Wednesday
23 May 2018

സ്ത്രീചൂഷണങ്ങൾക്ക്‌ പൂർണ്ണവിരാമമിടാൻ

By: Web Desk | Friday 14 July 2017 4:45 AM IST

കൂട്ടായ പ്രവർത്തനമാണ്‌ സിനിമ എന്ന കല. അതിനാൽത്തന്നെ എല്ലാ തൊഴിലിടങ്ങളിലും കാണപ്പെടുന്ന
ശരിതെറ്റുകളെല്ലാം സിനിമകളിലും കാണാം. ദുരൂഹത നിറഞ്ഞ ഒട്ടേറെ ചരിത്രങ്ങൾ എല്ലാ സിനിമാ മേഖലയ്ക്കുമുണ്ട്‌.
പ്രതികരണങ്ങളുടെ അഭാവം മലയാള സിനിമാ ചരിത്രത്തിലും ഇന്ത്യൻ സിനിമാ ചരിത്രത്തിലും സ്ത്രീകൾക്ക്‌
പല അവസരങ്ങളിലും കൊലക്കയർ ഒരുക്കിയിട്ടുമുണ്ട്‌. വെളിപ്പെടുത്താതിരുന്നെങ്കിൽ ഒരു പക്ഷെ
അടിമപ്പെട്ടേക്കാവുന്ന ജീവിതത്തിൽ നിന്നാണ്‌ നമ്മുടെ പ്രിയനടി ഉയർത്തെണീറ്റിരിക്കുന്നത്‌. പീഡനങ്ങളുടെയും
സ്ത്രീ ചൂഷണങ്ങളുടെയും അവസാനമായേക്കാമെന്ന പ്രതീക്ഷയോടെയാണ്‌ സിനിമയിലെ സ്ത്രീ സംഘടനയായ
വിമൺ ഇൻ കളക്ടീവിനെ അഭിനേത്രികൾ നോക്കിക്കാണുന്നത്‌. സിനിമാ മേഖലയിലെ ചൂഷണങ്ങൾ
ചില നടിമാർ മുമ്പ്‌ വിളിച്ച്‌ പറഞ്ഞിരുന്നെങ്കിലും ഈ അവസരത്തിലാണ്‌ ഇതെല്ലാം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്‌
മലയാള സിനിമയിൽ ഇനി മാറ്റത്തിന്റെ തുടക്കം

മലയാള സിനിമയിലെ മാറ്റത്തിന്റെ തുടക്കമാണിതെന്ന്‌ രമ്യാ നമ്പീശൻ പറഞ്ഞു. സ്ത്രീകൾക്ക്‌ ഭയമില്ലാതെ സിനിമയിൽ ജോലി ചെയ്യാൻ കഴിയുന്ന അവസ്ഥയുണ്ടാകണമെന്നും താരം വ്യക്തമാക്കി. അമ്മയിൽ അമ്പത്‌ ശതമാനം സ്ത്രീ സംവരണം കൊണ്ടു വരണമെന്ന കാര്യം ഉന്നയിച്ചിട്ടുണ്ട്‌. അടുത്ത യോഗത്തിൽ ഇത്‌ പരിഗണിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

രമ്യ നമ്പീശൻ
ചലച്ചിത്ര നടി, ഗായിക


വിമൺ ഇൻ കളക്ടീവ്‌ സ്ത്രീകൾക്ക്‌ ധൈര്യം പകരാൻ

ആണധികാര മനോഭാവം മാറ്റി സ്ത്രീകളെ കൂടി പരിഗണിക്കുന്ന തരത്തിലേക്ക്‌ അമ്മയെ മാറ്റാൻ കൂടിയാണ്‌ വിമൺ ഇൻ സിനിമ കളക്ടീവ്‌ രൂപീകരിച്ചത്‌. ഒരു സുപ്രഭാതത്തിൽ അതു മാറ്റാനാവില്ല. അമ്മയിൽ പോയി തല്ലുണ്ടാക്കുന്നതിന്‌ പകരം കൂട്ടുകാരിക്ക്‌ നീതി കിട്ടുന്നതിനാണ്‌ ഞങ്ങൾ പ്രയത്നിക്കുന്നത്‌.
സിനിമാ മേഖലയിലേക്ക്‌ വരുന്ന പുതിയ പെൺകുട്ടികൾക്ക്‌ ധൈര്യം പകർന്ന്‌ നൽകുകയും അവർക്ക്‌ ശബ്ദമുയർത്താനുള്ള അവസരം നൽകുകയും വേണം. ഇതും ഡബ്ല്യുസിസിയുടെ ലക്ഷ്യങ്ങളാണ്‌. ഇതുവരെ നൽകിയ പിന്തുണ ഇനിയും തുടരുമെന്നും പ്രതീക്ഷിക്കുന്നതായും റിമ കല്ലിങ്കൽ പറഞ്ഞു.
നാളെ ചിലപ്പോൾ എല്ലാവരും ഒറ്റപ്പെട്ടേക്കാം. സിനിമാ മേഖലയിൽ നിന്ന്‌ പുറത്തായേക്കാം. പക്ഷേ ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ്‌ താത്പര്യം. എട്ട്‌ വർഷം നിലപാടുകൾ തുറന്നു പറഞ്ഞ വ്യക്തിയാണ്‌. അതിനെ തുടർന്ന്‌ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ല.

