സ്വതന്ത്രചിന്തയ്ക്കെതിരെ ഹൈന്ദവഫാസിസം

സ്വതന്ത്രചിന്തയ്ക്കെതിരെ ഹൈന്ദവഫാസിസം
March 17 04:50 2017

പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ
ഹൈന്ദവഫാസിസത്തിന്റെ പ്രഖ്യാപിത നയത്തിന്റെ മുഖമുദ്ര എന്നും ജനവിരുദ്ധതയാണ്‌. അത്‌ ബഹുഭൂരിപക്ഷത്തിന്റെ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നു. ഭൂതക്കണ്ണാടിയിലൂടെ മാത്രം കാണാനാവുന്ന ചെറിയൊരു ന്യൂനപക്ഷത്തിന്റെ ഭൗതികവും ബൗദ്ധികവുമായ മേധാവിത്വം അത്‌ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ഇതിഹാസങ്ങളിലേയും പുരാണങ്ങളിലേയും ചേതോഹരങ്ങളായ സങ്കൽപകഥകൾക്ക്‌ അവർ ചരിത്രത്തിന്റെ പദവി നൽകുന്നു. പുരാണ കഥാപാത്രങ്ങളെ സ്വതന്ത്രമായ കാഴ്ചപ്പാടുകളിൽ വ്യാഖ്യാനിക്കുകയോ പുനരാഖ്യാനം നടത്തുകയോ ചെയ്യുന്നത്‌ അവർക്ക്‌ സഹിക്കാനാവുകയില്ല. അങ്ങനെ ആരെങ്കിലും അതിനായി പുറപ്പെട്ടാൽ അവർക്ക്‌ നൽകാൻ മുൻകൂട്ടി തയാറാക്കിയ കുറേ ശിക്ഷാവിധികൾ അവർ കരുതിവച്ചിട്ടുണ്ട്‌. അത്‌ കൊലപാതകമാവാം ശാരീരികപീഡനങ്ങളാവാം, തേജോവധമാവാം, താക്കീതുകളാവാം, എന്തുമാവാം.
പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെയോ ചിന്തകനെയോ വകവരുത്തിയാൽ ഫലം ഒന്നല്ല ഒരുപാടാണ്‌ എന്നവർ കണക്കുകൂട്ടിയിട്ടുണ്ട്‌. ഒരാളെ കൊലപ്പെടുത്തി ഒരുപാടുപേരെ ഭയപ്പെടുത്താമെന്നും അടക്കിയിരുത്താമെന്നും ഇവർ വിശ്വസിക്കുന്നു. എല്ലാവരും തങ്ങളെപോലെ ചിന്തിക്കണമെന്നും അതനുസരിച്ചുമാത്രം പ്രവർത്തിക്കണമെന്നും ഇവർ ശഠിക്കുന്നു. മറിച്ചാണുണ്ടാവുന്നതെങ്കിൽ എന്തും സംഭവിക്കാമെന്ന്‌ ഗാന്ധിവധത്തിലൂടെ അവർ ഉദാഹരിച്ചു. ഉദാഹരണങ്ങൾ അവസാനിക്കുന്നില്ല. വിമതാഭിപ്രായം പുറപ്പെടുവിക്കുന്നവരെ കൊല്ലുക മാത്രമല്ല കൊലയാളികൾക്ക്‌ വീരപരിവേഷം നൽകുകയും ചെയ്യുന്നു. മതഫാസിസത്തിന്റെ പുതിയ അവതാരങ്ങൾ എവിടെയും ഇന്ന്‌ ഉറഞ്ഞുതുള്ളുന്നു.
പൂനെയിൽ ഒരു പൊതുനിരത്തിലൂടെ പ്രഭാതസവാരിയിൽ ഏർപ്പെട്ടിരുന്ന നരേന്ദ്രധബോൽക്കറെ പൊടുന്നനെ അവിടേക്കു കടന്നുവന്ന രണ്ട്‌ ചെറുപ്പക്കാർ വെടിവച്ചു വീഴ്ത്തി. ഒരു ഡോക്ടറായി സേവനമനുഷ്ഠിച്ചുവന്ന ധബോൽക്കർ ഹൈന്ദവഫാസിസത്തിന്റെ കണ്ണിൽ കരടാവുന്നത്‌ അദ്ദേഹം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയതോടുകൂടിയാണ്‌. അദ്ദേഹം അന്ധവിശ്വാസങ്ങളെ യുക്തിഭദ്രതയോടെ എതിർക്കുന്ന ലേഖനങ്ങൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയ്ക്ക്‌ രൂപം നൽകുകയും മുന്നോട്ടുനയിക്കുകയും ചെയ്തു. നിർബാധം അത്‌ തുടരുന്നത്‌ അനുവദിച്ചുകൂടെന്ന്‌ സംഘപരിവാരം തീരുമാനിച്ചു, അത്‌ നടപ്പിലാക്കുകയും ചെയ്തു.
