സുപ്രിംകോടതി വിധി ഗതിനിർണായകം

April 20 04:55 2017

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രഗതിയെ മാറ്റിമറിച്ച ബാബ്‌റിമസ്ജിദ്‌ തകർക്കൽ ഗൂഢാലോചന കേസിൽ ബിജെപിയുടെ തലമുതിർന്ന നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയവർക്കെതിരെ വിചാരണയ്ക്ക്‌ സുപ്രിംകോടതി കഴിഞ്ഞ ദിവസം നൽകിയ ഉത്തരവ്‌ രാജ്യത്തെ നീതിന്യായ ചരിത്രത്തിലെ അതീവപ്രാധാന്യമർഹിക്കുന്ന വിധികളിൽ ഒന്നാണ്‌. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഗുരുതരമായ തെറ്റുകളിൽ ഒന്നാണ്‌ ഭരണഘടനയുടെ 142-ാ‍ം വകുപ്പ്‌ നൽകുന്ന അസാധാരണ അധികാരമുപയോഗിച്ച്‌ ജസ്റ്റിസ്‌ പി സി ഘോഷ്‌, റോഹിൻടൺ എഫ്‌ നരിമാൻ എന്നിവരടങ്ങിയ ബഞ്ച്‌ തിരുത്തിയിരിക്കുന്നത്‌. ബാബ്‌റി മസ്ജിദ്‌ തകർക്കപ്പെട്ട്‌ കാൽനൂറ്റാണ്ട്‌ പിന്നിടുമ്പോഴാണ്‌ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കും ഭരണഘടനയുടെ അന്തസത്തയ്ക്കും നിരക്കാത്ത അതീവഗുരുതരമായ ഗൂഢാലോചന നിയമത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക്‌ വിധേയമാകുന്നത്‌. അത്‌ ഫലത്തിൽ അതീവ നിഗൂഢമായ ആസൂത്രണത്തിലൂടെ രാജ്യത്തെ മതേതര ജനാധിപത്യത്തെയും അതുവഴി ജനതയുടെ ഐക്യത്തേയും രാഷ്ട്ര നിലനിൽപ്പിനെത്തന്നെയും ചോദ്യം ചെയ്ത സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ തന്നെ വിചാരണയായി മാറുമെന്നാണ്‌ ദേശസ്നേഹികളായ മുഴുവൻ ജനതയും പ്രതീക്ഷിക്കുന്നത്‌. രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന അതീവ ഗൗരവതരമായ ഒരു ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ട ഉന്നതരായ നേതാക്കളെ കുറ്റവിമുക്തരാക്കിയ റായ്ബറേലി മജിസ്ട്രേറ്റ്‌ കോടതിവിധിയാണ്‌ ഫലത്തിൽ സുപ്രിംകോടതി അസാധുവാക്കിയിരിക്കുന്നത്‌. അതിപ്രധാനമായ ഇത്തരമൊരു കേസി ൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ യുപി ഗവൺമെന്റിന്റെ നടപടിയും കേസ്‌ ഫലപ്രദമായി മുന്നോട്ട്‌ കൊണ്ടുപോകുന്നതിൽ വീഴ്ച വരുത്തിയ കോടതിവിധികളും അതുവഴി നീതിനിർവഹണത്തിൽ വന്ന അസാധാരണമായ കാലതാമസവും നീതിയുടെ നിഷേധം തന്നെയാണെന്നും സുപ്രിംകോടതി വിലയിരുത്തുന്നു. അടുത്ത രണ്ട്‌ വർഷങ്ങൾക്കകം പൂർത്തിയാക്കുന്ന വിചാരണ ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെറ്റുതിരുത്തലിൽ ഒന്നാവുമെന്ന പ്രതീക്ഷയാണ്‌ ഈ വിധി രാജ്യത്തിന്‌ നൽകുന്നത്‌.
എൽ കെ അഡ്വാനിയും മുരളി മനോഹർ ജോഷിയുമടക്കം ഉന്നത ബിജെപി സംഘ്പരിവാർ നേതാക്കൾക്കും ലക്ഷക്കണക്കിന്‌ വരുന്ന കർസേവകർക്കും എതിരായ കേസുകൾ രണ്ടായി വിഭജിച്ച്‌ റായിബറേലി കോടതിയിലും ലക്നൗവിലെ സിബിഐ കോടതിയിലും വെവ്വേറെ വിചാരണ നടത്തുകയെന്ന അലഹബാദ്‌ ഹൈക്കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനം യഥാർത്ഥത്തിൽ സമുന്നത നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായേ കരുതാനാവൂ. റായ്‌ ബറേലി കോടതിയിൽ വിചാരണ നടത്തേണ്ട ജഡ്ജിന്റെ തസ്തിക തന്നെ ദീർഘകാലം ഒഴിഞ്ഞുകിടന്നിരുന്നുവെന്നതു തന്നെ ഉന്നതങ്ങളിൽ നടന്ന ഗൂഢാലോചനയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. രാജ്യത്തിന്റെ നിലനിൽപിനെ തന്നെ വെല്ലുവിളിച്ച അപമാനകരമായ ബാബ്‌റി മസ്ജിദ്‌ തകർക്കൽ ഗൂഢാലോചനയിൽ കുറ്റാരോപിതരായ രണ്ടുപേർ രാജ്യത്ത്‌ ഭരണതലത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരാണ്‌. കേസിൽ ഉൾപ്പെട്ട കല്യാൺസിങ്‌ ഇപ്പോൾ രാജസ്ഥാൻ ഗവർണറാണ്‌. വിചാരണ നേരിടുന്നതിൽ നിന്നും ബാബ്‌റിമസ്ജിദ്‌ പൊളിക്കൽ കാലയളവിൽ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങിന്‌ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കും. അധികാരം വിട്ടൊഴിയുന്ന നിമിഷം അദ്ദേഹം ക്രിമിനൽ ഗൂഢാലോചനയ്ക്ക്‌ വിചാരണ നേരിടേണ്ടിവരും. ഗവർണർ പദവി നീതിനിർവഹണ പ്രക്രിയയിൽ നിന്നും ഒളിച്ചോടാനുള്ള അവസരമാണ്‌ അദ്ദേഹത്തിന്‌ നൽകുന്നത്‌. നിയമം എന്തുതന്നെയാണെങ്കിലും അത്‌ അധാർമികമാണ്‌. കല്യാൺസിങ്‌ സ്വമേധയാ രാജിവയ്ക്കാൻ തയാറാവുന്നില്ലെങ്കിൽ അദ്ദേഹത്തെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ മോഡി ഗവൺമെന്റും രാഷ്ട്രപതിയും സന്നദ്ധമാവണം. കേന്ദ്രമന്ത്രി ഉമാഭാരതി തൽസ്ഥാനത്ത്‌ തുടരുന്നതും അനുചിതമാണ്‌. ഇക്കാര്യത്തിലും സമാനമായ സമീപനം സ്വീകരിക്കാൻ കേന്ദ്രഗവൺമെന്റ്‌ തയാറാവണം.
ഗൂഢാലോചനക്കാരും കർസേവകരും ഉൾപ്പെട്ട രണ്ട്‌ കേസുകൾ സംയോജിപ്പിച്ച്‌ പുതുതായി വിചാരണ ആരംഭിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട്‌ കണക്കിലെടുത്ത്‌ വിചാരണ മുടക്കംകൂടാതെ ദൈനംദിനാടിസ്ഥാനത്തിൽ നടത്തണമെന്നാണ്‌ സുപ്രിംകോടതി നിർദേശം. വിചാരണ ജഡ്ജിനെ ഇക്കാലയളവിൽ സ്ഥലം മാറ്റരുതെന്നും കോടതി നിഷ്കർഷിക്കുന്നു. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കേസ്‌ ഏതുവിധേനയും അട്ടിമറിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തീവ്രഹിന്ദുത്വത്തിന്റെ പ്രതിനിധികളാണ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നയിക്കുന്നത്‌. ബാബ്‌റി മസ്ജിദ്‌ ഗൂഢാലോചനയിൽ പങ്കാളികളെന്ന കുറ്റം ആരോപിക്കപ്പെട്ട നേതാക്കളുടെ വർഗീയതയ്ക്ക്‌ തീവ്രത പോരെന്ന്‌ കരുതുന്നവരാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ബാബ്‌റിമസ്ജിദ്‌ തകർക്കാൻ ഗൂഢാലോചനക്കേസ്‌ നിഷ്പക്ഷമായും ബാഹ്യഇടപെടലും അട്ടിമറിയും കൂടാതെ നടക്കുമെന്ന്‌ ഉറപ്പുവരുത്തേണ്ട ഭരണഘടനാപരമായ ബാധ്യതയും ഉത്തരവാദിത്വവും സുപ്രിംകോടതിക്കുണ്ട്‌. ഇക്കാര്യത്തിൽ പരമോന്നത കോടതി അതീവ ജാഗ്രത പുലർത്തുമെന്നും നീതിനിർവഹിക്കപ്പെടുമെന്നും ജനങ്ങൾക്കുള്ള മുന്നുറപ്പ്‌ പരമോന്നത കോടതിയിലുള്ള അചഞ്ചലമായ വിശ്വാസം തന്നെയാണ്‌. അത്‌ സുപ്രിംകോടതി കാത്തുസൂക്ഷിക്കുമെന്ന്‌ രാജ്യം ഉറച്ചുവിശ്വസിക്കുന്നു.

  Categories:
view more articles

About Article Author