റിമ കല്ലിങ്കൽ
നടി, നർത്തകി


നീചമായ പ്രവൃത്തി, എല്ലാവരേയും ഒരുപോലെ വേദനിപ്പിച്ചു

മലയാള സിനിമാ കുടുംബത്തിലെ ഒട്ടേറെ സഹപ്രവർത്തകരെ പോലെ കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സിൽ നീറി കിടന്ന കുറെ കനലുകൾ മൗനമെന്ന മറയ്ക്കുള്ളിൽ മൂടി വെക്കേണ്ടി വന്നത്‌ ഒരു വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു. ഇപ്പോൾ അതിലുമുപരി വളരെ നാൾ ഒപ്പം ഒരുമിച്ചു പ്രവർത്തിച്ചു പോന്നിരുന്ന സഹപ്രവർത്തകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയ ഇത്തരത്തിലൊരു പ്രവർത്തി എന്നെ വീണ്ടും തളർത്തി എന്ന്‌ പറയാതെ വയ്യ.
ഇതൊരു പക്ഷെ എന്റെ മാത്രം ചിന്തയാവാനിടയില്ല മലയാള സിനിമാ തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഇത്‌ വല്ലാതെ മുറിവേൽപ്പിച്ചു എന്ന്‌ പറയാതെ വയ്യ. ഇതു സംബന്ധിച്ച്‌ ഇത്‌ വരെ പരസ്യ പ്രതികരണങ്ങൾ നടത്താൻ പലരും മുതിരാതിരുന്നതും അത്‌ കൊണ്ട്‌ തന്നെ എന്ന്‌ ഞാൻ കരുതുന്നു. കാരണം അത്ര കണ്ടു അടുപ്പമുണ്ടായിരുന്നു ഞങ്ങൾക്കെല്ലാം ഇവർ രണ്ടു പേരോടും.
അന്വേഷണം മുന്നോട്ടു പോയിക്കൊണ്ടിരുന്ന വേളയിൽ ഊഹാപോഹങ്ങളുടെ മാത്രം പേരിൽ ആർക്കുമെതിരെ ഒന്നും പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ പിന്നീട്‌ കാര്യങ്ങൾക്കു വ്യക്തത വരികയും, ഗൂഢാലോചനയുടെ രഹസ്യങ്ങൾ വെളിയിൽ വരികയും ചെയ്തപ്പോൾ, ഇനിയും ഈ മൗനത്തിനു പ്രസക്തി ഇല്ലെന്നു തിരിച്ചറിയുന്നു.
എന്ത്‌ വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവർത്തി ഒരു സഹപ്രവർത്തകന്റെ ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്‌. അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടി.
ഇത്‌ സത്യത്തിന്റെയും ധൈര്യത്തിന്റെയും സർവോപരി സ്ത്രീത്വത്തിന്റെയും വിജയമാണ്‌. ഇത്രയേറെ യാതനകൾക്കിടയിലൂടെ കടന്നു പോയിട്ടും, തളർന്നു പോകാതെ, തല കുനിക്കാതെ നിന്ന്‌ ആർജവത്തോടെ പ്രതികരിച്ച, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയായ സഹോദരിയോടുള്ള ബഹുമാനവും പതിന്മടങ്ങ്‌. നീ ഒരു ചുവടു പിന്നോട്ട്‌ പോയിരുന്നെങ്കിൽ, ഇതിനു പിന്നിലെ സത്യം പുറത്തു വരുമായിരുന്നില്ല. ഉയർച്ചയുടെ പടവുകൾ നിനക്ക്‌ മുന്നിൽ തുറന്നു തന്നെ കിടക്കും… നടക്കുക…. മുന്നോട്ടു തന്നെ, സധൈര്യം.

