Thursday
19 Jul 2018

സ്ത്രീ വിൽപ്പനോപാധിയോ? അറിഞ്ഞതും അറിയേണ്ടതും

By: Web Desk | Friday 21 July 2017 4:45 AM IST

മാധ്യമങ്ങളിൽ സ്ത്രീകളെ മോശമായി അവതരിപ്പിക്കുന്നു എന്ന പരാതി ഇന്നു സാർവത്രികമാണ്‌. എന്നാൽ ഇതിനെതിരെ ആരും ശരിയായ വഴിയിൽ പ്രതികരിക്കുന്നതായോ പരാതിപ്പെടുന്നതായോ കാണുന്നില്ല. എവിടെ എങ്ങനെ പരാതി നൽകാം എന്നുള്ള അറിവില്ലായ്മയാകാം കാരണം. ആരുടെയും സഹായം കൂടാതെതന്നെ നമ്മൾക്കോരോരുത്തർക്കും ഇക്കാര്യത്തിൽ നേരിട്ട്‌ ഇടപെടാനാകും

ആർ പാർവ്വതി ദേവി

വാരികയ്ക്കും മാസികയ്ക്കും മുഖചിത്രം പെണ്ണ്‌. സിഗററ്റിന്റെയും മദ്യത്തിന്റെയും കഷണ്ടിമരുന്നിന്റെയും പുരുഷന്റെ അടിവസ്ത്രങ്ങളുടെയും വരെ പരസ്യത്തിൽ പെണ്ണ്‌. റോഡരികിലെ ഹോർഡിങ്ങുകളിലെല്ലാം പെണ്ണ്‌. വിമാനം പറത്തുന്ന കമ്പനികൾ പോലും പരസ്യം ചെയ്യുന്നത്‌ അവർ നൽകുന്ന സേവങ്ങളിലും സൗകര്യങ്ങളിലും ഊന്നിയല്ല, എയർഹോസ്റ്റസുമാരുടെ സൗന്ദര്യത്തിൽ ഊന്നിയാണ്‌.
സ്ത്രീക്ക്‌ ഇത്രയേറെ പ്രാമുഖ്യം വന്ന ഒരു കാലം മുമ്പുണ്ടായിട്ടില്ല എന്നു തോന്നും ഇതൊക്കെ കാണുമ്പോൾ. വേണമെങ്കിൽ അങ്ങനെ വാദിക്കുകയും ചെയ്യാം. എന്നാൽ ഇതിലെല്ലാം സ്ത്രീയെ കാണിക്കുന്നതിന്റെ ഉദ്ദേശ്യവും തത്വശാസ്ത്രവും പരിശോധിക്കുമ്പോഴാണു പ്രശ്നം.
ഓരോ മുതലാളിയും സ്വന്തം ഉൽപ്പന്നം വിറ്റഴിക്കാനുള്ള ഉപാധിയായി പെണ്ണിനെ കാണുകയാണ്‌. മതിയായ പ്രതിഫലം കൊടുത്താണു സ്ത്രീകളെ പരസ്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നത്‌ എന്നതു പരിഗണിക്കുമ്പോൾ ധാരാളം സ്ത്രീകൾക്കു വരുമാനവും ഉപജീവനവും പ്രദാനം ചെയ്യുന്ന ഒരു തൊഴിൽ മേഖലയാണിതെന്നു കാണാം. ആ നിലയ്ക്കു നീതിവൽക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ട ഒന്നാണിത്‌. എന്നാൽ, ഇവയിൽ പലതിലും സ്ത്രീയെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതു പിന്നെയും പ്രശ്നമാകുന്നു.
