സുപ്രധാനമായ ഓർഡിനൻസുകൾ

April 13 04:55 2017

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റങ്ങൾക്കു വഴി തുറക്കുന്നതുൾപ്പെടെയുള്ള ഓർഡിനൻസുകൾക്ക്‌ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്‌. ഈ ഘട്ടത്തിൽ വളരെയധികം പ്രശംസനീയമായവയാണ്‌ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ഓർഡിനൻസുകൾ. മലയാളഭാഷാ പഠനം പത്താം തരം വരെ നിർബന്ധിതമാക്കുന്നതാണ്‌ അതിലൊന്ന്‌. സ്വകാര്യ – സർക്കാർ ഭേദമില്ലാതെ മലയാളം നിർബന്ധിതമാക്കിയിരിക്കുകയാണ്‌. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരത്തോടൊപ്പം ഭാഷാ പഠനത്തിന്റെ പേരിലുള്ള നിരവധി ശിക്ഷാ വാർത്തകളാണ്‌ പുറത്തുവരാറുള്ളത്‌. ക്ലാസിൽ മലയാളം സംസാരിച്ചതിനും അമ്മയെ ആ പേരിൽ തന്നെ വിളിച്ചതിനും ശിക്ഷയേറ്റുവാങ്ങേണ്ടി വന്ന വിദ്യാർഥികൾ കേരളത്തിലുണ്ട്‌. മരണാസന്നമായൊരു ഭാഷയായി മലയാളം മാറുന്നുവെന്ന്‌ ഭാഷാസ്നേഹികൾ പരിതപിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരത്തിലൊരു തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്‌.
കേരളത്തിലെ സർക്കാർ, എയ്ഡഡ്‌, അൺ എയ്ഡഡ്‌, സ്വാശ്രയ വിദ്യാലയങ്ങൾക്കും സ്റ്റേറ്റ്‌, സിബിഎസ്‌ഇ, ഐസിഎസ്‌ഇ തുടങ്ങിയ സിലബസ്‌ പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങൾക്കും നിയമം ബാധകമാണ്‌. നിയമത്തിൽ പറയാത്ത വല്ല സിലബസുകളിലും അധ്യയനം നടത്തുന്നുണ്ടെങ്കിലും മലയാളം നിർബന്ധമായിരിക്കും.
വിദ്യാലയങ്ങളിൽ മലയാളം സംസാരിക്കുന്നതിന്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വിലക്കും ഏർപ്പെടുത്താൻ പാടില്ല, മറ്റേതെങ്കിലും ഭാഷയേ സംസാരിക്കാവൂ എന്ന്‌ നിർദേശിക്കുന്ന ബോർഡുകളോ നോട്ടീസുകളോ പ്രചാരണമോ പാടില്ല എന്നിങ്ങനെ കർശനമായ വ്യവസ്ഥകളാണ്‌ ഓർഡിനൻസിലുള്ളത്‌.
സിബിഎസ്‌ഇ, ഐസിഎസ്‌ഇ മുതലായ ബോർഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങൾക്ക്‌ നിരാക്ഷേപ പത്രം (എൻഒസി) നൽകുന്നതിന്‌ നിർബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. മലയാളം പഠിപ്പി ക്കാത്ത വിദ്യാലയങ്ങളുടെ എൻഒസി റദ്ദാക്കും.
നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്ക്‌ അയ്യായിരം രൂപ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കാം.
ഇതോടൊപ്പമോ അതിനേക്കാൾ പ്രാധാന്യത്തോടെയോ പരിഗണിക്കേണ്ടതാണ്‌ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള ഓർഡിനൻസ്‌.