നവ്യ നായർ
നടി


വെളിച്ചത്ത്‌ വരേണ്ടത്‌ അനിവാര്യം

പ്രവർത്തന മേഖലയിൽ പ്രശ്നങ്ങളുണ്ടാകാതെ ആരും ഒരു സംഘടനയുണ്ടാക്കില്ലല്ലോ. സ്ത്രീകൾക്കെതിരെ എല്ലാ മേഖലകളിലും മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്‌. സിനിമാ മേഖലയിലും സ്ത്രീകൾ വ്യത്യസ്തരല്ല. അതുകൊണ്ട്‌ തന്നെ ഇത്തരം സംഭവങ്ങൾ വെളിച്ചത്ത്‌ വരേണ്ടത്‌ അനിവാര്യമായിരുന്നു. നിയമപരമായ എല്ലാ പിന്തുണയ്ക്കും ഈ കൂട്ടായ്മ വളരെ നല്ലതാണ്‌. രാത്രി കാലങ്ങളിൽപ്പോലും സ്ത്രീൾക്ക്‌ ജോലി അവസാനിക്കുന്നില്ല. രാത്രികാലങ്ങളിൽ സ്ത്രീകൾ കുറച്ചുകൂടി ജാഗരൂകരായിരിക്കുക. നടന്ന സംഭവത്തിൽ വിഷമമുണ്ടെങ്കിലും തുറന്ന്‌ പറയാനാകുന്ന എല്ലാ കാര്യങ്ങളെയും വെളിച്ചത്ത്‌ കൊണ്ടുവരാനുള്ള ഈ അവസരം എല്ലാ സ്ത്രീകളും ഉപയോഗിക്കണം.

മേതിൽ ദേവിക
നർത്തകി, അഭിനേത്രി


കാസ്റ്റിങ്‌ കൗച്ച്‌ മുതിർന്ന ആളുകളിൽ നിന്ന്‌
മലയാള സിനിമയിൽ ‘കാസ്റ്റിങ്ങ്‌ കൗച്ച്‌’ ഉണ്ട്‌. വളരെ മുതിർന്ന ആളുകളിൽ നിന്നാണ്‌ ഈ അനുഭവം ഉണ്ടായിട്ടുള്ളത്‌. ഒത്തു തീർപ്പിന്‌ വഴങ്ങാത്തതുകൊണ്ട്‌ ആയിരിക്കാം കുറച്ചു വർഷങ്ങൾ സിനിമയിൽ ഇല്ലാതിരുന്നത്‌ എന്നും പാർവ്വതി പറഞ്ഞു.
പ്രമുഖരായ വളരെ മുതിർന്ന ആളുകളിൽ നിന്നാണ്‌ ഈ അനുഭവം ഉണ്ടായിട്ടുള്ളത്‌. അതിൽ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ്‌ ചോദിക്കുന്നത്‌. ഞങ്ങളാണ്‌ നിനക്ക്‌ ബ്രേക്ക്‌ തന്നത്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌. എല്ലാവരും ഒരു പോലെയാണ്‌. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകൾ വരാതിരുന്നത്‌. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത്‌ അങ്ങനെയാണ്‌’ എന്നൊക്കെ പറഞ്ഞ്‌ ചിലർ വരും. അങ്ങനെയാണെങ്കിൽ എനിക്കത്‌ വേണ്ട എന്ന്‌ ഞാൻ പറഞ്ഞു.

പാർവതി
നടി


സ്ത്രീകളെ പരിഗണിക്കാതെ അവസ്ഥയ്ക്ക്‌ മാറ്റം വരില്ല

ഇത്തരത്തിലുള്ള പല അനുഭവങ്ങളെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. ചിലർ നിവൃത്തികേടുകൊണ്ട്‌ ഇത്തരം സാഹചര്യങ്ങളുമായി വഴങ്ങാറുണ്ട്‌. ആ അവസ്ഥയ്ക്ക്‌ മാറ്റം വരാതെ സിനിമ ഒരിക്കലും സ്ത്രീ കേന്ദ്രീകൃതമാകില്ല.

