സിബിഐയും ആദായനികുതി വകുപ്പും കേന്ദ്രത്തിന്റെ കളിപ്പാവകളാകുമ്പോൾ

May 18 04:55 2017

ഒരു അന്വേഷണ ഏജൻസി എന്ന നിലയിൽ നിഷ്പക്ഷമാണെന്ന പൊതുധാരണ നിലനിൽക്കുന്ന ഒന്നാണ്‌ സിബിഐ. സംസ്ഥാന പൊലീസ്‌ അന്വേഷിക്കുന്ന കേസുകൾ സിബിഐ ഏറ്റെടുക്കണമെന്ന്‌ സാധാരണക്കാർ പോലും ചില ഘട്ടങ്ങളിൽ ആവശ്യമുന്നയിക്കുന്നത്‌ ആ വിശ്വാസ്യതയുടെ പേരിൽ തന്നെയായിരുന്നു. ഭരണാധികാരികളുടെ കളിപ്പാവയാകുന്ന പല സന്ദർഭങ്ങളും ഇതിനു മുമ്പുണ്ടായിട്ടുണ്ട്‌. അതുസംബന്ധിച്ച്‌ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയതും ഇന്നും ഉദ്ധരിക്കപ്പെടുന്നതുമായ ഒന്നായിരുന്നു കുറച്ചുവർഷങ്ങൾക്കു മുമ്പുണ്ടായ സിബിഐ കൂട്ടിലടച്ച തത്തയാണെന്ന കോടതി പരാമർശം. ആദായ നികുതി വകുപ്പിന്റെ കാര്യവും വ്യത്യസ്തമല്ല. അത്‌ കേന്ദ്രമന്ത്രിമാരുടെ നേരിട്ടു കീഴിലുള്ള ഒരു വകുപ്പെന്ന നിലയിൽ പലപ്പോഴും എതിരാളിക ളെ നേരിടാനുപയോഗിക്കുന്നുവെന്ന പേരുദോഷം വരുത്തിയിട്ടുണ്ട്‌.
ഈ രണ്ടു സംവിധാനങ്ങളെയും നഗ്നമായി ദുരുപയോഗം ചെയ്യുകയാണ്‌ കേന്ദ്ര സർക്കാർ. നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പും രണ്ടുവർഷം കഴിഞ്ഞ്‌ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട്‌ വിവിധ ഏജൻസികളെ ഉപയോഗിച്ച്‌ എതിരാളികളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്‌.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പി ചിദംബരം, ലാലുപ്രസാദ്‌ യാദവ്‌ എന്നിവർക്കുനേരെയുണ്ടായ റെയ്ഡുകൾ. ലാലു പ്രസാദിന്‌ 1000 കോടിയുടെ ബിനാമി ഇടപാടുണ്ടെന്ന്‌ ആരോപിച്ചാണ്‌ ഡൽഹിയിൽ 22 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ്‌ അധികൃതർ റെയ്ഡുകൾ നടത്തിയത്‌. ലാലുവുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ പ്രമുഖ വ്യവസായികളുടെയും റിയൽ എസ്റ്റേറ്റ്‌ ഏജന്റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ്‌ പരിശോധന നടത്തിയിരിക്കുന്നത്‌. കഴിഞ്ഞയാഴ്ച ബിജെപിയുടെ ചില നേതാക്കൾ നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ്‌ ആദായ നികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തിയതെന്ന്‌ അധികൃതർ തന്നെ സൂചന നൽകിയിട്ടുണ്ട്‌.
മുൻ കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തിന്റെയും മകൻ കാർത്തിക്കിന്റെയും സ്ഥാപനങ്ങളിൽ റെയ്ഡ്‌ നടത്തിയത്‌ സിബിഐ ആയിരുന്നു.ചെന്നൈയിലെ വീട്ടിലും മറ്റിടങ്ങളിലെ സ്ഥാപനങ്ങളിലും നൂറുകണക്കിന്‌ ഉദ്യോഗസ്ഥരാണ്‌ റെയ്ഡിൽ പങ്കെടുത്തത്‌.
