സ്ഥാനാർഥി നിർണയം പൂർത്തിയായില്ല: പഞ്ചാബിൽ ബിജെപിയും കോൺഗ്രസും വിഷമവൃത്തത്തിൽ

സ്ഥാനാർഥി നിർണയം പൂർത്തിയായില്ല: പഞ്ചാബിൽ ബിജെപിയും കോൺഗ്രസും വിഷമവൃത്തത്തിൽ
January 10 04:50 2017

സ്വന്തം ലേഖകൻ
ലുധിയാന: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന അഞ്ച്‌ സംസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായ മത്സരം നടക്കുമെന്ന്‌ വിലയിരുത്തപ്പെടുന്ന പഞ്ചാബിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാകാതെ ബിജെപിയും കോൺഗ്രസും വിഷമവൃത്തത്തിൽ.
ഇരുപാർട്ടികൾക്കും ഇതുവരെ ബഹുഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർഥികളെ നിർണയിക്കാനായിട്ടില്ല. ഇത്‌ രണ്ട്‌ പാർട്ടികളുടെയും തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന്‌ ചണ്ഡിഗഡിലെ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ ഡവലപ്മെന്റ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ ഡയറക്ടർ പ്രമോദ്‌ കുമാർ വിലയിരുത്തുന്നു.
പഞ്ചാബിൽ എഎപിയും ഇടതുസഖ്യവും ഭരണകക്ഷിയായ അകാലിദളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. ബിജെപിക്ക്‌ ഇതുവരെ ഒരു മണ്ഡലത്തിൽപോലും സ്ഥാനാർഥിയെ നിർണയിക്കാനായിട്ടില്ല. കോൺഗ്രസിന്‌ 40 സീറ്റുകളിലാണ്‌ ഇനിയും സ്ഥാനാർഥിയെ കണ്ടെത്താനുള്ളത്‌.
എഎപിയ്ക്ക്‌ അവരുടെ 112 സീറ്റുകളിലും സ്ഥാനാർഥികളായി. എഎപിയോടൊപ്പം ധാരണയായി മത്സരിക്കുന്ന ലോക്‌ ഇൻസാഫ്‌ പാർട്ടിയാണ്‌ ബാക്കിയുള്ള അഞ്ച്‌ സീറ്റുകളിൽ മത്സരിക്കുന്നത്‌. 52 സീറ്റുകളിൽ മത്സരിക്കുന്ന ഇടതുപാർട്ടികളുടെ സഖ്യവും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിട്ടുണ്ട്‌. ബിജെപി സഖ്യകക്ഷിയായ അകാലിദൾ അവരുടെ 94 സീറ്റിൽ 92 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 23 സീറ്റുകളിലാണ്‌ ബിജെപി മത്സരിക്കുന്നത്‌. രണ്ട്‌ ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ നിർണയിക്കാമെന്നാണ്‌ ബിജെപി കണക്കുകൂട്ടുന്നത്‌.
77 സീറ്റുകളിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച കോൺഗ്രസ്‌ ഇന്നലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. എന്നാൽ ഇന്നലെ പ്രകടനപത്രിക പുറത്തിറക്കിയതല്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനായില്ല.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ്‌ പ്രകടനപത്രിക പ്രകാശനം ചെയ്തത്‌. സൗജന്യ വൈദ്യുതി അടക്കമുള്ള വമ്പൻ വാഗ്ദാനങ്ങൾ ഇത്തവണത്തെ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുന്നുണ്ട്‌.
കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തോടൊപ്പം നവ്ജ്യോത്‌ സിങ്‌ സിദ്ദുവിന്റെ കോൺഗ്രസ്‌ പ്രവേശനവും നീളുകയാണ്‌. ഭാര്യ നവ്ജ്യോത്‌ കൗറിന്‌ അമൃത്സർ ഈസ്റ്റ്‌ മണ്ഡലമോ അമരീന്ദർ സിങ്‌ രാജിവച്ച അമൃത്സർ ലോക്സഭാ മണ്ഡലമോ നൽകണമെന്ന ആവശ്യമാണ്‌ സിദ്ദു മുന്നോട്ടുവയ്ക്കുന്നത്‌.
മൂന്ന്‌ തവണ സിദ്ദു വിജയിച്ച അമൃത്സർ ലോക്സഭാ സീറ്റ്‌ 2014 ൽ ബിജെപി സിദ്ദുവിന്‌ നിഷേധിച്ചിരുന്നു. പകരമെത്തിയ അരുൺ ജയറ്റ്ലിയെ പരാജയപ്പെടുത്തി എംപിയായ അമരീന്ദർ സിങ്‌ സത്ലജ്‌ യമുന കനാൽ പ്രശ്നത്തിൽ പ്രതിഷേധിച്ച്‌ നവംബറിലാണ്‌ രാജിവച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഫെബ്രുവരി നാലിനാണ്‌ ഉപതെരഞ്ഞെടുപ്പും നടക്കുന്നത്‌.സിദ്ദുവിന്റെ കോൺഗ്രസ്‌ പ്രവേശനത്തിൽ ഇന്ന്‌ തീരുമാനമുണ്ടായേക്കുമെന്നാണ്‌ സൂചനകൾ.

  Categories:
view more articles

About Article Author