സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ആലിയ

സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ആലിയ
April 23 04:45 2017

ഭാരതം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കാനൊരുങ്ങുമ്പോഴും, പൂർണ്ണ സ്ത്രീ സ്വാതന്ത്ര്യം ഇന്നും വാചകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. സ്ത്രീകൾ ഇന്നും മാനസീക, ശാരീരിക പീഡനങ്ങളേറ്റ്‌ പിടയുന്നു. സ്ത്രീകൾ നേരിടുന്ന ഈ ദുരന്തത്തിലേക്ക്‌ വെളിച്ചം വീശുകയാണ്‌ ആലീയ എന്ന ചിത്രം. യെസ്‌ കമ്പനിയുടെ ബാനറിൽ എ. കെ. ഷാൻ നിർമ്മാണവും, രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
നീതി നിഷേധിക്കപ്പെടുന്ന പെൺ വർഗ്ഗത്തെക്കുറിച്ചുള്ള വാർത്തകൾ നിത്യേനെ പെരുകികൊണ്ടിരിക്കുന്നു. അറിഞ്ഞ വാർത്തകളെക്കാൾ ഏറെയാണ്‌ അറിയാത്ത വാർത്തകൾ. ലോകത്തെ തന്നെ ഞെട്ടിക്കുന്ന എത്രയെത്ര വാർത്തകൾ. പക്ഷേ, ആരും പ്രതികരിക്കുന്നില്ല. ഈ ഘട്ടത്തിൽ ആലിയ എന്ന ചിത്രത്തിലൂടെ പ്രതികരിക്കുകയാണ്‌ സംവിധായകൻ ഷാൻ.
ഒരു യഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ചവളാണ്‌ ആലിയ. സാധാരണ പെൺകുട്ടികളെപ്പോലെ അവൾ നിറമുള്ള ധാരാളം സ്വപ്നങ്ങൾ കണ്ടു. പക്ഷേ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം പോലും തനിക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ അവൾ തിരിച്ചറിഞ്ഞപ്പോൾ, തകർന്നു പോയി. മാനസിക വ്യഥകളുടെയും, സംഘർഷത്തിന്റേയും നാളുകളായിരുന്നു പിന്നീട്‌. അതിനിടയിൽ ധാരാളം കഥാപാത്രങ്ങളിലൂടെ അവൾ കടന്നു പോയി. ആത്മനോവിന്റെ കനൽ ചൂടേറ്റ്‌ പൊള്ളിയപ്പോൾ ആലിയ ആ തീരുമാനമെടുത്തു. അവളുടെ തീരുമാനം ആനുകാലിക സമൂഹത്തിന്‌ മുന്നിൽ ചോദ്യചിഹ്നമായി മാറുന്നു. നിരവധി ചർച്ചകൾക്കും പുനർ ചിന്തനത്തിനും വിധേയമാകേണ്ട ചില വിഷയങ്ങളാണ്‌ ആലിയയിലൂടെ എ.കെ. ഷാൻ ആവിഷ്കരിക്കുന്നത്‌. അമൃത ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഡാൻസർ ജൂറിയറിലൂടെ ശ്രദ്ധേയയായ ഗോപികാ വിക്രമനാണ്‌ മുഖ്യ കഥാപാത്രമായ ആലിയയെ അവതരിപ്പിക്കുന്നത്‌.
യെസ്‌ കമ്പനിയുടെ ബാനറിൽ എ.കെ. ഷാൻ രചന, സംവിധാനം നിർവഹിക്കുന്ന ആലിയ പൂർത്തിയായി. പ്രൊഡ്യൂസർ മുജീബ്‌ സോണി, ക്യാമറ – ജയപ്രകാശ്‌, സംഭാഷണം – സെന്തിൽ വിശ്വനാഥ്‌, മ്യൂസിക്‌ – റോണി റാഫേൽ, രചന – മോചിത, ആലാപനം – രാജലക്ഷ്മി, കോറിയോഗ്രാഫി – സജ്നാ നജാം, , പി.ആർ.ഒ – അയ്മനം സാജൻ.ഗോപികാ വിക്രമൻ, ഉമാനായർ, രാഗീഷ്‌ രാജ്‌, ശ്രീരാജ്‌, ശ്രീധരൻ നമ്പൂതിരി, ബേബി വൈഗ, ഹക്കീം എന്നിവർ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  Categories:
view more articles

About Article Author