സ്റ്റേറ്റ്‌ ബാങ്കിന്റെ ഇടിവെട്ട്‌ പകൽക്കൊള്ള

May 11 04:04 2017

ബാങ്കുകളുടെ സംയോജനം മൂലം ഒരു ബാങ്കിൽ രണ്ട്‌ അക്കൗണ്ടുകൾ ആയതിനെത്തുടർന്ന്‌ അതിലൊന്ന്‌ ക്ലോസ്‌ ചെയ്യാൻ തീരുമാനിച്ചു. അതിനായി സ്റ്റേറ്റ്‌ ബാങ്കിൽ ചെന്നു. രണ്ട്‌ അക്കൗണ്ടുകളിൽ ഒന്ന്‌ ക്ലോസ്‌ ചെയ്ത്‌ മറ്റൊന്നിലേയ്ക്ക്‌ ക്രെഡിറ്റ്‌ ചെയ്യാൻ അപേക്ഷ നൽകി. ബ്ലേഡ്‌ കമ്പനിയെന്ന്‌ കുപ്രസിദ്ധിയാർജിച്ചിട്ടുള്ള ന്യൂജനറേഷൻ ബാങ്കിലെ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്തപ്പോൾ ക്ലോസിങ്‌ ചാർജ്ജ്‌ ഈടാക്കിയില്ലെന്ന അനുഭവത്തിലും പിൻബലത്തിലുമാണ്‌ അപേക്ഷിച്ചത്‌. അപേക്ഷ ‘സദയം’ സീകരിക്കുകയും അക്കൗണ്ടിലേയ്ക്ക്‌ വരവ്‌ വയ്ക്കാമെന്ന നല്ല വാക്ക്‌ പറഞ്ഞ്‌ സർവീസ്‌ മാനേജർ പുഞ്ചിരിയോടെ യാത്രയാക്കുകയും ചെയ്തു. മാനേജരുടെ പെരുമാറ്റ മഹിമയിൽ മനം മയങ്ങി ആഹ്ലാദചിത്തനായി ഞാനും മടങ്ങി. ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. മാനേജരുടെ പുഞ്ചിരിക്ക്‌ പിന്നിൽ ഒളിഞ്ഞിരുന്നത്‌ ഒരു ചതിയായിരുന്നെന്ന്‌ അഥവാ ഞാൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന്‌ അറിഞ്ഞത്‌ മെസേജ്‌ വന്നപ്പോഴാണ്‌. ക്ലോസിങ്‌ ചാർജ്ജ്‌ 575 രൂപയാണെന്ന മെസേജ്‌ അത്‌ കിഴിച്ച്‌ ശേഷിക്കുന്ന 6987 രൂപ എസ്ബിഐയുടെ തന്നെ മറ്റൊരു അക്കൗണ്ടിലേയ്ക്ക്‌ മാറ്റിയിട്ടുണ്ടെന്നും തുടർന്ന്‌ പറയുന്നു. അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യുന്നത്‌ ഇത്ര വലിയ ശിക്ഷയും പിഴയും ക്ഷണിച്ചുവരുത്തുന്ന പാതകമാണെന്ന്‌ അറിഞ്ഞിരുന്നെങ്കിൽ അഥവാ മാനേജർ പറഞ്ഞിരുന്നെങ്കിൽ ഞാനതിന്‌ മുതിരുമായിരുന്നില്ല. ന്യൂജനറേഷൻ ബാങ്ക്‌ പോലും ചെയ്യാൻ മടിക്കുന്ന ഒരു തീവെട്ടിക്കൊള്ള സ്റ്റേറ്റ്‌ ബാങ്ക്‌ ചെയ്യുമെന്ന്‌ സ്വപ്നത്തിൽ പോലും വിചാരിച്ചതുമില്ല. എന്റെ ബുദ്ധിമോശത്തിന്‌ 575 രൂപ പിഴ ഒടുക്കിയപ്പോഴാണ്‌ ക്ലോസിങ്‌ ചാർജ്ജ്‌ മറച്ചുവച്ച്‌ സംസാരിച്ച മാനേജരുടെ ചുണ്ടിൽ തത്തിക്കളിച്ച പുഞ്ചിരിയുടെയും നല്ല വാക്ക്‌ പറഞ്ഞ്‌ മന്ദസ്മിതത്തോടെ യാത്രയാക്കിയതിന്റെ പൊരുൾ പിടികിട്ടിയത്‌.
വേട്ടക്കാരന്റെ മുന്നിലെ ഇരയായിരുന്നെന്ന്‌ മനസിലായത്‌. കഴിഞ്ഞ പത്ത്‌ വർഷമായി ഭേദപ്പെട്ട രീതിയിൽ ബാലൻസ്‌ നിർത്തിപോന്ന ഒരക്കൗണ്ട്‌ അതേ ബാങ്കിലെ മറ്റൊരു അക്കൗണ്ടിലേയ്ക്ക്‌ സദയം മാറ്റിയപ്പോഴുണ്ടായ ധനനഷ്ട വിശേഷമാണിത്‌. അഥവാ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്ബിടിയെ ഭാരതീയ സ്റ്റേറ്റ്‌ ബാങ്കിൽ ലയിപ്പിച്ചപ്പോൾ ഇടപാടുകാരൻ കൊടുക്കേണ്ടി വന്ന വിലയുടെ പരിഛേദം. കേവലം 60 പൈസ വരുന്ന ഒരു മെസേജിന്‌ ബാങ്കുകൾ ഈടാക്കുന്നത്‌ 15 മുതൽ 20 രൂപ വരെയാണ്‌. നോട്ട്‌ നിരോധനവും ബാങ്കുകളുടെ സംയോജനവും വിജയമല്യമാർ മുഖാന്തിരം പാപ്പരായ പൊതുമേഖല ബാങ്കുകൾക്കുണ്ടായ നഷ്ടവും മൂലധന ശോഷണവും നികത്താനുള്ള ഒരു കുതന്ത്രമായിരുന്നെന്ന വസ്തുതയ്ക്ക്‌ നേരെ അടിവരയിടുന്ന ഒരു സാക്ഷ്യപത്രമാണ്‌ ഈ ഇടിവെട്ട്‌ പകൽക്കൊള്ള.
സി കെ ശശി
കൊടുങ്ങല്ലൂർ

view more articles

About Article Author