സ്വാശ്രയ എൻജിനിയറിംഗ്‌ കോളജുകൾ ഇന്ന്‌ അടച്ചിടും

സ്വാശ്രയ എൻജിനിയറിംഗ്‌ കോളജുകൾ ഇന്ന്‌ അടച്ചിടും
January 12 03:30 2017

കൊച്ചി: സ്വാശ്രയ മാനേജ്മെന്റു അസോസിയേഷന്റെ കൊച്ചിയിലെ ഓഫിസ്‌ കെഎസ്‌ യു പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിംഗ്‌ കോളജുകൾ ഇന്ന്‌ അടച്ചിടാൻ സ്വാശ്രയ മാനേജ്മെന്റ്‌ അസോസിയേഷൻ തീരുമാനിച്ചു.കേരള സമൂഹത്തിന്‌ വെച്ചു പൊറുപ്പിക്കാൻ കഴിയാവുന്ന സംഭവമല്ല കൊച്ചിയിലെ അസോസിയേഷന്റെ സംസ്ഥാന ഓഫിസിനു നേരെയുണ്ടായ അക്രമ സംഭവമെന്ന്‌ അസോസിയേഷൻ പ്രസിഡന്റ്‌ ജോറി മത്തായി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.
അക്രമത്തിലുള്ള അസോസിയേഷന്റെ പ്രതിഷേധം വ്യക്തമാക്കുന്നതിനും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമാണ്‌ സൂചന എന്ന വിധത്തിൽ ഇന്ന്‌ സംസ്ഥാനത്തെ മുഴുവൻ സ്വാശയ എൻജിനീയറിംഗ്‌ കോളജുകളും അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.120 കോളജുകളാണ്‌ അടച്ചിടുന്നതെന്നും പറഞ്ഞു.
നാളെ മുതൽ യൂണിവേഴ്സിറ്റി പരീക്ഷകൾ ആരംഭിക്കുകയാണ്‌. വിദ്യാർഥികളുടെ ഭാവിയും രക്ഷകർത്താക്കളുടെ ആശങ്കയും മനസിലാക്കേണ്ട ബാധ്യത തങ്ങൾക്കുള്ളതുകൊണ്ടാണ്‌ ഇന്ന്‌ മാത്രമായി കോളജ്‌ അടച്ചിടുന്നത്‌.അതിനു ശേഷം കോളജുകൾ തുറക്കുമ്പോൾ പൊലീസ്‌ സംരക്ഷണം വേണ്ടിവരികയാണെങ്കിൽ അതിനുള്ള നടപടികളും സ്വീകരിക്കുമെന്നും ജോറി മത്തായി പറഞ്ഞു.
പാമ്പാടി നെഹ്‌റു കോളജിൽ നടന്ന സംഭവം സംബന്ധിച്ച്‌ മാനേജ്‌ മെന്റ്‌ അസോസിയേഷൻ അന്വേഷിക്കും. ഇതിനായി അസോസിയേഷന്‌ സംവിധാനം ഉണ്ടെന്നും ചോദ്യത്തിന്‌ മറുപടിയായി ജോറി മാത്യു പറഞ്ഞു.
ജിഷ്ണു കോപ്പിയടിച്ചുവെന്ന കോളജിന്റെ വാദം പൊളിഞ്ഞല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ കോളജിൽ പഠിക്കുന്നത്‌ വിദ്യാർഥികളാണ്‌.അവർ തെറ്റു ചെയ്താൽ ശിക്ഷിക്കാനും തലോടാനും അധ്യാപകർക്ക്‌ അവകാശമുണ്ട്‌. ആ അവകാശം അധ്യാപകരുടെ പക്കൽ നിന്നും എടുത്ത്‌ കളഞ്ഞാൽ സമൂഹത്തിന്‌ അത്‌ നല്ലതായിരിക്കില്ലെന്നായിരുന്നു ജോറി മത്തായിയുടെ മറുപടി.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എൻജിനീയറിംഗ്‌ വിദ്യാർത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട്‌ പഴയന്നൂർ പൊലീസ്‌ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇരിങ്ങാലക്കുട എ എസ്പി കിരൺ നാരായണൻ നേതൃത്വം നൽകും. തൃശൂർ റൂറൽ ഡിസ്ട്രിക്ട്‌ ക്രൈംബ്രാഞ്ച്‌ എസ്‌ ഐ പി കെ പദ്മരാജൻ, പഴയന്നൂർ പോലീസ്‌ സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ ടി കെ ശശിധരൻ, വനിത സെൽ വനിത എ എസ്‌ഐ ഉദയചന്ദ്രിക എന്നിവർ സംഘത്തിൽ അംഗങ്ങളാണ്‌. തൃശൂർ റൂറൽ ജില്ലാ പോലീസ്‌ മേധാവി അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കും. അന്വേഷണപുരോഗതി സംബന്ധിച്ച്‌ ദ്വൈവാര റിപ്പോർട്ട്‌ തൃശൂർ റേഞ്ച്‌ ഐ ജിക്ക്‌ നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.

  Categories:
view more articles

About Article Author