സ്വകാര്യ സ്വാശ്രയ കോളജുകൾ കൊലക്കളങ്ങളായി മാറിക്കൂട

January 11 05:00 2017

തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്‌റു കോളജിൽ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ്‌ വിദ്യാർഥി ജിഷ്ണു പ്രണോയ്‌ കോളജ്‌ ഹോസ്റ്റലിൽ ജീവൻ ഒടുക്കിയതും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും കേരളത്തിലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെപ്പറ്റി പൊതുസമൂഹത്തിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ജിഷ്ണുവിന്റെ ആത്മഹത്യക്കു പ്രേരകമായത്‌ കോളജ്‌ അധികൃതരുടെ പീഡനമാണെന്ന്‌ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി വിദ്യാർഥി സംഘടനകൾ ഒന്നടങ്കം ആരോപിക്കുന്നു. പരീക്ഷയ്ക്ക്‌ അടുത്ത വിദ്യാർഥിയുടെ ഉത്തരക്കടലാസ്‌ നോക്കി എഴുതി എന്നാരോപിച്ച്‌ ജിഷ്ണുവിനെയും മറ്റു ചില വിദ്യാർഥികളെയും പരസ്യമായി ശാസിക്കുകയും ബെഞ്ചിൽ കയറ്റിനിർത്തി അപമാനിക്കുകയും ചെയ്തതായി വിദ്യാർഥി സംഘടനകൾ പറയുന്നു. ജിഷ്ണുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയുണ്ട്‌. അയാളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായി ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്‌. ജിഷ്ണുവിന്‌ നേരിടേണ്ടിവന്നത്‌ ഒറ്റപ്പെട്ട പീഡനമല്ലെന്നും നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ കോളജിൽ അച്ചടക്കം നടപ്പാക്കുന്നതിന്റെ പേരിൽ വിദ്യാർഥികൾക്കുനേരെ അധികൃതരിൽ നിന്നും മാനസികവും ശാരീരികവുമായ പീഡനം പതിവാണെന്നും പൂർവവിദ്യാർഥികളും വിദ്യാർഥി സംഘടനാ പ്രവർത്തകരും പറയുന്നു. വിദ്യാർഥിനികളുടെ ബാഗുകളടക്കം സ്വകാര്യ വസ്തുക്കൾ കോളജ്‌ അധികൃതർ പരിശോധിക്കുന്നതും അതിനുവേണ്ടി പെൺകുട്ടികളെ മുറിക്കുള്ളിൽ അടച്ചുപൂട്ടിയിടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായും പരാതിയുണ്ട്‌. ജിഷ്ണു ആത്മഹത്യാശ്രമം നടത്തിയത്‌ കണ്ടെത്തിയ സഹപാഠികൾ അയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായം അഭ്യർഥിച്ചിട്ട്‌ അധികൃതർ അതിനു തയ്യാറായില്ലെന്നും മറ്റൊരു വിദ്യാർഥി അരമണിക്കൂറിലേറെ വൈകി കൊണ്ടുവന്ന കാറിലാണ്‌ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചതെന്നും പറയപ്പെടുന്നു.
ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെടുന്നതിലേയ്ക്ക്‌ നെഹ്‌റു കോളജിലെ അന്തരീക്ഷം വഷളായിരിക്കുന്നു എന്നതാണ്‌ അനിഷേധ്യമായ വസ്തുത. ജിഷ്ണു കോപ്പിയടിച്ചതായി തങ്ങൾക്ക്‌ പരാതി ലഭിച്ചിട്ടില്ലെന്ന്‌ സർവകലാശാല പരീക്ഷ കൺട്രോളറുടെ പ്രസ്താവന വ്യക്തമാക്കുന്നു. ഇതേപ്പറ്റി വിശദമായ റിപ്പോർട്ട്‌ നൽകാൻ സാങ്കേതിക സർവകലാശാല അധികൃതരോട്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയിട്ടുമുണ്ട്‌. മികച്ച പഠനത്തിനും വ്യക്തിത്വവികസനത്തിനും