റായി ലക്ഷ്മി
നടി


നാടിനെ ഞെട്ടിച്ച സംഭവമാക്കിയത്‌ പറഞ്ഞ്‌ തീർക്കാവുന്ന വിഷയം
നാലു ചുമരുകൾക്കകത്ത്‌ പറഞ്ഞു തീർക്കാവുന്ന പ്രശ്നമായിരുന്നു അത്‌. പക്ഷേ അത്‌ വളർന്ന്‌ നാടിനെ മുഴുവൻ ഞെട്ടിച്ച പ്രശ്നമായി മാറി. സിനിമാ മേഖലയ്ക്കും വലിയ നാണക്കേടുണ്ടാക്കി. ഇത്‌ സിനിമാ മേഖലയെ മുഴുവൻ മോശമായി ബാധിക്കുമെന്നും മമ്മ്ത പറഞ്ഞു. നടിമാർ തുടങ്ങിയ വിമൻ ഇൻ സിനിമ കളക്ടീവിനെക്കുറിച്ചും താരം പറഞ്ഞു. അങ്ങനെയൊരു സംവിധാനം വേണമെന്ന്‌ തോന്നിയവരാണ്‌ അത്‌ ആരംഭിച്ചത്‌. നല്ലതാണ്‌ എന്നാൽ താൻ അതിൽ അംഗമല്ലെന്നും നടി പറഞ്ഞു.

മംത മോഹൻദാസ്‌
നടി


ഒരു സാധാരണക്കാരിയായിരുന്നെങ്കിൽ ഇത്രയും അറ്റൻഷൻ കിട്ടുമായിരുന്നില്ല
സിനിമാ മേഖല ഒരുപാട്‌ ജോലിയുള്ള മേഖലയാണ്‌. ആണുങ്ങൾ കുറേ ഉള്ള മേഖലയാണ്‌. അതുകൊണ്ട്തന്നെ പ്രവർത്തിക്കാൻ പോകുന്ന ആ ടീമിനെക്കുറിച്ച്‌ നല്ല ധാരണയോടുകൂടിവേണം വേണം സ്ത്രീകൾ സിനിമയിൽ വരാൻ. വിമൺ ഇൻ കളക്ടീവ്‌ എന്ന സംഘടന മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക്‌ നല്ല ഉപകാരമാണ്‌. നല്ല ഇനിഷ്യേറ്റീവ്‌. അതിനെ പൂർണമായും പിന്തുണയ്ക്കുന്നു. പിന്നണിയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക്‌ വേണ്ടിയും ഈ കൂട്ടായ്മ പ്രവർത്തിക്കണം. ഇത്തരം സംഭവങ്ങൾ വെളിച്ചത്ത്‌ വരണം. എങ്ങനെയാണ്‌ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നതെന്നും നോക്കണം. തനിക്ക്‌ നേരിട്ട ദുരനുഭവം അവൾ അത്‌ പറഞ്ഞതിൽ സന്തോഷം. ഒരു സാധാരണക്കാരിയായിരുന്നെങ്കിൽ ഇത്രയും അറ്റൻഷൻ കിട്ടുമായിരുന്നില്ല.
അഞ്ജു ജമീല
കാസ്റ്റിങ്‌ ഡയറക്ടർ


കാസ്റ്റിങ്‌ കൗച്ച്‌ ചലച്ചിത്ര ഗാനരംഗത്തും
സിനിമയിൽ മാത്രമല്ല, സംഗീത മേഖലയിലും ഈ പരിപാടി നടക്കുന്നുണ്ടെന്നും തനിക്ക്‌ നേരിട്ട്‌ അനുഭവമുണ്ടെന്നും ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ്‌ പറയുന്നു.
ഈ സമയത്ത്‌ തൊലി വെളുപ്പാണോ കറുപ്പാണോ എന്ന പ്രശ്നമൊന്നും അവർക്കില്ല. സ്റ്റേജിൽ കയറുമ്പോൾ മാത്രമാണ്‌ പ്രശ്നങ്ങൾ. പാട്ടിലുമുണ്ട്‌ കറുപ്പും വെളുപ്പും. അവാർഡ്‌ നിശകളിലും സ്റ്റേജ്‌ ഷോയ്ക്കും കാണാൻ കൊള്ളാവുന്നവരെയേ പാട്ട്‌ പാടിപ്പിക്കൂ. അവാർഡ്‌ നിശകളുടെ അളവുകോലിൽ ഞാനില്ല.
ഓപ്പൺ ആയി സംസാരിക്കുകയും ഫ്രീയായി പെരുമാറുകയും ചെയ്യുന്നവരോട്‌ ഇത്തരം വിലപേശൽ നടക്കുമെന്ന്‌ ചിലർക്ക്‌ ധാരണയുണ്ട്‌. അതുകൊണ്ടാണ്‌ അത്തരം ആളുകളോട്‌ ഈ രീതിയിൽ പെരുമാറുന്നത്‌ എന്ന്‌ തോന്നിയിട്ടുണ്ട്‌. പക്ഷേ അങ്ങനെയല്ല എന്ന്‌ അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

രശ്മി സതീഷ്‌
ഗായിക, ആക്ടിവിസ്റ്റ്‌