അടുത്ത ഊഴം ഗോവിന്ദ്‌ പൻസാരെയുടേതായിരുന്നു. എഴുത്തിനും പ്രഭാഷണത്തിനുമപ്പുറം വലിയൊരു കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്നു അദ്ദേഹം. സിപിഐയുടെ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. കാലം കാതോർത്ത ശക്തനായ ഒരു യുക്തിവാദി ആയിരുന്നു അദ്ദേഹം. ധബോ ൽക്കറുടെ കൊലപാതകത്തിനെതിരെ ഗോവിന്ദ്‌ പൻസാരേ ഉയർത്തിയ പ്രതിഷേധം രാജ്യമാസകലം തിരിച്ചറിഞ്ഞു. യുക്തിവാദത്തിനും സ്വതന്ത്രചിന്തയ്ക്കുമെതിരെ മതഫാസിസം ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച്‌ അദ്ദേഹം ലോകത്തോട്‌ വിളിച്ചുപറഞ്ഞു, കരുതിയിരിക്കുവാൻ മൂന്നാര്റിയിപ്പ്‌ നൽകി. മാസങ്ങൾ കഴിഞ്ഞില്ല, ധബോൽക്കർ കൊല്ലപ്പെട്ട അതേ മാതൃകയിൽ പൻസാരെയുടെ ജീവിതത്തിനും തിരശീല വീണു. വർഗീയ വിഷം തലയ്ക്ക്‌ പിടിച്ച രണ്ട്‌ അധമവ്യക്തിത്വങ്ങൾ ഗോവിന്ദ്‌ പൻസാരയുടേയും കൂടെ ഉണ്ടായിരുന്ന സഹധർമിണിയുടേയും നേരെ നിറയൊഴിച്ചു. നാലാംനാൾ പൻസാരെ അന്തരിച്ചു.
മതഫാസിസത്തിന്റെ വിഷവായു തെക്കോട്ട്‌ വീശിയടിച്ചപ്പോൾ എം എം കൽബുർഗിയുടെ കഥ കഴിഞ്ഞു. കൽബുർഗിയുടെ യുക്തിവാദചിന്തകളുടെ മുന അന്ധവിശ്വാസങ്ങളിൽ ചെന്നുകൊണ്ടു. എഴുത്തുകാരൻ, ചിന്തകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ ബഹുവിധ മേഖലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. കർണാടകയിലെ ഹംബി സർവകലാശാലയുടെ വൈസ്ചാൻസലറായും കൽബുർഗി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ സാഹിത്യസേവനങ്ങളെ മാനിച്ച്‌ ഔദ്യോഗിക കേന്ദ്രങ്ങൾ പത്മപുരസ്കാരവും സാഹിത്യ അക്കാദമി പുരസ്കാരവും നൽകിയിട്ടുണ്ട്‌. പറഞ്ഞിട്ടെന്തുകാര്യം? അന്ധമായ മതവാദത്തിന്‌ അങ്ങനെയൊരാളെ വച്ചുപൊറുപ്പിക്കാനാവുമോ? ഭരണം കക്ഷത്തിരിക്കുമ്പോൾ ഇത്തരം ചില അവിവേകങ്ങൾ പ്രവർത്തിക്കാതിരുന്നാൽ ഇതെന്ത്‌ ഭരണം എന്ന്‌ കൂടെയുള്ള ചിലരെങ്കിലും ചോദിക്കില്ലേ?
ചോരയുടെ മണം മാറിയിട്ടില്ല, 2017 മാർച്ച്‌ 3ന്‌ പൂനയിൽ നിന്ന്‌ ഒരു കൊലപാതക കഥ പുറത്തുവന്നിരിക്കുന്നു. കൊല്ലപ്പെട്ടത്‌ ഡോ. കൃഷ്ണ കിർവാലെ. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ ജില്ലയിലെ സ്വഭവനത്തിലിരിക്കെ ചില അജ്ഞാതവ്യക്തികൾ കടന്നുചെന്നാണ്‌ കൃഷ്ണ കിർവാലയെ കൊല ചെയ്തത്‌. കൊൽഹാപൂരിലെ ശിവജി സർവകലാശാലയിൽ മറാത്തി ഭാഷാ വിഭാഗം പ്രൊഫസറായിരുന്നു അദ്ദേഹം. കൊല്ലപ്പെടുമ്പോൾ പ്രായം 62 വയസ്‌. അംബേദ്കർ ചിന്തകളെ പിന്തുടരുന്ന ആളും അതിന്റെ ശക്തനായ പ്രചാരകനുമായിരുന്നു പ്രൊഫ. കൃഷ്ണ കിർവാലെ. മനുവാദമനുസരിച്ച്‌ മനുഷ്യനിർവചനത്തിന്‌ പുറത്തുനിൽക്കുന്നവരാണല്ലോ അംബേദ്കറുടെ അനുയായികൾ. അവരെ സംഘടിപ്പിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ മതഫാസിസത്തിന്‌ ഹിതമാവില്ലെന്ന്‌ വ്യക്തം.