പലപ്പോഴും സ്ത്രീ മോശമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണു പൊതുവെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽനിന്നെല്ലാം ഉയരുന്ന ആക്ഷേപം. അങ്ങനെവരുമ്പോൾ അതു നിയന്ത്രിക്കേണ്ടതു സ്ത്രീയുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ ആവശ്യവും ഉത്തരവാദിത്തവുമായി മാറുന്നു. അതാണ്‌ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്‌. അങ്ങനെയാണ്‌ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്നതു തടയാനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സ്ഥാപനങ്ങളും ഒക്കെ ഉണ്ടായത്‌.
ഈ നിയമം പ്രയോഗിക്കൂ!
‘സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ (നിരോധന) നിയമം, 1986’ എന്ന നിയമമാണ്‌ സ്ത്രീയുടെ അന്തസ്സിന്റെ കാവൽ. ഇതു പത്രമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളെ മാത്രമല്ല, മറ്റു പരസ്യങ്ങൾ, ലഘുലേഖകൾ, ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റുകൾ, ബ്രോഷറുകൾ, ലേബൽ, നോട്ടീസ്‌, സർക്കുലർ, മറ്റു രേഖകൾ, എന്തിന്‌, പ്രകാശമോ ശബ്ദമോ പുകയോ വാതകമോ ഉപയോഗിച്ചു കാണത്തക്കവിധം നടത്തുന്ന ഏതു പ്രചാരണത്തെയും പരസ്യം എന്ന നിലയിൽ കണ്ടു നിയന്ത്രണത്തിനു വ്യവസ്ഥ ചെയ്യുന്നു. ഇവയിൽ സ്ത്രീയുടെ ആകാരമോ ശരീരമോ ശരീരഭാഗമോ അവൾക്ക്‌ അപമാനമോ അപകീർത്തിയോ ഉണ്ടാകുമാറോ നിന്ദ്യമോ അശ്ലീലമോ ആയോ പൊതുമൂല്യങ്ങൾക്കു ഹാനിവരത്തക്ക തരത്തിലോ സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയിലോ ചിത്രീകരിക്കുന്നത്‌ ഈ നിയമപ്രകാരം ശിക്ഷാർഹമാണ്‌.
ഇത്തരത്തിലുള്ള സാമഗ്രികൾ വിലയ്ക്കോ സൗജന്യമായോ ആളുകൾക്കു ലഭ്യമാക്കുന്നതും ഫിലിമോ സ്ലൈഡോ അടക്കം ഏതുരൂപത്തിലും അവ തപാലിലൂടെയും മറ്റും അയയ്ക്കുന്നതും ഒക്കെ നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം സാമഗ്രികൾ ഉണ്ടാക്കുന്നതും അതിനു സഹായിക്കുന്നതും അതിൽ ഏതെങ്കിലും തരത്തിൽ പങ്കാളിയാകുന്നതും ശിക്ഷാർഹമാണ്‌.
രണ്ടു വർഷം വരെ തടവും രണ്ടായിരം രൂപ വരെ പിഴയും ആണു ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയിലും ഏറെയാണ്‌. ആറുമസം തൊട്ട്‌ അഞ്ചു വർഷം വരെ തടവും പതിനായിരം മുതൽ ഒരു ലക്ഷം വരെ രൂപ പിഴയും. ശിക്ഷ ഗണ്യമായി ഉയർത്താനുള്ള നിയമഭേദഗതി ഇപ്പോൾ പരിഗണനയിലാണ്‌. ഈ നിയമം നിലവിൽവന്നിട്ടു കാൽ നൂറ്റാണ്ടു കഴിഞ്ഞു. എന്നിട്ടെന്തായി? ഇത്തരം പ്രവണതകൾ പലമടങ്ങു വളരുകയാണുണ്ടായത്‌. എന്തുകൊണ്ട്‌? ആരാണ്‌ ഉത്തരവാദി?
