സുപ്രിംകോടതി വിധിയുടെ കാലിക പ്രസക്തി

January 04 05:00 2017

സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ വിധികളിലൊന്നാണ്‌ കഴിഞ്ഞ ദിവസം സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായത്‌. ദീർഘ കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം. രാഷ്ട്രീയ നേതാക്കളും മതമേധാവികളുമടക്കം എല്ലാവരും മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ അംഗീകരിക്കുന്നില്ലെന്ന പരസ്യ നിലപാട്‌ സ്വീകരിക്കുന്നവരാണ്‌. മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്ന്‌ സമ്മതിക്കുകയും ചെയ്യും. പക്ഷേ തെരഞ്ഞെടുപ്പ്‌ പോലുള്ള ജനാധിപത്യ പ്രക്രിയയിലെല്ലാം രഹസ്യമായും പലപ്പോഴും പരസ്യമായും മതം രാഷ്ട്രീയത്തിലും തിരിച്ചും ബന്ധം പുലർത്തുന്നതും ഇടപെടുന്നതും സാധാരണമായിരിക്കുകയാണ്‌. അതുകൊണ്ടു തന്നെ സാമുദായിക സംഘടനകൾ വിലപേശൽ ശക്തിയായി മാറുകയും ചെയ്യുന്നുണ്ട്‌.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ മാത്രമല്ല വോട്ടു തേടുന്നതിലും സാമുദായിക പരിഗണനകൾ വന്നുഭവിക്കുന്നു. ഇത്തരമൊരു സാഹചര്യം ജനാധിപത്യത്തിലുണ്ടാക്കിയ അപകടം വളരെ വലുതാണ്‌. സമുദായ സംഘടനകൾ വിലപേശലിൻ്‌ തുനിയുന്നു എന്നതു മാത്രമല്ല ആ അപകടം. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തിൽ നിന്ന്‌ സാമുദായിക സംഘടനകളുടെ അജൻഡകൾക്കു മാറ്റം സംഭവിച്ചു. സാമുദായികാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ ഉദയത്തിലേയ്ക്കും അത്‌ നയിച്ചു.
തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ സാമുദായിക ധ്രുവീകരണമുണ്ടാക്കുക, അതിന്‌ കലാപങ്ങളും വർഗീയ ലഹളകളുമുൾപ്പെടെയുള്ള ഹീനമാർഗ്ഗങ്ങൾ സ്വീകരിക്കുക തുടങ്ങിയ അപകടകരവും അനാശാസ്യവുമായ നിരവധി പ്രവണതകളാണ്‌ അതിന്റെ ഭാഗമായി ഉടലെടുത്തത്‌. ഇത്തരം അനാശാസ്യ പ്രവണതകളുടെ ഏറ്റവും വലിയ പ്രയോക്താക്കൾ ഇപ്പോൾ രാജ്യ ഭരണത്തിലുമാണ്‌. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയമുണ്ടാക്കുന്നതിന്‌ സാമുദായിക ധ്രുവീകരണമാണ്‌ എളുപ്പവഴിയെന്ന്‌ തിരിച്ചറിഞ്ഞ സംഘപരിവാർ വളരെ നേരത്തേ തന്നെ അത്തരം ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.
ഈയൊരു പശ്ചാത്തലത്തിൽ നിന്നുവേണം കഴിഞ്ഞ ദിവസമുണ്ടായ സുപ്രിം കോടതി വിധിയെ സമീപിക്കാൻ. ജാതിയുടെയും മതത്തിന്റെയും വംശം, വർണം എന്നിവയുടെയും പേരിൽ സ്ഥാനാ ർഥികളാകുന്നതും വോട്ടു തേടുന്നതും അഴിമതിയാണെന്ന കൃത്യമായ നിർവചനമാണ്‌ പരമോന്നത കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്‌.
‘തെരഞ്ഞെടുപ്പു മതേതരപ്രക്രിയയാണ്‌. അവിടെ മതത്തിന്‌ ഇടമില്ല. ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളും മതേതരമായിരിക്കണം, തെരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തെരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതിയായി കണക്കാവുന്നതാണ്‌, വിശ്വാസം വ്യക്തിപരമാണ്‌, അവിടെ കോടതിക്കും സ്ഥാനമില്ല’ എന്നിങ്ങനെയുള്ള സുപ്രധാനമായ തീർപ്പുകളാണ്‌ കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്‌.
