സ്ഫടികവും ഗണിതവും

സ്ഫടികവും ഗണിതവും
March 19 04:45 2017

വലിയശാല രാജു
തൊണ്ണൂറുകളിൽ റിലീസ്‌ ചെയ്ത ഭദ്രന്റെ സ്ഫടികം കണ്ടവർക്കറിയാം ഗണിതാധ്യാപകനായി ആടിത്തകർത്ത മഹാനടനായ തിലകന്റെ അഭിനയമികവിനെക്കുറിച്ച്‌. സ്വന്തം മകന്റെ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോയ ഒരു പിതാവിന്റെ ക്രൂരമായ ദുരന്തമാണ്‌ ആ ചിത്രം. ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട ചിത്രം.
തിലകനെന്ന കണക്ക്‌ മാഷ്‌ സ്ഥിരമായി പറയുന്ന ഒരു സംഭാഷണമുണ്ടതിൽ “ലോകം നിൽക്കുന്നത്‌ കണക്കുകൊണ്ടാണ്‌, ഭൂമിതിരിയുന്നത്‌ കണക്കുകൊണ്ടാണ്‌” പക്ഷേ തന്റെ വാദഗതി സ്ഥാപിക്കാൻ തിലകൻ എന്ന പിതാവ്‌ സ്വീകരിച്ചത്‌ തികച്ചും തെറ്റായതും ഏകാധിപത്യപരവുമായ നടപടിയായിരുന്നു. അതുകൊണ്ട്‌ ആ സിനിമ കണ്ട പ്രേക്ഷകർ തിലകനെന്ന ഗണിതാധ്യാപകനെ ശത്രുവായി കണ്ടു.

യഥാർത്ഥത്തിൽ പൈതഗോറസ്‌ പറഞ്ഞതുപോലെ “ലോകം കണക്കുമയമാണ്‌.” കണക്കില്ലെങ്കിൽ എന്തെങ്കിലുമുണ്ടോ? പക്ഷേ നമ്മുടെ കുട്ടികൾക്ക്‌ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം കണക്കാണ്‌. ബഹുഭൂരിപക്ഷം പേരും കണക്കിനെ ശപിക്കുന്നു. ഇതെന്തുകൊണ്ട്‌? “ആറ്റിൽ കളഞ്ഞാലും അളന്ന്‌ കളയണമെന്ന്‌” ഒരു ചൊല്ല്‌ മലയാളത്തിലുണ്ട്‌. കണക്കിന്റെ പ്രാധാന്യമാണ്‌ അത്‌ കാണിക്കുന്നത്‌. ജീവൻ നിലനിൽക്കുന്നതുതന്നെ കണക്കുകൊണ്ടാണ്‌. രോഗിക്ക്‌ ഡോക്ടർ മരുന്ന്‌ കൊടുക്കുന്നത്‌ ഒരു അളവിന്റെ അടിസ്ഥാനത്തിലാണ്‌. ഒരു കുഞ്ഞ്‌ ജനിച്ച്‌ വീഴുമ്പോൾ അതിന്റെ ആരോഗ്യസ്ഥിതി മനസിലാക്കുന്നത്‌ ആ നവജാത ശിശുവിന്റെ തൂക്കം അളന്നിട്ടാണ്‌.

ജീവൻ നിലനിൽക്കാൻ ഭക്ഷണം കഴിക്കുന്നതിനും ഒരു കണക്കുണ്ട്‌. പക്ഷേ ആ കണക്ക്‌ നാം തെറ്റിക്കുമ്പോൾ നമ്മുടെ ആരോഗ്യസ്ഥിതി വഷളാകും. പ്രമേഹരോഗിയുടെ പഞ്ചസാരയുടെ അളവ്‌ നോക്കുന്നത്‌ ഗണിതത്തിലല്ലേ. സൗരയുഥവും അതിലുൾപ്പെട്ട ഭൂമിയുമെല്ലാം തമ്മിലിടിക്കാതെ കറങ്ങിക്കൊണ്ടിരിക്കുന്നത്‌ ഒരു കണക്കിന്റെ അടിസ്ഥാനത്തിലല്ലേ.
വീട്‌ നിർമാണം മുതൽ എല്ലാ നിർമാണപ്രവർത്തനങ്ങളുടേയും അടിസ്ഥാനവും ഗണിതം തന്നെയാണ്‌. അതുകൊണ്ടാണ്‌ കണക്കിനെ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്ന്‌ പറയുന്നത്‌. മാത്തമാറ്റിക്സ്‌ എന്ന വാക്ക്‌ ഉണ്ടായത്‌ “മാത്തമെറ്റ” എന്ന ഗ്രീക്ക്‌ വാക്കിൽ നിന്നാണ്‌. ഈ വാക്കിനർഥം “പഠിപ്പിക്കപ്പെട്ട വസ്തുതകൾ” എന്നാണ്‌. ഇതിൽ നിന്നും ഗണിതത്തിന്റെ പ്രാധാന്യം മനസിലാകുമല്ലോ.

