സിപിഐ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേയ്ക്ക്‌ സംഭാവന ചെയ്യുക

സിപിഐ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേയ്ക്ക്‌ സംഭാവന ചെയ്യുക
January 11 03:25 2017

ന്യൂഡൽഹി: വരാനിരിക്കുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന ഫണ്ട്‌ സമാഹരണത്തിൽ പങ്കു ചേരാൻ പാർട്ടി ഘടകങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ജനറൽ സെക്രട്ടറി എസ്‌ സുധാകർ റെഡ്ഡി അഭ്യർഥിച്ചു.
ഇതുസംബന്ധിച്ച്‌ സുധാകർ റെഡ്ഡി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണരൂപം ചുവടെ:
നരേന്ദ്ര മോഡിയുടെ ആശിർവാദത്തോടെ സംഘപരിവാറും അതിന്റെ അനുബന്ധ സംഘടനകളുമടക്കമുള്ള വലതുപക്ഷ സംഘടനകളുടെ കടന്നാക്രമണങ്ങൾ രാജ്യത്തിനാകെയും ഇടതുപക്ഷ പാർട്ടികൾക്കും നമ്മുടെ പാർട്ടിക്ക്‌ പ്രത്യേകിച്ചും വലിയ വെല്ലുവിളികളാണ്‌ ഉയർത്തിക്കൊണ്ടിരിക്കുന്നത്‌.
സർവകലാശാലകൾക്കും വിദ്യാർഥി നേതാക്കൾക്കും വിദ്യാഭ്യാസ – സാംസ്കാരിക സ്ഥാപനങ്ങൾക്കും നേരെ കടന്നാക്രമണങ്ങൾ നടത്തിയും രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനാണ്‌ അവരുടെ ശ്രമം. അഭിപ്രായം പറയാനും വിയോജിക്കാനുമുള്ള അവകാശങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ദളിത്‌ ജനവിഭാഗങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കുമെല്ലാമെതിരായ നീക്കങ്ങളാണ്‌ അവർ നടത്തിക്കൊണ്ടിരിക്കുന്നത്‌.
കോർപ്പറേറ്റ്‌ നിയന്ത്രണത്തിലുള്ള ദൃശ്യ – അച്ചടി മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഇടുപക്ഷത്തിനും മറ്റ്‌ പ്രതിപക്ഷ നേതാക്കൾക്കുമെതിരെ ഹീനമായ പ്രചരണങ്ങളും കായികമായ അക്രമങ്ങളും ഭീഷണിയും തുടരുകയാണ്‌.
കപട ദേശാഭിമാനികളെ ഉപയോഗിച്ച്‌ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയുമാണവർ. അസാധാരണമായ കടന്നാക്രമങ്ങളാണ്‌ രാജ്യത്ത്‌ ഇടതു മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കു നേരെ നടന്നുകൊണ്ടിരിക്കുന്നത്‌. ഫാസിസ്റ്റ്‌ കടന്നാക്രമങ്ങൾക്കെതിരെ ധീരമായ പോരാട്ടങ്ങളിലാണ്‌ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. ഈ സാഹചര്യത്തിൽ നിർദിഷ്ട നിയമസഭ തെരഞ്ഞെടുപ്പും അതിന്റെ വിധിയെഴുത്തും അത്യന്തം പ്രാധാന്യമുള്ളതാണ്‌.
ഉത്തർ പ്രദേശ്‌, പഞ്ചാബ്‌, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്‌ എന്നീ അഞ്ച്‌ സംസ്ഥാന നിയമസഭകളാണ്‌ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്‌. ഇടതു പക്ഷ പ്രസ്ഥാനങ്ങൾ യോജിച്ചാണ്‌ എല്ലായിടത്തും മത്സരിക്കുന്നത്‌. സാധ്യമാകുന്ന മതേതര – ജനാധിപത്യ പ്രസ്ഥാനങ്ങളുമായി നീക്കുപോക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്‌. സിപിഐ ക്കും മറ്റ്‌ ഇടതുപക്ഷ മതേതര ജനാധിപത്യ പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ്‌ നിർണായകമാണ്‌. എല്ലാ നിയമസഭകളിലും നമ്മുടെ നില മെച്ചപ്പെടുത്തുവാനും അംഗത്വം ഉറപ്പിക്കുന്നതിനും സാധിക്കേണ്ടതുണ്ട്‌. രാജ്യത്തിന്റെയാകെയുള്ള ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള ഭരണഘടനാപരമായ അവകാശ സംരക്ഷണത്തിനും ഈ തെരഞ്ഞെടുപ്പിൽ വ്യാപകമായ പ്രചരണം നടത്തേണ്ടതുണ്ട്‌. അതിന്‌ വൻ തുക ചെലവ്‌ വരുമെന്നതിനാൽ സാമ്പത്തിക സഹായം എല്ലാ കോണുകളിൽ നിന്നും ആവശ്യമാണ്‌.
പാർട്ടി സഖാക്കൾ വ്യക്തിപരമായും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മുഖേനയും കഴിയാവുന്നത്ര സാമ്പത്തിക സഹായം ഉറപ്പുവരുത്തേണ്ടതുണ്ട്‌. എല്ലാ സഖാക്കളും അവർക്കാകാവുന്ന തുക സംഭാവന എത്രയും വേഗം അയച്ചു തരണമെന്ന്‌ അഭ്യർഥിക്കുന്നു. എല്ലാ പാർട്ടി കമ്മിറ്റികളും പ്രത്യേക ജനറൽ ബോഡി യോഗം ചേർന്ന്‌ ഇക്കാര്യം ചർച്ച ചെയ്യുകയും ധനസമാഹരണം നടത്തി എത്തിക്കേണ്ടതുമാണ്‌. എല്ലാ പാർട്ടി സഖാക്കളോടും ഉദാരമായ സംഭാവന നൽകാനും സുഹൃത്തുക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും കഴിയാവുന്നത്ര തുക സമാഹരിച്ച്‌ എത്രയും പെട്ടെന്ന്‌ നൽകാനും സുധാകർ റെഡ്ഡി അഭ്യർഥിച്ചു.
ചെക്കുകളും ഡ്രാഫ്റ്റുകളും ഇലക്ട്രോണിക്‌ മണി ഓർഡറുകളും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ എന്ന പേരിലാണ്‌ അയക്കേണ്ടത്‌. സിൻഡിക്കേറ്റ്‌ ബാങ്കിന്റെ ന്യൂഡൽഹി റോസ്‌ അവന്യുവിലുള്ള സിബിഎസ്‌ഇ ബ്രാഞ്ചിൽ അക്കൗണ്ട്‌ നമ്പർ: 24171010000036, ഐഎഫ്‌എസ്സി നമ്പർ: എസ്‌വൈഎൻബി 0002417 അക്കൗണ്ടിലേയ്ക്ക്‌ ഓൺലൈൻ ട്രാൻസ്ഫർ വഴിയും സംഭാവന അയക്കാവുന്നതാണ്‌.

  Categories:
view more articles

About Article Author