ഡോ. ബാബാസാഹെബ്‌ അംബേദ്കർ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിപ്പോന്നിരുന്നത്‌ ഡോ. കിർവാലെ ആയിരുന്നു. അധസ്ഥിതരെക്കുറിച്ചുള്ള ഗവേഷണവും അവരുടെ വികസനവുമാണ്‌ സെന്ററിന്റെ കർമപരിപാടികൾ. ആ രംഗത്ത്‌ നല്ല ഉശിരൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കയായിരുന്നു ഡോ. കിർവാലെ. ഡോ. അംബേദ്കറുടെ ദർശനത്തേയും ദളിത്‌ പ്രസ്ഥാനങ്ങളേയും കുറിച്ച്‌ ഡോ. കിർവാലെ എഴുതിയ ലേഖനങ്ങളും ഗ്രന്ഥങ്ങളും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരെ കുറേക്കൂടി അകലങ്ങളിലേയ്ക്ക്‌ തള്ളിമാറ്റുവാൻ നോറ്റിറങ്ങിയവർ അധികാരം കൈയാളുമ്പോൾ ഡോ. കൃഷ്ണ കിർവാലയെപോലുള്ള വ്യക്തിത്വങ്ങളുടെ സാന്നിധ്യം അനിവാര്യമാകുന്നു. അത്തരം ഒരു ചരിത്രസന്ധിയിൽ വച്ചാണ്‌ ഡോ. കൃഷ്ണകിർവാലെ നിഗ്രഹിക്കപ്പെട്ടത്‌. പക്ഷേ, ചരിത്രം അവിടെ അവസാനിക്കുകയില്ല. അംബേദ്കറിസത്തിന്റെ ചൈതന്യം ഒരു കൊലപാതകംകൊണ്ടോ കൂട്ടക്കൊലകൾകൊണ്ടോ മങ്ങലേൽക്കുന്നതല്ല.
സ്വതന്ത്രചിന്തയെ ഭീഷണിപ്പെടുത്തിയോ മാനംകെടുത്തിയോ വരുതിക്ക്‌ നിർത്താം എന്നൊരു പൂതി ഹൈന്ദവ ഫാസിസത്തിനുണ്ട്‌. ചിലപ്പോഴൊക്കെ അത്‌ പരിക്ഷിച്ചുനോക്കിയിട്ടുമുണ്ട്‌. പെരുമാൾ മുരുകനെ കുറേ അക്രമികൾ വളഞ്ഞുവച്ച്‌ എഴുത്തു നിർത്തുന്നു എന്ന്‌ പ്രതിജ്ഞ ചെയ്യിച്ചത്‌ ഒരു സംഭവം മാത്രം. പക്ഷേ, അദ്ദേഹം പിന്നെയുമെഴുതി. ഒരു രാത്രികൊണ്ട്‌ ലോകം അവസാനിക്കും എന്ന്‌ വിശ്വസിക്കുന്ന അൽപബുദ്ധികളെ ഓർത്ത്‌ അന്നുതന്നെ കാര്യബോധമുള്ളവർ സഹതപിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പിന്നീട്‌ ആവർത്തിച്ച ഒരു കലാപരിപാടി എഴുത്തുകാരെ താറടിക്കലാണ്‌. പുലഭ്യം പറഞ്ഞും സ്വയം വിവസ്ത്രനായും എഴുത്തുകാരന്റെ കണ്ണടപ്പിക്കാൻ പുറപ്പെട്ടവർക്ക്‌ തെറ്റി. ഇതെല്ലാം ചെയ്തുകൂട്ടിയവരുടെ മാനം കെടുത്തുകയും എഴുത്തുകാരന്റെ തേജസ്‌ ഉയരുകയും ചെയ്തു. പിന്നീട്‌ ഉണ്ടായ ഒരു അറ്റകൈ പ്രയോഗമാണ്‌ എഴുത്തുകാരന്റെ മുഖത്ത്‌ കരിഓയിൽ ഒഴിക്കൽ.
