Saturday
26 May 2018

സൂപ്പർ സൺഡേ

By: Web Desk | Sunday 18 June 2017 4:45 AM IST

  • ചാമ്പ്യൻസ്‌ ട്രോഫി കലാശപ്പോര്‌ ഇന്ന്‌
  • കിരീടം നിലനിർത്താൻ ടീം ഇന്ത്യ
  • ആദ്യകിരീടം ലക്ഷ്യമിട്ട്‌ പാകിസ്ഥാൻ
  • ഇന്ത്യ-പാക്‌ ഫൈനൽ പത്തുവർഷത്തിന്‌ ശേഷം

ലണ്ടൻ:ന ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിൽ ഇന്ന്‌ ഇന്ത്യ-പാക്‌ പോരാട്ടം. 10 വർഷത്തിന്‌ ശേഷമാണ്‌ ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നത്‌.
തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ്‌ വിരാട്‌ കോലിയും സംഘവും ഓവലിൽ ഇറങ്ങുന്നത്‌. അതേസമയം ആതിഥേയരായ ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ച്‌ ഫൈനലിലെത്തിയ പാകിസ്ഥാൻ ആദ്യകിരീടം ലക്ഷ്യമിട്ടാണ്‌ പോരിനിറങ്ങുക. വൈകിട്ട്‌ മൂന്ന്‌ മുതലാണ്‌ കലാശപ്പോരാട്ടം.
ശക്തമായ ബാറ്റിംഗ്‌ ലൈനപ്പാണ്‌ റൺസൊഴുകുന്ന പിച്ചിൽ ഇന്ത്യൻ പ്രതീക്ഷ. ഓപ്പണിങ്ങിൽ രോഹിത്‌ ശർമ്മയും ശിഖർ ധവാനുമായിരിക്കും. മൂന്നാമനായി ക്യാപ്റ്റൻ കോലിയെത്തും. മധ്യനിരയിൽ യുവരാജും, ധോണിയും, ഹർദിക്‌ പാണ്ഡ്യയും ജാദവും എത്തുന്നു. നാല്‌ കളിയിൽ നിന്ന്‌ 317 റൺസുമായി ടൂർണമെന്റിൽ ടോപ്‌ സ്കോററാണ്‌ ധവാൻ.
ഭുവനേശ്വർ കുമാറും ജസ്പ്രീത്‌ ബുംറയും പേസ്‌ ആക്രമണം നയിക്കുമ്പോൾ രവീന്ദ്ര ജഡേജയും അശ്വനും സ്പിൻ മുന്നേറ്റത്തിന്‌ ചുക്കാൻ പിടിക്കും. ഇതോടൊപ്പം ഇന്ത്യയുടെ ആത്മവിശ്വാസത്തിന്‌ കരുത്തു പകരുന്നതാണ്‌ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ നേടിയ ആധികാരിക ജയം. 124 റൺസിനായിരുന്നു ഇന്ത്യ പാകിസ്ഥാനെ തകർത്തത്‌. ബംഗ്ലാദേശിനെ തരിപ്പണമാക്കിയാണ്‌ ഇന്ത്യയുടെ ഫൈനൽപ്രവേശനം.
ഐസിസിയുടെ സുപ്രധാന മൽസരങ്ങളിലെല്ലാം പാക്‌ നിരക്കെതിരെ ടീം ഇന്ത്യക്കായിരുന്നു ആധിപത്യം. ഏകദിന ലോകകപ്പിലും ട്വന്റി20 യിലും അയൽക്കാരെ 11 കളികളിലും തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ടീം ഇന്ത്യക്കുണ്ട്‌. 2007ൽ പാകിസ്ഥാനെ തോൽപിച്ചാണ്‌ മഹേന്ദ്രസിങ്‌ ധോണിയുടെ കീഴിൽ ഇന്ത്യ പ്രഥമ ട്വന്റി20 കിരീടം സ്വന്തമാക്കുന്നത്‌. വീണ്ടുമൊരു ഫൈനലിൽ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോൾ നായകസ്ഥാനത്ത്‌ കോലിയാണ്‌.
പ്രതീക്ഷയോടെയാണ്‌ സർഫറാസ്‌ അഹമ്മദും കൂട്ടരും ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്‌. പാകിസ്ഥാൻ സെമി കടക്കില്ലെന്ന്‌ പ്രവചിച്ചവർ ഏറെയായിരുന്നു.ദക്ഷിണാഫ്രിക്കയേയും ശ്രീലങ്കയേയും കീഴടക്കിയാണ്‌ പാക്കിസ്ഥാന്റെ സെമി പ്രവേശം.
അഷർ അലി, മുഹമ്മദ്‌ ഹഫീസ്‌, ഷുഐബ്‌ മാലിക്ക്‌, സർഫ്രാസ്‌ അഹമ്മദ്‌ എന്നിവർ മികച്ച കൂട്ടുകെട്ട്‌ പടുത്തുയർത്തിയാൽ പാക്കിസ്ഥാന്‌ കിരീട പ്രതീക്ഷയുണ്ട്‌. ഒപ്പം മുഹമ്മദ്‌ ആമിറും ജുനൈദ്‌ ഖാനും ഹസൻ അലിയും അടങ്ങുന്ന പേസ്‌ ബൗളർമാർ ഫോമിലാണ്‌. 1992ന്‌ ശേഷമുള്ള ആദ്യ ലോക കിരീടം എന്ന നേട്ടമാണ്‌ പാകിസ്ഥാന്‌ കയ്യെത്തുംദൂരത്ത്‌ എത്തിയിരിക്കുന്നത്‌.