അളവ്‌ എന്ന ഗണിതം
സാമൂഹ്യമായി മനുഷ്യൻ ജീവിച്ച്‌ തുടങ്ങിയത്‌ മുതൽതന്നെ അളവുകളും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി. അളവ്‌ ഒരു ഗണിതമാണല്ലോ. പ്രാചീനരുടെ ആദ്യത്തെ അളവുകോൽ കൈകാലുകളും വിരലുകളുമായിരുന്നു. സൂര്യന്റെയും ചന്ദ്രന്റെയും ഉദയവും അസ്തമയവും വൃദ്ധിക്ഷയങ്ങളുംകൊണ്ട്‌ സമയത്തേയും പുരാതന മനുഷ്യൻ അളന്നു. ക്രമേണ വിത്തുകളും കല്ലുകളുമൊക്കെ തൂക്കം അളക്കാനുള്ള സൂത്രങ്ങളായി. ഓരോ ദേശത്തും പ്രാദേശികമായ വ്യവസ്ഥകളോടെ ഇതൊക്കെ നിലനിന്നു.

ഗണിതത്തിന്റെ ചരിത്രം കൃഷിയിൽ നിന്ന്‌
മനുഷ്യൻ ആധുനിക ജീവിതം തുടങ്ങിയത്‌ കൃഷി ആരംഭിച്ചതോടുകൂടിയാണല്ലോ. കൃഷിക്ക്‌ കണക്ക്‌ വേണമായിരുന്നു. നാലായിരം വർഷങ്ങൾക്ക്‌ മുമ്പ്‌ ഈജിപ്റ്റകാർ ഗണിതം ഉപയോഗിച്ചിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്‌. നെയിൽനദിയുടെ ഇരുകരകളിലുമായി കൃഷിപ്പണിയുമായി കഴിഞ്ഞുകൂടിയ ഇവർക്ക്‌ നദിയുടെ വഴിമാറി ഒഴുകൽ പ്രധാന പ്രശ്നമായിരുന്നു. ഒരിടത്ത്‌ വെള്ളം കയറുമ്പോൾ മറ്റൊരു ഭാഗം കരയാകുന്ന പ്രതിഭാസം. തെളിഞ്ഞ്‌ വരുന്ന ഭൂമി കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവർക്ക്‌ വീതിച്ച്‌ നൽകുന്നതിനുള്ള ശ്രമത്തിന്റെ ഫലമായാണ്‌ അവിടെ ഗണിതം ഉടലെടുത്തത്‌. കൃഷിയുടെ വിളവെടുപ്പ്‌ കണക്കാക്കാനും നദികളിലെ വെള്ളപ്പൊക്കം പ്രവചിക്കാനും ഗണിതം സഹായകരമായി. ഈജിപ്റ്റുകാരെപോലെ ഗണിതം ഉപയോഗിച്ചിരുന്ന പ്രാചീനരായിരുന്നു ബാബിലോണിയക്കാരും. ഭാരതീയരും ഗണിതത്തിന്‌ വലിയ സംഭാവന നൽകിയവരാണ്‌. പൂജ്യം ഭാരതത്തിന്റെ കണ്ടുപിടിത്തമായിരുന്നു. ഇവിടെ കച്ചവടത്തിന്‌ വന്ന അറബികൾ ഇത്‌ ലോകം മുഴുവൻ പ്രചരിപ്പിച്ചു.

