സ്തനാർബുദം പുരുഷന്മാരിലും കൂടുന്നു

സ്തനാർബുദം പുരുഷന്മാരിലും കൂടുന്നു
October 18 04:55 2016

ന്യൂഡൽഹി: രാജ്യത്ത്‌ സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുന്നതായി കണക്കുകൾ. ജനിതക തകരാറുകളും അമിത മദ്യപാനവുമാണ്‌ പ്രധാന കാരണമെന്ന്‌ ഡോക്ടർമാർ വിലയിരുത്തുന്നു. സ്ത്രീകളിലെ സ്തനാർബുദം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരിലിത്‌ പലപ്പോഴും തിരിച്ചറിയുന്നത്‌ വൈകിയാണ്‌.
രോഗലക്ഷണങ്ങൾ ഗൗരവമായി കണക്കിലെടുക്കാത്തതും ആക്ഷേപിക്കപ്പെടുമെന്ന ഭയവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ്‌ പുരുഷ സ്തനാർബുദത്തെ ഗുരുതരാവസ്ഥയിലേക്ക്‌ നയിക്കുന്നതെന്ന്‌ ഫോർട്ടിസ്‌ ആശുപത്രിയിലെ സീനിയർ ഓങ്കോളജിസ്റ്റ്‌ ഡോ. വികാസ്‌ ഗോസ്വാമി പറയുന്നു.
മദ്യപാനത്തിനു പുറമെ അമിതവണ്ണം, കരൾ രോഗങ്ങൾ, അമിത മാംസാഹാരം, വൈദ്യുത കാന്തിക വികിരണം, ചില രാസവസ്തുക്കൾ, വർധിച്ച ചൂട്‌ എന്നിവയും പുരുഷ സ്തനാർബുദത്തിന്‌ കാരണമാകുന്നു. പാരമ്പര്യമായി സ്തനാർബുദമുണ്ടെങ്കിൽ അതും രോഗത്തിന്‌ വഴിയൊരുക്കും. സ്ത്രീകളിലെ സ്തനാർബുദം 30 പേരിൽ ഒരാൾക്ക്‌ സാധ്യത എന്നതാണ്‌ നിരക്ക്‌. എന്നാൽ പുരുഷന്മാരിൽ 400 പേരിൽ ഒരാൾക്കു മാത്രമേ സാധ്യതയുള്ളൂ. 73 ശതമാനം പേരിലും രോഗം ഭേദമാകും. പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച്‌ സ്തനകോശങ്ങൾ കുറവായതാണ്‌ ഇതിനു കാരണം. അതു കൊണ്ടുതന്നെ ശരീരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങി പടരില്ല. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ നിയന്ത്രിക്കാൻ മദ്യപാനത്താൽ തകരാറിലാക്കിയ കരളിന്‌ കഴിയില്ല.
ഈസ്ട്രജൻ അനിയന്ത്രിതമാകുമ്പോൾ പുരുഷന്മാരിൽ സ്തനം വികസിക്കുന്നതിനും വൃഷണങ്ങൾ ചുരുങ്ങുന്നതിനും കാരണമാകും. കാലക്രമേണ കാൻസറായി മാറും. സിറോസിസ്‌ അല്ലെങ്കിൽ മറ്റു തരത്തിലുള്ള കരൾ രോഗങ്ങളുള്ളവർക്ക്‌ കാൻസർ സാധ്യത പതിന്മടങ്ങാണ്‌.

  Categories:
view more articles

About Article Author