സ്വാശ്രയ എൻജിനിയറിങ്‌ കോളജിലെ പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കും

സ്വാശ്രയ എൻജിനിയറിങ്‌ കോളജിലെ പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കും
January 12 04:45 2017

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിങ്‌ കോളജിലെ വിദ്യാർഥികളുടെ പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു. ജില്ലാ ജഡ്ജിയുടെ പദവിയിൽ കുറയാത്തയാളെ ഓംബുഡ്സ്മാനായി നിയമിക്കാനാണ്‌ ഇന്നലെ ചേർന്ന ഗവേണിങ്‌ ബോഡി യോഗം തീരുമാനിച്ചത്‌. സർവകലാശാലയ്ക്ക്‌ കീഴിലെ 155 കോളജിലെയും വിദ്യാർഥികളുടെ പരാതികൾ ഓംബുഡ്സ്മാൻ പരിശോധിക്കും. വിദ്യാർഥികൾക്ക്‌ നേരെ ഉണ്ടാകുന്ന ഏത്‌ അത്രികമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും ഓംബുഡ്സ്മാന്‌ അധികാരം നൽകിയിട്ടുണ്ട്‌. സ്വാശ്രയ കോളജുകളുടെ പ്രവർത്തനങ്ങൾ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ സാങ്കേതിക സർവകലാശാലയ്ക്ക്‌ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ നിർദേശം നൽകിയതിനു പിന്നലെയാണ്‌ തീരുമാനം.
ലൈംഗികാതിക്രമം, അന്യായഫീസ്‌, മനേജുമെന്റുകളുടെ ആവശ്യാർഥം അക്കാദമിക്‌ കാര്യങ്ങൾക്കല്ലാതെ വിദ്യാർഥികളെ ഉപയോഗിക്കൽ, പ്രോസ്പെക്ട്സിലെ സൗകര്യങ്ങൾ അനുവദിക്കാതിരിക്കൽ, ഹോസ്റ്റൽ പ്രശ്നങ്ങൾ എന്നിവയിലെല്ലാം ഉയരുന്ന പരാതികൾ ഓംബുഡ്സ്മാൻ പരിശോധിക്കും.
കോളജുകളിലെ പഠനക്രമം, പാഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാർഥികൾക്കുവേണ്ട പശ്ചാത്തല സൗകര്യങ്ങൾ, പഠനാനുബന്ധപ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ സമിതി വിശദമായി പഠിച്ച്‌ റിപ്പോർട്ട്‌ നൽകാനാണ്‌ നിർദേശം.
അതേസമയം, സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി പീഡനത്തെക്കുറിച്ച്‌ പഠിച്ച്‌ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ സംസ്ഥാന യുവജന കമ്മിഷനും തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ സ്വാശയ കോളജുകളിൽ മാനേജുമെന്റുകൾ അച്ചടക്കത്തിന്റെ പേരുപറഞ്ഞ്‌ വിദ്യാർഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്‌ ഇതുസംബന്ധിച്ച്‌ സമഗ്ര പഠനത്തിന്‌ തീരുമാനിച്ചതെന്ന്‌ യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം അറിയിച്ചു.
സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ, എൻജിനിയറിങ്‌ കോളജുകളിലും സ്വാശ്രയ മാനേജുമെന്റുകൾ നടത്തുന്ന അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠന വിധേയമാക്കും. വിദ്യാർഥിനികളുടെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതായും അച്ചടക്കത്തിന്റെ പേരിൽ നിഷ്ഠുരമായ ശിക്ഷകൾക്ക്‌ വിദ്യാർഥികളെ വിധേയമാക്കുന്നതായും നിരവധി പരാതികൾ കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും യുവജന കമ്മിഷനു ലഭിച്ച സാഹച്യത്തിലാണ്‌ സമഗ്ര പഠനത്തിന്‌ തീരുമാനം. പഠന റിപ്പോർട്ടും വിദ്യാർഥി ദ്രോഹ നടപടികൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നിയമങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും യുവജന കമ്മിഷൻ സമർപ്പിക്കും.
തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച്‌ സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ പൊലീസ്‌ മേധാവിയോടും കോളജ്‌ അധികാരികളോടും വിശദീകരണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം കമ്മിഷന്‌ വിശദീകരണം സമർപ്പിക്കണം. പാമ്പാടി കോളജിലെ ഹോസ്റ്റലിലെ വിദ്യാർഥിനികളെ ഹോസ്റ്റലിന്‌ സമീപമെത്തി പുറമെ നിന്നുള്ളവർ ഭയപ്പെടുത്തുന്നതായുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ചും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം അറിയിച്ചു.

  Categories:
view more articles

About Article Author