സിന്ധു ജലകരാർ: മാറ്റങ്ങൾ അംഗീകരിക്കില്ലെന്ന്‌ പാകിസ്ഥാൻ

സിന്ധു ജലകരാർ: മാറ്റങ്ങൾ അംഗീകരിക്കില്ലെന്ന്‌ പാകിസ്ഥാൻ
December 18 04:45 2016

ഇസ്ലാമാബാദ്‌: സിന്ധു നദീതട ജലവിനിയോഗ കരാറിൽ വരുത്തുന്ന മാറ്റങ്ങളോ ഭേദഗതികളോ അംഗീകരിക്കില്ലെന്ന്‌ പാകിസ്ഥാൻ.
56 വർഷം പഴക്കമുള്ള കരാറിൽ ഭേദഗതി വരുത്തുന്നതിനുള്ള ഇന്ത്യൻ നീക്കത്തിനു മറുപടിയായിട്ടാണ്‌ പാക്‌ നിലപാട്‌.
കരാറിലെ തത്വങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ ഞങ്ങളുടെ നിലപാടുകൾ. കരാർ എല്ലാത്തരത്തിലും ബഹുമാനിക്കപ്പെടേണ്ടതാണെന്നും പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ പ്രത്യേക അസിസ്റ്റന്റ്‌ താരിഖ്‌ ഫറ്റേമി പാക്‌ മാധ്യമത്തിന്‌ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സിന്ധു നദീജല കരാർ സംബന്ധിച്ച്‌ ഇന്ത്യയും പാകിസ്ഥാനും നൽകിയ അപേക്ഷകളിൽ ലോകബാങ്ക്‌ സ്വീകരിച്ചുവന്ന നടപടികൾ തൽക്കാലം മരവിപ്പിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം നിഷ്പക്ഷ നിരീക്ഷകനെ നിയോഗിക്കുവാനും പാകിസ്ഥാൻ ആവശ്യപ്പെട്ട പ്രകാരം തർക്കപരിഹാര കോടതി അധ്യക്ഷനെ ചുമതലപ്പെടുത്തുവാനുമായിരുന്നു ലോകബാങ്കിന്റെ നീക്കം. എന്നാൽ ഇരുരാജ്യങ്ങൾക്കും സ്വയം പരിഹാരം തേടാൻ അവസരം നൽകി നടപടിക്രമങ്ങൾ നിർത്തിവയ്ക്കുന്നതായി ബാങ്ക്‌ അറിയിക്കുകയായിരുന്നു.
ലോകബാങ്കിന്റെ തീരുമാനം വന്നതിനുപിന്നാലെ തീരുമാനമെടുക്കുന്നതിന്‌ കൂടുതൽ സമയം വേണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കരാറിൽ മാറ്റം വരുത്തുന്നതിനുള്ള തർക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു പരിഹരിക്കണമെന്നും ഇതിന്‌ സമയം ആവശ്യമാണെന്നും വിദേശകാര്യ വക്താവ്‌ വികാസ്‌ സ്വരൂപ്‌ പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ സമയം ആവശ്യപ്പെട്ട ഇന്ത്യയുടെ നടപടി കിഷൻഗംഗ, ചെനാബ്‌ നദികളിലെ ഹൈഡ്രോ ഇലക്ട്രിക്‌ പദ്ധതികൾ പൂർത്തീകരിക്കാനാണെന്നാണ്‌ പാകിസ്ഥാൻ കരുതുന്നത്‌. ഇത്‌ സിന്ധുനദീതട ജലവിനിയോഗ കരാറിന്റെ നിബന്ധനകൾക്ക്‌ എതിരാണെന്നും പാകിസ്ഥാൻ ആരോപിക്കുന്നു.
കരാറിലൂടെ ലഭിച്ചിട്ടുള്ള അവകാശങ്ങൾ പൂർണമായി വിനിയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പാകിസ്ഥാനുമേലുള്ള നയതന്ത്ര സമ്മർദം ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്‌.
ഇന്ത്യയും പാകിസ്ഥാൻ തമ്മിൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ജലവിതരണ കരാറാണ്‌ സിന്ധു നദീജല ഉടമ്പടി. 1960 സെപ്തംബർ 19 ന്‌ കറാച്ചിയിൽ വച്ച്‌ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ്‌ അയൂബ്‌ ഖാനും ഒപ്പുവച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്‌, രാവി, സത്ലജ്‌ എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചെനാബ്‌, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്‌.

  Categories:
view more articles

About Article Author