ലാലുവിന്റെയും ചിദംബരത്തിന്റെയും അഴിമതികളോട്‌ പൂർണമായും വിയോജിക്കുന്നവരാണ്‌ ഞങ്ങൾ. പല അഴിമതി ആരോപണങ്ങളും ഇവർക്കെതിരെ ഉയർന്നപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്‌. ഇനിയും പ്രതികരിക്കുകയും ചെയ്യും. അത്തരം അന്വേഷണങ്ങൾ മുന്നോട്ടുപോകുകയുമാണ്‌. ബിജെപി നേതാക്കൾ നടത്തുന്ന പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള റെയ്ഡുകളും കേസുകളും തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന്‌ വളരെ വ്യക്തമാണ്‌. വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കണക്കുകളിൽ ജയിക്കില്ലെന്ന്‌ ബോധ്യമുള്ള ബിജെപി പല തരത്തിലുള്ള കുതന്ത്രങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായുള്ള കുതിരക്കച്ചവടങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതോടൊപ്പം തന്നെ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതിനുള്ള കുതന്ത്രത്തിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ നടപടിയെന്ന്‌ മനസിലാക്കാൻ അധികം വൈഭവമൊന്നും ആവശ്യമില്ല. ബിഹാറിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യമുണ്ടാക്കി വിജയം നേടിയതിന്റെ മുന്നണിയിലുണ്ടായിരുന്ന ലാലുവിന്റെയും മറ്റും പേരിൽ റെയ്ഡ്‌ എന്ന പ്രഹസനം നടത്തി പേരുദോഷമുള്ളവരെന്ന്‌ സ്ഥാപിക്കാനും റെയ്ഡ്‌ പോലുള്ള ഭീഷണിയുയർത്തി ചിലരെയെങ്കിലും വരുതിയിലാക്കാനും സാധിക്കുമോ എന്നാണ്‌ ബിജെപി പരീക്ഷിക്കാൻ ശ്രമിക്കുന്നത്‌.
ഒരു വർഷം മുമ്പ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ഓഫീസിൽ റെയ്ഡ്‌ നടത്തിയെന്ന വലിയ വാർത്ത പുറത്തുവരികയുണ്ടായി. കേന്ദ്ര ആഭ്യന്തരവകുപ്പ്‌ മന്ത്രി രാജ്നാഥ്‌ സിങ്‌ തന്നെ മാധ്യമങ്ങളോട്‌ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീടാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലല്ല ഡൽഹി സർക്കാരിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലായിരുന്നു റെയ്ഡ്‌ നടന്നതെന്ന വിശദീകരണമുണ്ടായത്‌. മുലായംസിങ്‌ യാദവ്‌, അഖിലേഷ്‌ യാദവ്‌, മായാവതി എന്നിവർക്കെതിരെയെല്ലാം ഈ നീക്കങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ.
സിബിഐ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നതെന്ന്‌ പ്രമാദമായ കേസുകളിൽ അവർ സ്വീകരിച്ച സമീപനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ലളിത്‌ മോഡി കേസിൽ ആരോപിതരായവർ മാത്രമല്ല തെളിവുകൾ സഹിതം പങ്കാളിത്തം വ്യക്തമായ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ റെയ്ഡ്‌ നടത്താൻ സിബിഐ സന്നദ്ധമായിട്ടില്ല. മധ്യപ്രദേശ്‌ മുഖ്യമന്ത്രി, മഹാരാഷ്ട്ര മന്ത്രി പങ്കജ്‌ മുണ്ഡെ എന്നിവർക്കെതിരെയും വിവിധ ഘട്ടങ്ങളിൽ ആരോപണവും തെളിവു സഹിതമുള്ള വിവരങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. അന്നൊന്നും ഒരു പരിശോധനയ്ക്കുപോലും തുനിയാതിരുന്നവർ ഇപ്പോൾ വൻ സന്നാഹത്തോടെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെ വരുന്നുവെന്ന്‌ കാണുമ്പോൾ അത്‌ ദുരുദ്ദേശപരമാണെന്ന്‌ വ്യക്തമാണ്‌. സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യുന്നത്‌ പക്ഷപാതപരം മാത്രമല്ല സ്വേച്ഛാധിപത്യത്തിന്റെ കൂടി ലക്ഷണമാണ്‌.

  Categories:
view more articles

About Article Author