2000 കോടിയുടെ വാതുവെയ്പ്‌
ലണ്ടൻ: ഐസിസി ചാമ്പ്യൻസ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ നടക്കാൻ പോകുന്നത്‌ 2000 കോടിയുടെ വാതുവയ്പെന്ന്‌ റിപ്പോർട്ട്‌. ഏറ്റവും കൂടുതൽ പേർ വാതുവയ്ക്കുന്നത്‌ ടീം ഇന്ത്യയുടെ പേരിൽ തന്നെയാണ്‌.
എന്നാൽ ഇന്ത്യയുടെ പേരിൽ പന്തയം വച്ചാൽ തിരികെ കിട്ടുന്ന തുക ഒരൽപം കുറവാണ്‌. ഇന്ത്യക്ക്‌ വേണ്ടി 100 രൂപക്ക്‌ പന്തയം വെക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്താൽ 147 രൂപയാണ്‌ തിരികെ ലഭിക്കുക. അതേസമയം പാകിസ്ഥാൻ വിജയിച്ചാൽ ഒരാൾക്ക്‌ 100 രൂപയ്ക്ക്‌ 300 രൂപലഭിക്കും.
പത്ത്‌ വർഷത്തിനിടെ ഒരു ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തുന്നത്‌ ഇതാദ്യമാണ്‌. അതിനാലാണ്‌ ഇത്ര വലിയ തുകയുടെ വാതുവയ്പ്‌ നടക്കുന്നതെന്ന്‌ വിദഗധർ അഭിപ്രായപ്പെടുന്നു.
ഓൺലൈൻ വഴിയുള്ള ചൂതാട്ടം നിയമ വിധേയമായ ലണ്ടനിലാണ്‌ വാതുവയ്പിന്റെ കേന്ദ്രമെന്നും ഓൾ ഇന്ത്യാ ഗെയിമിങ്‌ ഫെഡറേഷൻ പുറത്തിറക്കിയ കണക്കുകളിൽ പറയുന്നു.


ലക്ഷ്യം കോലിയുടെ വിക്കറ്റ്‌: ആമിർ
ലണ്ടൻ: ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിൽ ഇന്ത്യൻ നായകൻ വിരാട്‌ കോലിയുടെ വിക്കറ്റാണ്‌ തന്റെ ലക്ഷ്യമെന്ന്‌ പാകിസ്ഥാൻ പേസർ മുഹമ്മദ്‌ ആമിർ.
ഇന്ത്യൻ ടീം കോലിയെയാണ്‌ ആശ്രയിക്കുന്നത്‌. നായകനെന്ന നിലയിൽ കോലിയുടെ ആദ്യത്തെ വലിയ ടൂർണമെന്റാണിത്‌. ഇത്‌ കോലിയിൽ സമ്മർദ്ദമുണ്ടാക്കും. കോലിയുടെ വിക്കറ്റ്‌ ഞങ്ങൾക്ക്‌ ആനുകൂല്യം നൽകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ആമിർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തിൽ മുഹമ്മദ്‌ ആമിർ കളിച്ചിരുന്നില്ല. പകരം റുമ്മാൻ റയീസിനാണ്‌ അവസരം കിട്ടിയത്‌. 2007 ലോക ട്വന്റി20ക്ക്‌ ശേഷം ആദ്യമായാണ്‌ ഐ സിസിയുടെ ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും മത്സരിക്കാനിറങ്ങുന്നത്‌.