ഉത്തരവാദികൾ മറ്റാരുമല്ല. നമ്മളോരോരുത്തരും തന്നെ. ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ നമ്മളിലാരെല്ലാം തയ്യാറായി? എന്തെങ്കിലും താൽപര്യത്തിന്റെ പേരിൽ ഇത്തരം ഏതെങ്കിലും വിഷയം വിവാദമായാൽ അതിനെച്ചൊല്ലി അൽപമൊരു ഒച്ചയും ബഹളവും ഉണ്ടാകുന്നതൊഴിച്ചാൽ കാര്യമായ ഇടപെടലുകൾ നമ്മുടെ സമൂഹത്തിൽനിന്ന്‌ ഉണ്ടായിട്ടില്ല. നാമെല്ലാം കുറെയേറെ കണ്ണടയ്ക്കുകയും അശ്ലീലവും ആഭാസവുമായ അവതരണങ്ങൾ സ്വാഭാവികമെന്നവണ്ണം തുടരുകയുമാണ്‌.

പരസ്യം, വിനോദം, സർവ്വം വ്യവസായം
പൊള്ളുന്ന വെയിലിൽ പകലന്തിയോളം അറഞ്ഞുപിടിച്ച്‌ ഓടുകയും പന്തെറിയുകയും അടിക്കുകയും പിടിക്കുകയും ഒക്കെ ചെയ്യുന്ന ക്രിക്കറ്റുകളിക്കാർ ഇടുന്നതു പാന്റ്സും റ്റീ ഷർട്ടും. ഹോക്കിയും ടെന്നീസും ബാസ്ക്കറ്റ്‌ ബോളും വോളി ബോളും ഒക്കെ കളിക്കുന്ന പുരുഷന്മാർ ഇടുന്നതു ഷോർട്ട്സും റ്റീ ഷർട്ടും. ഈ കളികൾ സ്ത്രീകൾ കളിക്കുമ്പോൾ ഇളം കാറ്റിൽ പാറിപ്പോകുന്ന, ഒന്നു ചാടിയാൽ ഉയർന്നുപോകുന്ന കാൽപ്പാവാട. സ്ത്രീകളുടെ ബീച്ച്‌ വോളി ആകുമ്പോൾ പിന്നെയും മാറി; നഗ്നതയോട്‌ അടുത്തുനിൽക്കുന്ന വേഷം. ഒരു വ്യക്തി, സ്ത്രീയോ പുരുഷനോ ആകട്ടെ, ഏതു വേഷം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിയുടേതാണ്‌. പക്ഷേ, കച്ചവടതാൽപര്യങ്ങൾ ഒരാളുടെമേൽ പ്രത്യേക വേഷം അടിച്ചേൽപിക്കുമ്പോൾ അതിനു മറ്റൊരു തലം കൈവരുന്നു. ഇന്നു സ്പോൺസർമാരാണു വേഷം തീരുമാനിക്കുന്നത്‌. ആകർഷകമായ പ്രതിഫലം കിട്ടുമെന്നതിനാൽ ഒരാൾ അതിനു വഴങ്ങാൻ സന്നദ്ധമാകുന്നത്‌ വാസ്തവത്തിൽ മനുഷ്യാവകാശപ്രശ്നം അല്ലേ? അതതുകാലത്തെ സമൂഹത്തിന്റെ മൂല്യബോധവുമായി ബന്ധപ്പെടുത്തിക്കൂടി ചർച്ചചെയ്യേണ്ട കാര്യവുമാണ്‌.
വേഷത്തിന്റെ കാര്യം മാത്രമല്ല ഉള്ളത്‌. ഒരു കമ്പനിയുടെ സുഗന്ധലേപമോ പൗഡറോ അടിവസ്ത്രമോ ഉപയോഗിക്കുന്ന ആളുടെ പിന്നാലെ പോകുന്നവരും ആ ആളുടെ ദേഹത്തുടനീളം ചുംബിക്കുന്നവരും ഒരു പ്രത്യേക സ്കൂട്ടറിലോ മോട്ടോർ സൈക്കിളിലോ വരുന്നയാളുടെ കൂടെപ്പോകുന്നവരും ഒക്കെയായി സ്ത്രീയെ അവതരിപ്പിക്കുന്ന പരസ്യങ്ങൾ സ്ത്രീയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുകയല്ലേ ചെയ്യുന്നത്‌?
