സ്ത്രീവിരുദ്ധതയും മുസ്ലിംലീഗും

സ്ത്രീവിരുദ്ധതയും മുസ്ലിംലീഗും
December 23 04:45 2016

സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്ന മതമാണ്‌ ഇസ്ലാം മതമെന്ന്‌ അവകാശപ്പെടുന്ന മുസ്ലിം മതപണ്ഡിതർ യിൻഹാജിയുടെയും അബ്ദുസമദ്‌ പൂക്കോട്ടൂരിന്റെയും പ്രസ്താവനയെക്കുറിച്ച്‌ പരസ്യമായി പ്രതികരിക്കണം. മുസ്ലിംലീഗ്‌ മതസംഘടനയല്ലെങ്കിൽ, രാഷ്ട്രീയ പാർട്ടിയാണെങ്കിൽ വിശദീകരണം നൽകേണ്ടത്‌ കേരളത്തിലെ ജനങ്ങളോടാണ്‌.  ലീഗിലെ വനിതകളുടെ പ്രതികരണവും ഉണ്ടാവേണ്ടതുണ്ട്‌

ഗീതാനസീർ
“സ്ത്രീകൾ ആണുങ്ങൾക്ക്‌ മുൻപിൽ പ്രസംഗിക്കുന്ന പതിവില്ല. ഇത്‌ ചരിത്രത്തിലില്ലാത്തതാണ്‌ മുജാഹിദ്‌ പ്രസ്ഥാനം പോലും ചെയ്യില്ല”-ഇത്‌ ഏഴാം നൂറ്റാണ്ടിലോ പ്രപഞ്ചമുണ്ടായ കാലത്തോ ഒന്നും നടന്ന ഉദ്ബോധനമല്ല. മനുഷ്യൻ നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച്‌ സ്വാംശീകരിച്ചുകൊണ്ടിരിക്കുന്ന നൂതനമാറ്റങ്ങളുടെ ഈ 21-ാ‍ം നൂറ്റാണ്ടിൽ ഇവിടത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിന്റെ ജൽപ്പനങ്ങളാണ്‌. നവംബറിൽ കോഴിക്കോട്‌ നടന്ന മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന സമ്മേളനത്തിനിടെ വേദിയിൽ പ്രസംഗിക്കാൻ എഴുന്നേറ്റ വനിതാ ലീഗ്‌ നേതാവ്‌ ഖമറുന്നീസ അൻവറിനോട്‌ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി മായിൻഹാജി വിലക്കിക്കൊണ്ട്‌ പറഞ്ഞതാണിത്‌. മുസ്ലിംലീഗ്‌ ഒരു രാഷ്ട്രീയ പാർട്ടിയാണ്‌. രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ധാരാളം സ്ത്രീകൾ അതിലുണ്ട്‌. പഞ്ചായത്ത്‌ തലംമുതൽ സംസ്ഥാനതലം വരെ പല സ്ഥാനങ്ങൾ ഭരണത്തിലിവർ വഹിക്കുന്നുമുണ്ട്‌. മായിൻഹാജി വിലക്കിയ ഖമറുന്നീസ അൻവർ രണ്ടു പതിറ്റാണ്ടായി സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ്‌. വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയാണവർ. അങ്ങനെയുള്ള ഒരു സ്ത്രീയോട്‌ ഇത്തരത്തിൽ അപമാനകരമായ താക്കീത്‌ നൽകാൻ മായിൻഹാജി തയ്യാറായത്‌ ലീഗിന്റെ വനിതാനയമാണോ എന്ന്‌ അന്ന്‌ പലരും ചോദിച്ചിരുന്നു. മറ്റു ലീഗ്‌ നേതാക്കളൊക്കെ മുഖം കുനിച്ചും മുഖം തരാതെയും ഒഴിഞ്ഞുമാറിയത്‌ എന്തുകൊണ്ടാണെന്ന്‌ കഴിഞ്ഞ ദിവസം ബോധ്യപ്പെട്ടു.
