Sunday
24 Jun 2018

സിനിമ ശുദ്ധീകരിക്കണം

By: Web Desk | Wednesday 12 July 2017 4:55 AM IST

യുവനടിയെ തട്ടിക്കൊണ്ടുപോയി കാറിൽ വച്ച്‌ ഉപദ്രവിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിന്‌ നടൻ ദിലീപിനെ അറസ്റ്റ്‌ ചെയ്തത്‌ മലയാള സിനിമാലോകത്തെ ആകെ അമ്പരപ്പിച്ചുകളഞ്ഞു. സിനിമ മേഖലയിലെ ഇരുളറകളെ പറ്റി അറിവുള്ളവർക്ക്‌ ഒരു പക്ഷെ ഇതിൽ അതിശയമുണ്ടാകില്ലെങ്കിലും വെള്ളിത്തിരയിൽ വെട്ടിതിളങ്ങുന്ന താരരാജാക്കന്മാർക്കുവേണ്ടി ആർപ്പുവിളിക്കുന്ന ലക്ഷക്കണക്കിന്‌ ആരാധകർ ഇത്‌ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
മലയാള സിനിമാലോകത്ത്‌ അരുതാത്ത പലതും നടക്കുന്നുണ്ടെന്നുള്ളതിന്റെ സൂചനകൾ മനസ്സിലാക്കാൻ ഈ സംഭവം സഹായിച്ചുവെന്നുപറയാം. ഇത്‌ ബന്ധപ്പെട്ടവരുടെയെല്ലാം കണ്ണു തുറപ്പിക്കുമെങ്കിൽ ഒരുപക്ഷെ മലയാള സിനിമയ്ക്ക്‌ രക്ഷപ്പെടാം. അത്രമാത്രം ആഴമേറിയ പ്രതിസന്ധിയുടെ നടുക്കയത്തിലാണ്‌ മലയാള സിനിമാരംഗം ഇന്ന്‌. ഇതിൽ നിന്ന്‌ കരകയറണമെങ്കിൽ ശുദ്ധീകരണത്തിനുള്ള അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള ശസ്ത്രക്രിയകൾ വേണ്ടിവരും. അതിന്‌ സിനിമാരംഗത്ത്‌ പ്രവർത്തിക്കുന്നവരും ഈ കലയെ കലയായി നിലനിർത്തണമെന്നാഗ്രഹിക്കുന്നവരും ഒറ്റക്കെട്ടായി രംഗത്തുവരണം.
കഴിഞ്ഞ ഫെബ്രുവരി 18ന്‌ കേരളം ഉണർന്നപ്പോൾ കേട്ട ആ ഞെട്ടിക്കുന്ന വാർത്ത 90 വർഷത്തെ മലയാള സിനിമാചരിത്രത്തിൽ മുമ്പൊന്നും ഉണ്ടാകാത്ത തരത്തിലുള്ള വിവാദക്കൊടുങ്കാറ്റിനാണ്‌ വഴിതെളിച്ചത്‌. ഒരു പ്രമുഖ നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചെന്നും അതൊരു ക്വട്ടേഷനാണെന്ന്‌ പ്രതി തന്നോട്‌ പറഞ്ഞെന്നുമാണ്‌ ആ നടിയിലൂടെ പുറംലോകം അറിഞ്ഞത്‌. പൾസർ സുനി എന്ന സ്ഥിരം കുറ്റവാളിയെ പിടികൂടിയെങ്കിലും സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അഞ്ചുമാസമെടുത്തു. ക്വൊട്ടേഷൻ കൊടുത്ത ആൾ ആരെന്ന ചോദ്യത്തിന്‌ ഒരു പ്രമുഖ നടനിലേക്ക്‌ പലരും വിരൽചൂണ്ടിയപ്പോൾ അവരുടെ വായടിപ്പിക്കാൻ താരരാജാക്കന്മാരും അവരുടെ സംഘടനയും അവരുടെ ദല്ലാളന്മാരും അരയും തലയും മുറുക്കി രംഗത്തിറങ്ങി. എന്തൊരു വീറായിരുന്നു അവർക്ക്‌. ദിലീപിന്റെ അറസ്റ്റോടെ അവരെല്ലാം മാളത്തിലൊളിക്കുന്നതും നമുക്ക്‌ കാണേണ്ടിവന്നു. താരരാജാവിൽ നിന്ന്‌ കൊടുംകുറ്റവാളിയിലേക്കുള്ള ദിലീപിന്റെ വേഷപകർച്ച മലയാളസിനിമയുടെ സമീപകാല പരിവർത്തനത്തെയാണ്‌ കാട്ടിത്തരുന്നത്‌. ഒരപസർപ്പക കഥയെ വെല്ലുന്ന ത്രില്ല്‌ അതിനുണ്ടായിരുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ എന്തുമാറ്റമാണ്‌ മലയാള സിനിമയ്ക്കുണ്ടായത്‌. ഹോളിവുഡിനോടും ബോളി വുഡിനോടും മത്സരിക്കാൻ തക്കവിധം മൂലധനശക്തികളും താരപരിവേഷവും ഇവിടെ പിടിമുറുക്കി. സിനിമ കലാകാരന്റേതല്ലാതായി. താരരാജാക്കന്മാർ സഹ നടീനടന്മാരെയും കലാപ്രവർത്തകരേയും എന്തിനു സംവിധായകരെ പോലും നിശ്ചയിക്കുന്ന സ്ഥിതി വന്നു. പണം മുടക്കുന്നവൻ പോലും താരരാജാവിന്റെ മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന ദയനീയ അവസ്ഥയുമുണ്ട്‌. സിനിമയെ വരുതിക്ക്‌ നിർത്താൻ ഗുണ്ടാസംഘങ്ങളും അധോലോക നായകന്മാരും മയക്കുമരുന്നുമാഫിയകളും കൊടികുത്തി വാഴുകയായിരുന്നു. ഭരണവും പൊലീസുമെല്ലാം ഇവർക്ക്‌ കുടപിടിക്കുന്ന അവസ്ഥ. ഏതൊരാൾക്കും ചിത്രം നിർമ്മിക്കണമെങ്കിൽ, അത്‌ വിതരണം ചെയ്യണമെങ്കിൽ, അത്‌ പ്രദർശിപ്പിക്കണമെങ്കിൽ ഈ ശക്തികളുടെ ഏറാൻമൂളികളാകണം. എതിർത്തവരൊക്കെ ശരിക്കും അനുഭവിച്ചു. ആ കൂട്ടത്തിൽ എത്രയോ പ്രതിഭാശാലികളായ സംവിധായകരും നടീനടന്മാരും സാങ്കേതിക പ്രവർത്തകരും ഉണ്ടായിരുന്നു. അവരിൽ വിനയനെപോലെയും തിലകനെപോലെയുള്ള അപൂർവ്വം പേർ പിടിച്ചുനിന്നു. തിലകനുവേണ്ടി വാദിച്ച സുകുമാർ അഴീക്കോടിനെ പോലും ഇക്കൂട്ടർ വെറുതെ വിട്ടില്ല. വിനയന്റെ പിന്നിൽ ശക്തമായ ഒരു പ്രസ്ഥാനം ഉണ്ടായിരുന്നതുകൊണ്ടും എന്തും നേരിടാനുള്ള കരളുറപ്പ്‌ അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടുമാണ്‌ പിടിച്ചുനിന്നത്‌. ഇവരെല്ലാം ഈ മാഫിയാസംഘത്തെ പറ്റി അന്നേ തുറന്നടിച്ചതാണ്‌. ആരും അത്‌ മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രം.
ഈ മാഫിയാസംഘത്തിന്റെ തലപ്പത്ത്‌ വിലസിയിരുന്ന ദിലീപിന്റെ ഉഗ്രപ്രതാപത്തിന്റെ മുന്നിൽ മറ്റ്‌ താരരാജാക്കന്മാർപോലും അടിയറവുപറഞ്ഞിട്ടുണ്ടെന്നാണ്‌ ഇപ്പോൾ കേൾക്കുന്നത്‌. ഈ നടന്റെ മുന്നിൽ അവർക്കൊക്കെ ഇത്രയും വിധേയത്വം എങ്ങനെയുണ്ടായി എന്ന്‌ സ്വാഭാവികമായി സംശയിച്ചവരുണ്ട്‌. പണവും മസിലുമാണ്‌ ദിലീപിന്റെ ശക്തി.
ഏതു മിടുക്കനായ കുറ്റവാളിക്കും പറ്റുന്ന നേരിയ പിഴവ്‌ ഇവിടെയും സംഭവിച്ചു. ആ പിഴവിലൂടെ കേരളാ പൊലീസ്‌ പിടിച്ചുകയറി. ഈ കേസിന്റെ അന്വേഷണവും അതിന്റെ ഗൂഢാലോചനയും പുറത്തുകൊണ്ടുവന്ന കേരള പൊലീസിനെയും അതിനു നേതൃത്വം കൊടുക്കുന്ന എൽഡിഎഫ്‌ സർക്കാരിനെയും അഭിനന്ദിക്കുന്നു. അതുപോലെ പീഡനവിവരം ഒളിപ്പിച്ചുവയ്ക്കാതെ സധൈര്യം തുറന്നുപറഞ്ഞ യുവനടിയേയും അഭിനന്ദിക്കുന്നു. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ കാട്ടിയ ജാഗ്രതയും എടുത്തുപറയേണ്ടതാണ്‌.
മലയാള സിനിമയിൽ കൊടികുത്തിവാഴുന്ന ഗുണ്ടകളേയും മാഫിയകളെയും ദുഷ്ടശക്തികളെയും പടിക്കുപുറത്താക്കി ശുദ്ധീകരിക്കാൻ ഫലപ്രദമായ നടപടികളുണ്ടാകണം. സിനിമ കലാകാരന്മാരുടേതാകണം. ഇവിടെ അരങ്ങുവാഴുന്ന കള്ളപ്പണക്കാരെയും വട്ടിപ്പലിശക്കാരെയും അടിച്ചോടിച്ചാൽ തന്നെ ഈ രംഗം കുറച്ചൊക്കെ സംശുദ്ധമാകും. കുറഞ്ഞ പലിശയ്ക്ക്‌ പണം ലഭ്യമാക്കാൻ കഴിയുന്ന സ്ഥിതിയുണ്ടാകണം. പൊതുമേഖലയിലും സഹകരണമേഖലയിലുമായി ധാരാളം തിയേറ്ററുകൾ സ്ഥാപിച്ച്‌ കലാമൂല്യമുള്ള ചിത്രങ്ങൾക്ക്‌ പ്രദർശന സൗകര്യമൊരുക്കണം.