വിലകൂടിയ ആഭരണം വാങ്ങിക്കൊടുത്താൽ, മുന്തിയ ഹോട്ടലിൽ ആഹാരം ഏർപ്പാടാക്കിയെന്നു കേട്ടാൽ പാട്ടിലാകുന്നവളാണു സ്ത്രീയെന്ന പരസ്യക്കാരുടെ അവതരണം അവളുടെ അന്തസ്സുയർത്തുകയാണോ? ആർഭാടഭ്രമമണു സ്ത്രീയുടെ മുഖമുദ്ര എന്നു പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു സമൂഹത്തിന്റെ ഉത്തമതാൽപര്യത്തിനും മൂല്യബോധത്തിനും നിരക്കുന്നതാണോ? ബ്രീഫ്‌ കേയ്സിന്റെ പരസ്യത്തിൽ സ്ത്രീയുടെ നഗ്നമായ കാലുകൾ മാത്രമായി കാണിക്കുന്നത്‌ അവഹേളനമല്ലേ? ബ്രീഫ്‌ കേയ്സിന്റെ വലിപ്പം സൂചിപ്പിക്കാനാണെങ്കിൽ ആ കാലുകളിൽ വസ്ത്രം ഉണ്ടായിക്കൂടാ എന്നു വാശിപിടിക്കുന്നത്‌ എന്തിനാണ്‌?
സംഗതി ഇത്രേയുള്ളൂ. പുരുഷകേന്ദ്രിത സമൂഹത്തിൽ ഒട്ടുമിക്ക ഉൽപന്നവും വിൽക്കാനുള്ള എളുപ്പവഴി ആ ഉൽപന്നത്തിലേക്ക്‌ അവന്റെ ശ്രദ്ധ ആകർഷിക്കുകയും ആ ഉൽപന്നം വാങ്ങുകയോ വാങ്ങി ഭാര്യയ്ക്കോ മറ്റേതെങ്കിലും സ്ത്രീയ്ക്കോ കൊടുക്കുകയോ ചെയ്താൽ അയാൾക്ക്‌ ഇന്നതരത്തിൽ പ്രയോജനമുണ്ട്‌ എന്നു ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ്‌. മിക്ക കുടുംബത്തിലും പണത്തിന്റെ കാര്യകർത്താവും തീരുമാനങ്ങൾ എടുക്കുന്നയാളും പുരുഷനാണെന്നതാണ്‌ ഇത്തരമൊരു സമീപനം പരസ്യവ്യവസായം (ഉൽപന്നസേവന വ്യവസായവും) കൈക്കൊള്ളാൻ കാരണം. പുരുഷാധിപത്യ വ്യവസ്ഥ മാറിയാൽ ഈ സ്ഥിതിക്കെല്ലാം മാറ്റം വന്നേക്കും. അന്ന്‌ ഒരുപക്ഷേ, പുരുഷനെയും ഇതുപോലെയൊക്കെ ചിത്രീകരിച്ചേക്കാം. അതിന്റെ തുടക്കവും ഇന്നുതന്നെ ദൃശ്യമാണല്ലോ.