ഇത്തവണ ഇരയായത്‌ വനിതാലീഗ്‌ ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദാണ്‌. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി സൗദി അറേബ്യ ഘടകം കോഴിക്കോട്‌ സംഘടിപ്പിച്ച പ്രവാസി സംഗമത്തിലേയ്ക്ക്‌ നൂർബീനയെ സംഘാടകർ ക്ഷണിച്ചിരുന്നു. എന്നാൽ കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂർ നൂർബീനയോട്‌ പറഞ്ഞത്‌ “സ്ത്രീകൾ ഇരിക്കേണ്ടിടത്ത്‌ ഇരിക്കണം. സ്ത്രീകളെ വേദിയിലേയ്ക്ക്‌ ക്ഷണിച്ച സംഘാടകരെയാണ്‌ കുറ്റം പറയേണ്ടത്‌” എന്നാണ്‌. ഇതോടെ പ്രതിഷേധിച്ച്‌ നൂർബീന വേദിവിട്ടു. അവർക്ക്‌ മറ്റൊരു വനിതാലീഗ്‌ നേതാവായ പി കുത്സു ടീച്ചർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈ രണ്ടു സംഭവങ്ങളും വിരൽചൂണ്ടുന്നത്‌ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവത്തിലേയ്ക്കാണ്‌. സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്ന മതമാണ്‌ ഇസ്ലാം മതമെന്ന്‌ അവകാശപ്പെടുന്ന മുസ്ലിം മതപണ്ഡിതർ മായിൻഹാജിയുടെയും അബ്ദുസമദ്‌ പൂക്കോട്ടൂരിന്റെയും പ്രസ്താവനയെക്കുറിച്ച്‌ പരസ്യമായി പ്രതികരിക്കണം. മുസ്ലിംലീഗ്‌ മതസംഘടനയല്ലെങ്കിൽ, രാഷ്ട്രീയ പാർട്ടിയാണെങ്കിൽ വിശദീകരണം നൽകേണ്ടത്‌ കേരളത്തിലെ ജനങ്ങളോടാണ്‌. ലീഗിലെ വനിതകളുടെ പ്രതികരണവും ഉണ്ടാവേണ്ടതുണ്ട്‌.
രാജ്യത്ത്‌ നടക്കുന്ന സ്ത്രീഅതിക്രമങ്ങൾക്കും ലൈംഗിക പീഡനങ്ങൾക്കും എതിരെ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധം നടത്തുന്ന കാലമാണിത്‌. മുസ്ലിംലീഗും അതിന്റെ ബഹുജന സംഘടനകളും ഇത്തരം നിലപാടുകൾ ഉള്ളവരാകാതെ തരമില്ല. കാരണം അവർ ഭരണാധികാരികളും ആകുന്നുണ്ട്‌. ആ ഭരണത്തിൽ സ്ത്രീകൾക്ക്‌ സുരക്ഷയും നൽകേണ്ടതുണ്ട്‌. അവർക്ക്‌ വോട്ടുചെയ്യുന്ന ധാരാളം മനുഷ്യർ ഈ മതേതരരാജ്യത്തുണ്ട്‌. ഇത്ര നിരുത്തരവാദപരമായ നിലപാടെടുക്കുന്ന നേതാക്കളെ തള്ളിപ്പറയാൻ എന്തുകൊണ്ട്‌ ലീഗ്‌ നേതൃത്വം തയ്യാറാകുന്നില്ല. മായിൻഹാജിയുടെ നിലപാടുകൊണ്ട്‌ തീരാതെ വീണ്ടും വനിതാലീഗുകാരായ രാഷ്ട്രീയ പ്രവർത്തകരായ സ്ത്രീകളെ ഇത്തരത്തിൽ അപമാനിക്കുന്നതെന്തുകൊണ്ട്‌? വനിതാ കമ്മിഷൻ അംഗം കൂടിയായിരുന്നയാളാണ്‌ അഡ്വ. നൂർബീന റഷീദ്‌. അന്നൊന്നുമല്ലാത്ത ഈ ‘തീണ്ടൽ’ ഇപ്പോൾ എങ്ങനെ ഉയർന്നുവന്നു? മറുപടി വേണ്ട ചോദ്യങ്ങളാണിവ.

view more articles

About Article Author