ഭാഷയും ഗണിതവും
മനുഷ്യനെ സാമൂഹ്യ ജീവിയാക്കി നിലനിർത്തിയത്‌ ഭാഷയാണ്‌. അമ്മ മുലപ്പാലിനോടൊപ്പം കുഞ്ഞിന്‌ പകർന്ന്‌ നൽകുന്ന സ്നേഹം മാതൃഭാഷയിലൂടെയാണ്‌. പക്ഷേ ഈ മാതൃഭാഷ നിലനിൽക്കണമെങ്കിൽ ഗണിതം വേണം. കണക്കിന്റെ അടിസ്ഥാനത്തിലാണ്‌ ഭാഷയിൽ അക്ഷരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഭാഷ അളന്ന്‌ മുറിച്ച്‌ കൃത്യതയോടെ കൈകാര്യം ചെയ്യണമെങ്കിൽ ഗണിതം അറിഞ്ഞിരിക്കണം. നമ്മുടെ വിദ്യാഭ്യാസ പദ്ധതികളൊന്നും കണക്കിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതല്ല. ഭാഷയ്ക്ക്‌ വേണ്ടി മുറവിളി കൂട്ടുമ്പോഴും ഗണിതത്തെ നാം അവഗണിക്കുന്നു.

ഭരണകൂടവും ഗണിതവും
ഭരണകൂടം ഉണ്ടായ കാലഘട്ടം മുതൽ തന്നെ വിദ്യാഭ്യാസത്തിൽ ഗണിതത്തിന്‌ പ്രാധാന്യം നൽകിയയിരുന്നില്ല. ഇത്‌ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും. ഭരണകൂടങ്ങളുടെ ജനവിരുദ്ധത അറിയുവാൻ ഗണിതം അറിഞ്ഞവനേ കഴിയൂ എന്നുള്ളതുകൊണ്ടാണിത്‌. കാൾമാർക്ക്സ്‌ മുതലാളിത്തത്തിന്റെ കാപട്യത്തെ തൊലിയുരിച്ച്‌ കാട്ടിയത്‌ വാചകക്കസർത്ത്‌ കൊണ്ടല്ല, കണക്കുകൊണ്ടാണ്‌. അതാണ്‌ “മൂലധനം.”
മുതലാളിത്തം അതിന്റെ ചരിത്രപരമായ അനിവാര്യത കൊണ്ടുതന്നെ തകർന്നടിയും എന്ന്‌ മാർക്ക്സ്‌ സ്ഥാപിച്ചത്‌ മുതലാളിത്ത ചൂഷണംകൊണ്ട്‌ ഗതിമുട്ടിയ പാവങ്ങളോടുള്ള സഹാനുഭൂതികൊണ്ട്‌ മാത്രമല്ല. കണക്കിന്റെ പിൻബലത്തിലാണ്‌ അദ്ദേഹം മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തെ കടപുഴക്കിയെറിഞ്ഞത്‌. ഇന്നും ഇത്‌ പ്രസക്തമാകുന്നതും അതുകൊണ്ടാണ്‌.
പലർക്കും ഇപ്പോഴും കാൾമാർക്ക്സിന്റെ ഗണിതം പിടികിട്ടിയില്ല. ലോകസമ്പത്ത്‌ ഘടന പൊതുകുഴപ്പത്തിലേയ്ക്ക്‌ വീഴുമ്പോഴാണ്‌ പലരും കാൾമാർക്ക്സിനെ അന്വേഷിക്കുന്നത്‌. 2008ൽ നൂറുകണക്കിന്‌ ബാങ്കുകൾ യുഎസിൽ തകർന്നുവീഴുകയും ലോകം വൻ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക്‌ നീങ്ങിയപ്പോഴുമാണ്‌ പല ഭരണാധികാരികളും ‘മൂലധനം’ വായിക്കാൻ തുടങ്ങിയത്‌.

ഗണിതമില്ലെങ്കിൽ ജീവിതമില്ല
ജനനം മുതൽ മരണം വരെ കണക്കാണ്‌ ഓരോ മനുഷ്യനേയും ജീവിതത്തിലുടനീളം നിയന്ത്രിക്കുന്നത്‌. കണക്ക്‌ നോക്കി ജീവിക്കണമെന്ന്‌ നാം പറയാറില്ലേ. ഗണിതമില്ലെങ്കിൽ ഈ പ്രപഞ്ചവും മനുഷ്യനുമില്ല. തുടക്കവും കണക്കിലാണ്‌. പട്ടടയിൽ ദഹിപ്പിക്കുമ്പോൾ പോലും കണക്ക്‌ നോക്കിയാണ്‌ കുഴിയെടുക്കുന്നത്‌. ശവക്കല്ലറയും ശവമഞ്ചവും എല്ലാം ഗണിതത്തിന്റെ അടിസ്ഥാനത്തിലാണ്‌.

  Categories:
view more articles

About Article Author