ഉതകേണ്ട നമ്മുടെ കാമ്പസുകൾ ഒരു കാരണവശാലും വിദ്യാർഥികളുടെ കൊലക്കളങ്ങളാവാൻ അനുവദിച്ചുകൂട. നെഹ്‌റു കോളജിൽ നിന്നും സംസ്ഥാനത്തെ മറ്റ്‌ പല സ്വകാര്യ സ്വാശ്രയ കാമ്പസുകളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അസ്വസ്ഥജനകമാണ്‌. പഠനമികവും അച്ചടക്കവും ഉറപ്പുവരുത്താൻ അനഭിലഷണീയമായ ശിക്ഷണ-ശിക്ഷാരീതികൾ പല കാമ്പസുകളിലും നിലനിൽക്കുന്നതായി പരാതിയുണ്ട്‌. തങ്ങളുടെ കുട്ടികൾക്ക്‌ മികച്ച പഠനവും ഭാവിയും ഉറപ്പുവരുത്താൻ അത്തരം ശിക്ഷണ-ശിക്ഷാ നടപടികൾ കൂടിയേ തീരു എന്ന്‌ കരുതുന്ന രക്ഷിതാക്കൾ നമുക്കിടയിലുണ്ട്‌. കുട്ടികളുടെ അഭിരുചികൾക്കും സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾക്കും ഒരു വിലയും കൽപ്പിക്കാത്ത രക്ഷിതാക്കളും വിദ്യാഭ്യാസം കച്ചവടമാക്കിയ കോളജ്‌ മുതലാളിമാരും ഈ ദുസ്ഥിതിക്ക്‌ ഉത്തരവാദികളാണ്‌. ഇത്തരം സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിലും വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. മാനേജ്മെന്റുകളുടെ കാർക്കശ്യത്തിലാണ്‌ അത്തരം കോളജുകളുടെ പ്രവർത്തനം തുടർന്നുവരുന്നത്‌. സർവകലാശാലകൾക്കോ സർക്കാരിനോ എന്തിന്‌ രക്ഷിതാക്കൾക്കുതന്നെയോ അവയുടെ ദൈനംദിന നടത്തിപ്പിൽ യാതൊരു പങ്കുമില്ലെന്നതാണ്‌ വസ്തുത. നെഹ്‌റു കോളജിലെ സംഭവവികാസങ്ങൾ ഈ യാഥാർത്ഥ്യങ്ങളിലേയ്ക്ക്‌ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാകണം.
നെഹ്‌റു കോളജിലെ സംഭവങ്ങളെപ്പറ്റി സാങ്കേതിക സർവകലാശാല നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ കേരളത്തിലെ സ്വാശ്രയ കോളജുകളുടെ ദൈനംദിന നടത്തിപ്പിലേയ്ക്ക്‌ സമൂഹത്തിന്‌ ഉൾക്കാഴ്ച നൽകുന്നതാവും എന്ന്‌ കേരളം പ്രതീക്ഷിക്കുന്നു. ഇത്തരം അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾക്ക്‌ ആ റിപ്പോർട്ട്‌ വഴിതുറക്കണം. കുറ്റവാളികളായ അധ്യാപകരെയും കോളജ്‌ നടത്തിപ്പുകാരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും റിപ്പോർട്ടുവഴി കഴിയണം. ജിഷ്ണുവിന്റെ വേർപാട്‌ ഒരു കുടുംബത്തിന്‌ താങ്ങാനാവാത്ത നഷ്ടമാണ്‌ വരുത്തിവച്ചിട്ടുള്ളത്‌. ആ കുടുംബത്തിന്‌ അർഹമായ മാന്യമായ നഷ്ടപരിഹാരം കോളജ്‌ മാനേജ്മെന്റിൽ നിന്നും ഈടാക്കിനൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ഈ അനുഭവം മറ്റൊരു കോളജിലും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിയമനടപടികൾക്ക്‌ സർവകലാശാലയും സർക്കാരും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസത്തിന്റെ പേരിൽ അനഭിലഷണീയമായ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നുവരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി നിഷേധിക്കാനും അവ അടച്ചുപൂട്ടാനും സർക്കാർ സന്നദ്ധമാവണം.

  Categories:
view more articles

About Article Author