ഭരണഘടനയുടെ തത്വം, ധർമ്മം എന്നത്‌ മതനിരപേക്ഷതയാണെന്നും അവിടെ മതവും രാഷ്ട്രീയവും തമ്മിൽ കലർത്താനാവില്ലെന്നും കോടതി അർഥശങ്കയ്ക്കിടം നൽകാതെ വ്യക്തമാക്കിയിട്ടുണ്ട്‌.
തെരഞ്ഞെടുപ്പിന്‌ വോട്ടുകൾ നേടാൻ മതം ഉപയോഗിക്കാമോ എന്നും അതല്ലെങ്കിൽ അത്തരം രീതി അഴിമതിയായി കണ്ട്‌ വിജയിച്ച സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ സാധിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടികാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കവേ ആയിരുന്നു ചീഫ്‌ ജസ്റ്റിസ്‌ ടി എസ്‌ ഠാക്കൂർ,ജസ്റ്റിസ്മാരായ എം ബി ലോകൂർ, എസ്‌ എ ബോദ്ബേ, എ കെ ഗോയൽ, ഉദയ്‌ ലളിത്‌, ചന്ദ്രചൂഡ്‌, എൽ നാഗേശ്വര റാവു എന്നിവർ അടങ്ങിയ ഏഴംഗ ബെഞ്ച്‌ ഇത്തരം വിധി പ്രസ്താവം നടത്തിയത്‌.
തീർച്ചയായും രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണ്‌ ഈ വിധി. അതുകൊണ്ട്‌ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മതത്തിന്റെയും ജാതി – വർണങ്ങളുടെയും സ്വാധീനം ഇല്ലാതാക്കാൻ മാത്രമല്ല കുറ്റകരമാണെന്ന വിധത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ ഇനി ഉണ്ടാകേണ്ടത്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനിൽ നിന്നാണ്‌. തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനത്തെ കുറിച്ചും തെരഞ്ഞെടുപ്പ്‌ ചെലവുകൾ നിയന്ത്രിക്കേണ്ടതിനെ കുറിച്ചും കഴിഞ്ഞ മാസമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നത്‌. അതുമായി ബന്ധപ്പെടുത്തി ഈ വിധിയേയും കാണാൻ കമ്മിഷൻ സന്നദ്ധമാകണം. സുപ്രിംകോടതി വിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട്‌ ജാതി,മത, വർണ, ഭാഷാ സ്വാധീനമില്ലാത്ത തെരഞ്ഞെടുപ്പ്‌ നടത്താൻ സാധിക്കണം. സുപ്രിം കോടതി തന്നെ അഴിമതിയുടെ ഗണത്തിൽപ്പെടുത്തിയ സാഹചര്യത്തിൽ അതിന്‌ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയ്ക്കെതിരെ അയോഗ്യരാക്കുന്നതുൾപ്പെടെയുള്ള കർശന ശിക്ഷാ നടപടികൾ – അതിന്‌ നിയമഭേദഗതി ആവശ്യമാണെങ്കിൽ അത്‌ വരുത്തിക്കൊണ്ട്‌- സ്വീകരിക്കാൻ തെരഞ്ഞെടുപ്പ്‌ കമ്മിഷനും സർക്കാരും സന്നദ്ധമാകേണ്ടതുണ്ട്‌. അത്‌ ഈ വിധിയെ മാനിക്കുന്നതിന്‌ മാത്രമല്ല, ജനാധിപത്യത്തെയും മതേതരത്വത്തെയും സ്നേഹിക്കുന്നുവെന്ന്‌ തെളിയിക്കാനുള്ള അവസരം കൂടിയാണ്‌.
സുപ്രധാനമായൊരു വിധിയാണുണ്ടായതെങ്കിലും മറ്റൊരു ദുഃഖകരമായ വസ്തുതകൂടി പറയാതിരുന്നുകൂടാ. ഇങ്ങനെയൊരു വിധി ഒറ്റക്കെട്ടായി പുറപ്പെടുവിക്കാൻ ഭരണഘടനാ ബെഞ്ചിന്‌ സാധ്യമായില്ല എന്നതാണത്‌. ഏഴംഗങ്ങളിൽ നാലുപേർ അംഗീകരിച്ചുകൊണ്ട്‌ ഭൂരിപക്ഷതീരുമാനമായാണ്‌ വിധി പുറത്തുവന്നിട്ടുള്ളത്‌. സുപ്രിംകോടതി പോലെ മഹത്തായൊരു സ്ഥാപനത്തിൽ അങ്ങനെയൊരു സാഹചര്യമുണ്ടായത്‌ എല്ലാവരേയും വേദനിപ്പിക്കുന്നതാണ്‌.

  Categories:
view more articles

About Article Author