സമീപകാലത്ത്‌ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല ഏറ്റവുമധികം ചർച്ച ചെയ്ത വിഷയമാണ്‌ പ്രവേശനത്തിലെ നിയന്ത്രണമില്ലായ്മ. ഉടമകൾക്ക്‌ തോന്നിയതു പോലെ പ്രവേശനവും ഫീസും നിബന്ധനകളുമെന്നതായിരുന്നു അവസ്ഥ. എല്ലാ വിഷയങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകുന്നതാണ്‌ ഈ നിയമം. പ്രവേശനം കുറ്റമറ്റതും യോഗ്യതയുടെ അടിസ്ഥാനത്തിലുമാകുമ്പോൾ തന്നെ അനാവശ്യമായ മത്സരങ്ങളും അതുവഴിയുണ്ടാകുന്ന ആശാസ്യകരമല്ലാത്ത പ്രവണതകളും ഇല്ലാതാക്കാൻ സാധിക്കും. ഫീസിന്റെ കാര്യത്തിലോ യോഗ്യതയുടെ കാര്യത്തിലോ സൗകര്യങ്ങളുടെ കാര്യത്തിലോ ഒരു മാനദണ്ഡവും നിയന്ത്രണവുമില്ലാതെ വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന കേവലം കച്ചവടമായിരുന്നു ഇതുവരെ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ പേരിൽ നടന്നുകൊണ്ടിരുന്നത്‌. അത്‌ കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തന്നെ പലപ്പോഴും കലുഷവും കലാപഭരിതവുമാക്കിയിട്ടുണ്ട്‌.
ഈ പശ്ചാത്തലത്തിലാണ്‌ റാങ്ക്‌ നിർബന്ധമാക്കിയും ഫീസ്‌ ഏകീകരണം ലക്ഷ്യം വച്ചുമുള്ള ഓർഡിനൻസ്‌ പ്രസക്തമാകുന്നത്‌. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ പ്രവേശനത്തിനും ഈ വർഷം മുതൽ നീറ്റ്‌ റാങ്ക്‌ നിർബന്ധമാ ക്കിയ സുപ്രിംകോടതി വിധിയും ഫീസ്‌ ഏകീകരിക്കണമെന്ന കോടതി നിർദ്ദേശവും പരിഗണിച്ചാണ്‌ ഓർഡിനൻസ്‌. സർക്കാർ നിയമ നിർമാണം നടത്തണമെന്ന്‌ ഇതുസംബന്ധിച്ച്‌ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലും സ്വാശ്രയ മാനേജ്മെന്റ്‌ പ്രതിനിധികളുടെ യോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു. എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്സുകൾക്ക്‌ നീറ്റ്‌ റാങ്ക്‌ പട്ടികയിൽ നിന്നായിരിക്കും പ്രവേശനം. മറ്റു മെഡിക്കൽ-പാരാമെഡിക്കൽ കോഴ്സുകൾക്ക്‌ സർക്കാർ നടത്തുന്ന പരീക്ഷയായിരിക്കും ബാധകം. ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങളിലും പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കും സർക്കാർ നിശ്ചയിക്കുന്ന സംവരണം ഉറപ്പാക്കും. ദാരിദ്ര്യ രേഖയ്ക്ക്‌ താഴെവരുന്ന ചുരുങ്ങിയത്‌ 20 ശതമാനം വിദ്യാർഥികൾക്ക്‌ ഫീസ്‌ സബ്സിഡി മാനേജ്മെന്റ്‌ നൽകണമെന്നും വ്യവസ്ഥയുണ്ട്‌. സർക്കാർ സീറ്റിലെ ഫീസിന്‌ തുല്യമായ ഫീസിന്‌ വിദ്യാർഥിക്ക്‌ പഠിക്കാൻ കഴിയുംവിധം സബ്സിഡി നൽകണമെന്ന്‌ നിയമം നിർദേശിക്കുന്നു.
അഡ്മിഷൻ ആൻഡ്‌ ഫീ റഗുലേറ്ററി കമ്മിറ്റി രൂപീകരി ക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രവേശനം, ഫീ എന്നീ കാര്യങ്ങളിൽ പരാതിയുണ്ടായാൽ അന്വേഷണം നടത്തുന്നതിന്‌ കമ്മിറ്റിക്ക്‌ സിവിൽ കോടതിയുടെ അധികാരം നൽകിയിട്ടുണ്ട്‌. നിയമം ലംഘിച്ചുവെന്ന്‌ ബോധ്യപ്പെട്ടാൽ സ്ഥാപനത്തിന്‌ പത്തു ലക്ഷം രൂപവരെ പിഴ ചുമത്താം. പ്രവേശനം അസാധുവാക്കുകയും ചെയ്യാം. നിശ്ചയിച്ച ഫീസിൽ കൂടുതൽ വാങ്ങിയെന്ന്‌ ബോധ്യപ്പെട്ടാൽ അത്‌ തിരിച്ചുകൊടുക്കാൻ കമ്മിറ്റിക്ക്‌ ഉത്തരവിടാം. ഇതൊക്കെ കൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതിനുള്ള വഴിയായി ഈ ഓർഡിനൻസുകൾ മാറുമെന്ന്‌ പ്രതീക്ഷിക്കാം.

  Categories:
view more articles

About Article Author