സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നതായി പരാതി

January 11 01:52 2017

 

അമ്പലപ്പുഴ: ലൈസന്‍സില്ലാതെയും യൂണിഫോം ഇടാതെയും ജോലി ചെയ്യുന്ന സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതായി പരാതി. ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന സ്വകാര്യബസുകളിലെ ഭൂരിഭാഗം കണ്ടക്ടര്‍മാര്‍ക്കും ലൈസന്‍സില്ല. കൂടാതെ ഇവര്‍ യൂണിഫോമും ഇടാതെയാണ് ജോലി ചെയ്യുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ കണ്‍സെഷന്‍ നിഷേധിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി യൂണിഫോം ധരിച്ച് യാത്ര ചെയ്തിട്ടും ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന സ്വകാര്യബസിലെ ലൈസന്‍സില്ലാതെ ഡ്യട്ടി ചെയ്ത് കണ്ടക്ടര്‍ മിനിമം യാത്രാ നിരക്ക് വാങ്ങിച്ചു. സ്വകാര്യബസുകളില്‍ നിരവധി യുവാക്കളാണ് ഈ രീതിയില്‍ ലൈസന്‍സില്ലാതെ കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യുന്നത്. ഇവര്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുന്നതും പതിവായിട്ടുണ്ട്. നിയമം ലംഘിച്ച് ഈ രീതിയില്‍ കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാറുമില്ല. ഇത് പരിഹരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ കണ്ടക്ടര്‍മാര്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ സംവിധാനം നടപ്പായാല്‍ ഒരു പരിധിവരെ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന കണ്ടക്ടര്‍മാരെ ഉടന്‍ പിടികൂടാന്‍ കഴിയും. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടര്‍മാരും സ്വകാര്യബസുകളിലുണ്ട്. ഇത്തരക്കാരെ പിടികൂടാനും മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

  Categories:
view more articles

About Article Author