സ്പോർട്ട്സിലെ മിന്നുംതാരങ്ങൾ

സ്പോർട്ട്സിലെ മിന്നുംതാരങ്ങൾ
March 17 04:45 2017

നിമിഷ
കായികരംഗത്തെ രണ്ട്‌ വ്യത്യസ്ത വനിതാജേതാക്കളെക്കുറിച്ചാണ്‌ ഇന്ന്‌ പരാമർശിക്കുന്നത്‌. ചെസ്‌ മത്സരത്തിലും വനിതാ ഐസ്‌ ഹോക്കി മത്സരത്തിലും വിജയശ്രീലാളിതരായെത്തിയ വനിതകൾ അന്താരാഷ്ട്ര കായികമത്സരത്തിൽ ഇന്ത്യയുടെ യശസ്‌ ഉയർത്തിപ്പിടിക്കുകയുണ്ടായി. എന്നാൽ ഇവർക്ക്‌ വേണ്ട അംഗീകാരം രാജ്യത്തിനകത്ത്‌ ലഭിച്ചില്ലെന്നൊരു ആരോപണം ഉയർന്നുവന്നിരിക്കുന്നു. ടെഹ്‌റാനിൽ നടന്ന അന്താരാഷ്ട്ര ചെസ്‌ മത്സരത്തിൽ രാജ്യത്തിനുവേണ്ടി കളിച്ച ഹരിക ദ്രോണവല്ലി വെങ്കലം കരസ്ഥമാക്കുകയുണ്ടായി. ലോകത്തെ 64 വൻ വനിതാ ചെസ്‌ കളിക്കാരുമായാണ്‌ ഹരിക മത്സരിച്ചത്‌. സെക്കൻഡ്‌ സെമി മത്സരത്തിൽ ചൈനയുമായി ഏറ്റുമുട്ടിയപ്പോഴുണ്ടായ ഒരു പിഴവു മൂലമാണ്‌ ഹരികയ്ക്ക്‌ വെങ്കലംകൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നത്‌. എങ്കിലും മത്സരത്തിന്റെ അവസാനം വരെ ഹരികയുടേത്‌ ബുദ്ധിപൂർവമായ നീക്കമായിരുന്നു. സഹകളിക്കാർ ഹരികയെ കളിക്കിടയിൽ പലതവണ അനുമോദിക്കുകയുണ്ടായി.
തീഷ്ണമായ മത്സരത്തിനൊടുവിൽ വെങ്കലം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയ ഹരികയെ പക്ഷേ സ്വീകരിക്കാൻ സ്വന്തം കുടുംബം മാത്രമേ എത്തിയിരുന്നുള്ളൂ. സ്വർണമെഡൽ ലക്ഷ്യമിട്ടെങ്കിലും വെങ്കലം നേടിയതിൽ തന്റെ സ്വന്തം നാടിനു തന്നെ അഭിനന്ദിക്കാൻ കഴിയാതെ പോയതിൽ തനിക്കേറെ ദുഃഖമുണ്ടെന്ന്‌ ഹരിക പിന്നീട്‌ ട്വിറ്ററിൽ കുറിക്കുകയുണ്ടായി. അതോടെ സാമൂഹ്യമാധ്യമങ്ങളിൽ ഇതൊരു ചർച്ചയായി. 2007-2008ൽ അർജുന അവാർഡ്‌ നൽകി ആദരിച്ച രാജ്യം ഈ നേട്ടത്തിൽ തനിക്കൊപ്പമുണ്ടാകണമെന്ന്‌ ആഗ്രഹിച്ചിരുന്നുവെങ്കിലും അത്‌ സംഭവിച്ചില്ല. ചെസ്‌ രംഗത്ത്‌ ഹരിക നിരവധി നേട്ടങ്ങൾ കൊയ്തിട്ടുണ്ട്‌. 2011ൽ ഗ്രാൻഡ്‌ മാസ്റ്റർ പദവി ലഭിച്ചു. ചൈനയിലെ ചെങ്ങ്ചുവിൽ 2016ൽ നടന്ന ലോകചെസ്‌ ഫെഡറേഷൻ വിമൻസ്‌ ഗ്രാന്റ്‌ പ്രിക്സിലും ഹരിക വിജയിക്കുകയുണ്ടായി. 2008 ലോകജൂനിയർ ചാമ്പ്യൻഷിപ്പും 2010ൽ കോമൺവെൽത്ത്‌ ചാമ്പ്യൻഷിപ്പും, 2015ൽ വേൾഡ്‌ ഓൺലൈൻ ബ്ലിറ്റ്സ്‌ ചാമ്പ്യൻഷിപ്പും ഹരിക കരസ്ഥമാക്കി.
രാജ്യത്തെ ഏറ്റവും നല്ല ചെസ്‌ കളിക്കാരിൽ ഒരാളായ ഹരികയ്ക്ക്‌ ഇത്തവണ നേരിട്ട അവഗണന നമ്മുടെ കായികരംഗത്തിനുതന്നെ അപമാനമാണ്‌. രാജ്യം ഉചിതമായ വരവേൽപ്പ്‌ ഒരുക്കാതിരുന്നത്‌ ഒട്ടും ന്യായീകരിക്കാനാവില്ലെന്നാണ്‌ ചെസ്‌ പ്രേമികൾ സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത്‌. ടെഹറാനിൽ ഫെബ്രുവരി 17ന്‌ ആരംഭിച്ച മത്സരം മാർച്ച്‌ 5നാണ്‌ സമാപിച്ചത്‌.
വനിതാ ഐസ്‌ ഹോക്കി മത്സരത്തിൽ ഇന്ത്യയിലെ ഇരുപതംഗ ടീമിന്റെ വിജയം മറ്റൊരു പൊൻതൂവൽ സ്പോർട്ട്സ്‌ നേട്ടങ്ങളിൽ ചാർത്തുകയുണ്ടായി. തായ്‌ലന്റിൽ 2017ലെ ഏഷ്യൻ ചലഞ്ച്‌ കപ്പ്‌ മത്സരത്തിലാണ്‌ വനിതാ ടീം വിജയം നേടിയത്‌. 2016ൽ ചൈനയിലെ തായ്പീയിൽ നടന്ന ഏഷ്യൻ ചാലഞ്ച്‌ കപ്പ്‌ മത്സരത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്‌ ഇത്തവണ ഇന്ത്യൻ വനിതകൾ മത്സരത്തിനിറങ്ങിയത്‌. മാത്രമല്ല ജനകീയ ഫണ്ടായ 32 ലക്ഷം രൂപ ഉപയോഗിച്ച്‌ ഹോക്കി താരങ്ങൾക്ക്‌ കിർഗിസ്ഥാനിൽ പരിശീലനം നൽകാനും രാജ്യത്തിന്‌ കഴിഞ്ഞിരുന്നു. നൂർജഹാൻ, പത്മ കൊറോൾ, ദിസ്കിറ്റ്‌ അങ്ക്മോ, റിഞ്ചൻ ഡോൾമ, ചുസ്കിത്‌ എന്നിവർ നേതൃത്വം നൽകിയ ഇന്ത്യയുടെ ഇരുപതംഗ വനിതാ ഐസ്‌ ഹോക്കി ടീം അസാധാരണ പ്രകടനങ്ങളിലൂടെ രാജ്യത്തിന്‌ വേണ്ടി വിജയം കൊയ്തുകൊണ്ടു വരികയായിരുന്നു.

view more articles

About Article Author