കാറും മൊബെയിൽ ഫോണുമൊക്കെ വിപണിയിലിറക്കുന്ന ചടങ്ങിനു കാന്തി കൂട്ടാനും വിവിധപ്രസ്ഥാനങ്ങളുടെ പ്രകടനങ്ങളുടെ മുന്നിൽ ബാനർ പിടിക്കാനും ഉദ്ഘാടനച്ചടങ്ങിൽ വിളക്കെടുത്തുകൊടുക്കാനും പരിപാടികളുടെ അവതാരകരാകാനും ഒക്കെ സ്ത്രീ വേണമെന്ന ചിന്തയും ഇതേ പുരുഷാധിപത്യസമൂഹത്തിന്റെ ഉൽപന്നമാണ്‌. അതു സ്ത്രീയ്ക്കുള്ള അംഗീകാരമയിപ്പോലും പലരും വ്യാഖ്യാനിക്കുന്നതു കേട്ടിട്ടുണ്ട്‌! വിനോദം വ്യവസായമായി മാറിയപ്പോൾ ആ രംഗത്തും ഇതുതന്നെ വന്നുഭവിച്ചു. അച്ചടിഇലക്ട്രോണിക്‌ മാധ്യമങ്ങളെല്ലാം ജനങ്ങളെ വിവരങ്ങൾ അറിയിക്കുക എന്ന അടിസ്ഥാനധർമ്മത്തിൽനിന്നു പണമുണ്ടാക്കുക എന്നതിലേക്കും തങ്ങളുടെ അന്നദാതാക്കളായ പരസ്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതിലേക്കും മാറിയതോടെ ഉള്ളടക്കിൽ വിവരം കുറയുകയും വിനോദം കൂടുകയും അതുതന്നെ ഇക്കിളിയായി മാറുകയും ഒക്കെ ചെയ്തു. വിനോദ വ്യവസായം എന്ന പുതിയ മേഖലതന്നെ ഉദയം ചെയ്തു. കൂടുതൽപേരെ ആകർഷിച്ചാലേ കമ്പനികൾ പരസ്യം തരൂ എന്നതിനാൽ അതിനായി ഏതറ്റംവരെ പോകാനും മാധ്യമങ്ങൾ ഇന്നു തയ്യാറായിരിക്കുന്നു. സ്ത്രീതന്നെ അതിന്റെയും ഇര.
ഓരോ മാധ്യമവും ഉദയംചെയ്യുന്നതോടെ ഈ രംഗം എല്ലാ നിയന്ത്രണവും വിട്ടുപോകുകയാണ്‌. ടെലിവിഷൻ വന്നതോടെ അശ്ലീലച്ചുവയുള്ള നൃത്തങ്ങളും ഫലിതങ്ങളും മുതൽ ശരീരപ്രദർശനവും കിടപ്പറരംഗങ്ങളും ഒക്കെ നമ്മുടെ സ്വീകരണമുറിയിലെ സ്വാഭാവിക കാഴ്ചകളായിരിക്കുന്നു. അടുത്ത അവതാരമായ ഇന്റർനെറ്റാകട്ടെ അതിനുമപ്പുറമുള്ള അശ്ലീലതയുടെ (pornography) കൂത്തരങ്ങാണ്‌.
ഓരോ രംഗവും അതിരുവിടുമ്പോൾ അതിനു മൂക്കുകയറിടാൻ സമൂഹത്തിന്റെ ജാഗ്രതയും ഉണ്ടാകും. അപ്പോൾ നിയമങ്ങൾ ഉണ്ടാകും. നിയന്ത്രണസംവിധാനങ്ങൾ ഉണ്ടാകും. ഇക്കാര്യങ്ങളിലും ഇവയൊക്കെ രൂപപ്പെട്ടും വികസിച്ചും വരുന്നുണ്ട്‌. പക്ഷെ, ഇക്കൂട്ടരുടെ വ്യവസായ താൽപര്യങ്ങൾക്കും സ്വാധീനത്തിനും മീതേകൂടി ഇവ നടപ്പാക്കപ്പെടണമെങ്കിൽ സമൂഹത്തിന്റെ നിതാന്തജാഗ്രതയും നിശ്ചയദാർഢ്യത്തോടുള്ള ഇടപെടലും അനിവാര്യമാണ്‌. സമൂഹത്തിന്റെ ബോധവൽക്കരണമാണ്‌ ഇവിടെ പ്രധാനം നിയമങ്ങളെയും ഇടപെടൽ രീതികളെയും ഒക്കെപ്പറ്റിയുള്ള ബോധവൽക്കരണം.
(തുടരും)