എഴുത്തുകാരനായ എംടിയേയും ചലച്ചിത്രകാരനായ കമലിനേയും ചിലർ തോണ്ടി നോക്കിയത്‌ ആ പരിപ്പ്‌ ഈ വെള്ളത്തിൽ വേകുമോ എന്നറിയാനാണ്‌. അത്‌ ചെയ്തത്‌ ഒരു നിലയ്ക്കും ആധികാരികത ഇല്ലാത്തവരായതുകൊണ്ട്‌ സമൂഹം ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചവർ ഊറിച്ചിരിക്കുകയും ‘അയ്യോ പാവം’ എന്ന മട്ടിൽ അവഗണിക്കുകയും ചെയ്തു.
ഇപ്പോഴത്തെ കാലക്കേടിന്റെ അവകാശികൾ തങ്ങളാണെന്ന്‌ അഹന്തയോടെ വിശ്വസിക്കുന്ന കുറേ ആളുകൾ നമുക്ക്‌ ചുറ്റുമുണ്ട്‌. ആ വിശ്വാസം ശരിയാണുതാനും. തയാറാക്കി വച്ച കരിഓയിൽ പാത്രവും തൂക്കി ചിലപ്പോഴൊക്കെ അവർ ജനമധ്യത്തിലേയ്ക്ക്‌ വരും. കന്നഡയിലെ പുരോഗമന എഴുത്തുകാരനായ യോഗേഷിനെ അവർ അന്വേഷിച്ചെത്തിയത്‌ ഒരു ഹോട്ടലിനുള്ളിലാണ്‌. അദ്ദേഹം എഴുതിയ ‘ദുണ്ഡി’ എന്ന നോവൽ കന്നഡ സാഹിത്യത്തിൽ ഒരു വിവാദ വിഷയമാണ്‌. ആ നോവൽ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്നത്രേ എതിർക്കുന്നവരുടെ പക്ഷം. പി ലങ്കേഷ്‌ എന്ന പത്രപ്രവർത്തകന്റെ അനുസ്മരണത്തിൽ സംസാരിച്ച ശേഷം, യോഗസംഘാടകരും യോഗേഷിന്റെ സുഹൃത്തുക്കളുമൊന്നിച്ചു ഹോട്ടലിൽ ചായ കഴിക്കുകയായിരുന്നു. അപ്പോഴാണ്‌ എട്ടുപത്ത്‌ അക്രമികൾ മോട്ടോർ ബൈക്കുകളിൽ എത്തി യോഗേഷിന്റെ മുഖത്തേയ്ക്ക്‌ കരിഓയിൽ ഒഴിച്ചത്‌. തെറിവിളിക്കുകയും തലമുടി പിടിച്ചു വലിക്കുകയും കായികമായി ആക്രമിക്കുകയും ചെയ്തിട്ട്‌ അവർ എങ്ങോട്ടോ ഓടിപ്പോയി. സംഘാടകരുടെ കൂട്ടത്തിൽ ലങ്കേഷിന്റെ വിധവ ഗൗരിലങ്കേഷും സിപിഐ സംസ്ഥാന സെക്രട്ടറി സിദ്ധനഗൗഡ പട്ടീലും മറ്റും ഉണ്ടായിരുന്നു. സംഭവത്തിന്‌ പിന്നിൽ സംഘപരിവാർ ശക്തികളാണുള്ളതെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഗൗരിലങ്കേഷ്‌ ഭരണകേന്ദ്രങ്ങളോട്‌ ആവശ്യപ്പെട്ടു. ‘ഹിന്ദു ജാഗരൺ വേദി’യുടെ ചില പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്‌.
ഭിന്നാഭിപ്രായങ്ങളെ വച്ചുപൊറുപ്പിക്കുവാൻ സംഘപരിവാർ തയാറല്ല. അതിനെതിരെ കൊലപാതകമോ ഭീഷണിയോ തേജോവധമോ സന്ദർഭാനുസരണം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ ഇവർ ഹിന്ദുമതത്തെത്തന്നെ അപീർത്തിപ്പെടുത്തുന്നു, മതങ്ങളുടെ പേരിൽ ജനങ്ങളെ തമ്മിൽ അകറ്റുകയും യഥാർത്ഥമായ ജനകീയ പ്രശ്നങ്ങളിൽ നിന്ന്‌ തന്ത്രപൂർവം വഴുതിമാറുകയും ചെയ്യുന്നു.

  Categories:
view more articles

About Article Author