സിനിമ സംവിധായകൻ ജയസൂര്യയ്ക്ക്‌ പൊലീസ്‌ മർദ്ദനം

സിനിമ സംവിധായകൻ ജയസൂര്യയ്ക്ക്‌ പൊലീസ്‌ മർദ്ദനം
April 21 04:45 2017

ചേർത്തല: സിനിമ സംവിധായകനും നാടകാചാര്യൻ എസ്‌ എൽ പുരം സദാനന്ദന്റെ മകനുമായ ജയസൂര്യയെ പൊലീസ്‌ മർദ്ദിച്ചു. എസ്‌ എൽ പുരം യവനികയിൽ ജയസൂര്യ(47)നാണ്‌ പൊലീസ്‌ മർദ്ദനമേറ്റത്‌.
എരമല്ലൂർ സിഗ്നലിന്‌ സമീപം ഇന്നലെ ഉച്ചയ്ക്ക്‌ 2.30 ഓടേയാണ്‌ സംഭവം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്‌ പോകുന്നതിനിടെ സിഗ്നലിൽ നിർത്തിയിട്ടിരുന്ന ജയസൂര്യയും കുടുംബവും സഞ്ചരിച്ച കാർ മുന്നോട്ട്‌ എടുക്കുമ്പോൾ വലതു വശത്തുകൂടി വന്ന ടിപ്പർ ലോറി കാറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട്‌ നീങ്ങിയ കാർ ബൈക്കിലിടിച്ചു. ഇതു കണ്ട്‌ വന്ന അരൂർ പൊലീസ്‌ സ്റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ സുനിൽകുമാർ കാറിൽ നിന്ന്‌ വലിച്ചിറക്കി കുടുംബാംഗങ്ങളുടെ മുന്നിലിട്ട്‌ മർദ്ദിക്കുകയും ജീപ്പ്പിൽ വലിച്ചു കയറ്റാൻ ശ്രമിക്കുകയും ചെയ്തെന്ന്‌ ജയസൂര്യ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ നൽകിയ പരാതിയിൽ പറയുന്നു. അപകട സ്ഥലത്ത്‌ എത്തിയ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്‌ ജീപ്പ്പിൽ കയറ്റി കൊണ്ട്‌ പോകാനുള്ള പൊലീസ്‌ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജയസൂര്യ ചേർത്തല താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ബാലചന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി ജയസൂര്യയെ സന്ദർശിച്ചു.

  Categories:
view more articles

About Article Author