാളികൾ പറയുന്നു. 20000 വേണ്ട, 18000 രൂപയെങ്കിലും തികച്ചു കിട്ടിയാൽ മതി എന്നാണവരുടെ പക്ഷം.
പ്രൊജക്ടർ ഓപ്പറേറ്റർമാർക്ക്‌ ലൈസൻസ്‌ നൽകുന്നത്‌ സർക്കാരാണ്‌. തിയേറ്ററുകളുടെ പ്രവർത്തനത്തിന്‌ ലൈസൻസുള്ള ഓപ്പറേറ്റർമാർ നിർബന്ധമാണ്‌. മൂന്ന്‌ വർഷം കൂടുമ്പോൾ ലൈസൻസ്‌ പുതുക്കേണ്ടതുമാണ്‌.
ലഭിക്കുന്ന വേതനം തുച്ഛമായതിനാൽ ലൈസൻസ്‌ പുതുക്കാതെ മറ്റ്‌ കൂലിപ്പണികൾ തേടിപ്പോയവരേറെയാണ്‌. മറ്റു ജോലികൾക്കു പോകുമ്പോഴും ലൈസൻസ്‌ നഷ്ടപ്പെടാതിരിക്കാൻ ലൈസൻസ്പുതുക്കുന്നവരുമുണ്ട്‌. അങ്ങനെയുള്ളവരുടെ ലൈസൻസ്‌ നിസ്സാര പ്രതിഫലം നൽകി വാങ്ങി ഐ ടി മേഖലയിലും മറ്റും പണിയെടുക്കുന്ന യുവാക്കളെ ഉപയോഗിച്ച്‌ പ്രൊജക്ടർ പ്രവർത്തിപ്പിച്ച്‌ പ്രദർശനം നടത്തുന്ന തിയേറ്റർ ഉടമകളുണ്ടെന്ന്‌ തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
യുവാക്കൾക്കാണെങ്കിൽ ചെറിയൊരു പുറം വരുമാനവുമായി. ഈ രംഗത്ത്‌ മിനിമം വേതനം ഉറപ്പ്‌ വരുത്താൻ ലേബർ വകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന്‌ ഓൾ കേരള സിനിമ പ്രൊജക്ഷനിസ്റ്റ്‌ യൂണിയൻ (എഐടിയുസി) ചൂണ്ടിക്കാണിക്കുന്നു.
തിയേറ്ററുകൾക്ക്‌ ലഭിച്ചുകൊണ്ടിരുന്ന വിഹിതം 40 ശതമാനത്തിൽ നിന്ന്‌ 50 ആയി ഉയർത്തണമെന്ന ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ പിടിവാശിയാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം. തിയേറ്ററുകളുടെ 30 ശതമാനം വിഹിതമാണ്‌ പിന്നീട്‌ 40-തിലെത്തിയത്‌.
തിയേറ്ററുകളിലെ ചെലവ്‌ വർദ്ധിച്ചതാണ്‌ വിഹിത വർദ്ധന ആവശ്യപ്പെടാൻ കാരണമെന്ന്‌ തിയേറ്ററുടമകൾ വാദിക്കുന്നു. പ്രൊജക്ടർ ഓപ്പറേറ്റർമാരെ കൂടാതെ തിയേറ്ററുകളിൽ വിവിധ വിഭാഗങ്ങളിലായി ജോലി നോക്കുന്ന ആയിരക്കണക്കിനാളുകൾ വേറെയുമുണ്ട്‌.
ഇതിനിടെ, തിയേറ്റർ ഉടമകൾ ക്ഷേമനിധി വിഹിതം അടയ്ക്കാതിരിക്കുകയും നികുതി വെട്ടിപ്പ്‌ നടത്തുകയും ചെയ്യുന്നു എന്ന സാംസ്കാരിക ക്ഷേമനിധി ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീറിന്റേതടക്കം സംസ്ഥാനത്തെ ചില സിനിമാതിയേറ്ററുകളിൽ വിജിലൻസ്‌ പരിശോധന നടത്തുകയുണ്ടായി.

  Categories:
view more articles

About Article Author