സ്വാശ്രയ എൻജിനീയറിങ്‌ വിദ്യാഭ്യാസം കേരളത്തിന്‌ ശാപമായി മാറരുത്‌

January 06 05:00 2017

കേരളത്തിലെ മുപ്പത്‌ സ്വാശ്രയ എൻജിനീയറിങ്‌ കോളജ്‌ പ്രവേശനത്തിൽ ക്രമക്കേടുകൾ നടന്നതായി പ്രവേശനത്തിന്‌ മേൽനോട്ടം വഹിക്കുന്ന അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ (എഎസ്സി) കണ്ടെത്തൽ ആശങ്കാജനകമാണ്‌. എപിജെ അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി (കെടിയു)യിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള 154 കോളജുകളുടെ പ്രവേശന പട്ടികയുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കവെയാണ്‌ പ്രവേശനത്തിൽ അപാകത കണ്ടെത്തിയത്‌. തുടർപരിശോധനയിൽ ഡസൻകണക്കിന്‌ മററ്‌ സ്വാശ്രയ എൻജിനീയറിങ്‌ കോളജുകളിലും സമാനമായ രീതിയിൽ മതിയായ യോഗ്യതയില്ലാത്ത വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുള്ളത്‌ പുറത്തുവരുമെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ 163 എൻജിനീയറിങ്‌ കോളജുകളിൽ 121 എണ്ണം സ്വകാര്യ സ്വാശ്രയ കോളജുകളാണ്‌. സ്വാശ്രയ കോളജുകൾ ഉൾപ്പെടെ എല്ലാ കോളജുകളിലുമായി 63,300 ൽപരം ബിരുദപഠന സീറ്റുകളാണ്‌ ലഭ്യമായിട്ടുള്ളത്‌. കഴിഞ്ഞ നിരവധി വർഷങ്ങളിലെ കണക്കുകൾ കാണിക്കുന്നത്‌ ഈ സീറ്റുകളിൽ പൂർണമായി പ്രവേശനം നടക്കാറില്ലെന്നാണ്‌. നല്ലൊരു ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്‌ പതിവാണ്‌. കച്ചവട സംരംഭം എന്ന നിലയിൽ എൻജിനീയറിങ്‌ കോളജുകൾ ആരംഭിച്ച വിദ്യാഭ്യാസ കച്ചവടക്കാർ കിട്ടുന്ന വിലക്ക്‌ മറ്റൊരു പരിഗണനകളും കൂടാതെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ വിറ്റ്‌ കാശാക്കാനുള്ള വ്യഗ്രത കാട്ടുക പതിവാണ്‌. അതാണ്‌ ഇപ്പോഴും ആവർത്തിച്ചിട്ടുള്ളത്‌. ഇത്‌ കേരളത്തിന്റെ എൻജിനീയറിങ്‌ വിദ്യാഭ്യാസത്തെപ്പറ്റി രാജ്യത്തിനകത്തും പുറത്തും ഒന്നുപോലെ അവമതിപ്പിന്‌ കാരണമായിട്ടുണ്ട്‌. അത്‌ കാമ്പസ്‌ റിക്രൂട്ട്മെന്റ്‌ അടക്കം രാജ്യത്തിനകത്തും പുറത്തും കേരളത്തിൽ നിന്നുള്ള എൻജിനീയറിങ്‌ ബിരുദധാരികളുടെ തൊഴിൽസാധ്യതയ്ക്ക്‌ മങ്ങലേൽപ്പിച്ചിട്ടുണ്ട്‌. ഈ പ്രതിഛായത്തകർച്ച തടയാനും കേരളത്തിൽ നിന്നുള്ള അർഹരായ എൻജിനീയറിങ്‌ ബിരുദധാരികൾക്ക്‌ രാജ്യത്തിനകത്തും പുറത്തും തൊഴിൽ സാധ്യത ഉറപ്പുവരുത്താനും സംസ്ഥാന സർക്കാരും കെടിയുവും എഎസ്സിയും സത്വര നടപടി സ്വീകരിച്ചേ മതിയാവു.
വിവേചനരഹിതമായി കേരളത്തിൽ സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിനെതിരെ ഉയർന്ന വിവേക പൂർണമായ മൂന്നാര്റിയിപ്പുകൾ തീർത്തും അവഗണിച്ചാണ്‌ അത്തരം സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകിയത്‌. അത്‌ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെയോ പുതുതലമുറയുടേയോ താൽപര്യം കണക്കിലെടുത്തായിരുന്നില്ലെന്ന്‌ വ്യക്തമാണ്‌. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളും കച്ചവട താൽപര്യങ്ങളുമാണ്‌ അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നതെന്നത്‌. വിവേക ശൂന്യമായ അത്തരം നടപടികളുടെ ദുരന്തങ്ങളിൽ നിന്നും കേരളത്തെ എങ്ങനെ മോചിപ്പിക്കാമെന്ന്‌ ആലോചിച്ച്‌ അടിയന്തര നടപടികൾക്ക്‌ നാം തയാറായില്ലെങ്കിൽ സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷിയുടെ വിശ്വാസ്യതതന്നെ അപകടത്തിലാവും. എഎസ്സി ഇപ്പോൾ നടത്തിവരുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ മറികടന്ന്‌ അയോഗ്യരായവർക്ക്‌ പ്രവേശനം നൽകിയ എൻജിനീയറിങ്‌ കോളജുകളുടെ അഫിലിയേഷൻ റദ്ദാക്കുന്നതടക്കം ശിക്ഷാനടപടികൾക്ക്‌ കെടിയുവും സംസ്ഥാന ഗവൺമെന്റും തയാറാവണം. ഇക്കാര്യത്തിൽ മറ്റ്‌ പല രംഗങ്ങളിലുമെന്നപോലെ ഉദാരസമീപനം സ്വീകരിക്കുന്നത്‌ നമ്മുടെ മനുഷ്യവിഭവശേഷിയുടെ മികവിൽ തൊഴിൽദായകർക്ക്‌ സംശയമുളവാക്കാനും അതുവഴി നമ്മുടെ യോഗ്യരായ തൊഴിൽ അന്വേഷകർ ദേശീയ-വൈദേശിക തൊഴിൽ വിപണികളിൽ വിറ്റഴിയാചരക്കുകളായി മാറാനുള്ള സാധ്യതകൾ ഏറെയാണ്‌. പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗംവരെ കേരളത്തിനുണ്ടായിരുന്ന പ്രതിഛായയ്ക്ക്‌ ഇതിനകം ഏറ്റ ആഘാതങ്ങൾക്ക്‌ കരുത്തുപകരാനെ അത്തരം ഉദാരനിലപാടുകൾ സഹായകമാവു.
കേരളത്തിലെ എൻജിനീയറിങ്‌ കോളജുകളിൽ മാനദണ്ഡങ്ങൾ മറികടന്ന്‌ യോഗ്യതയില്ലാത്ത വിദ്യാർഥികൾ പ്രവേശനം നേടുന്നതിന്റെ ഒരു കാരണം സീറ്റുകൾ ഗണ്യമായ തോതിൽ ഒഴിഞ്ഞുകിടക്കുന്നുവെന്നതാണ്‌. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ പ്രവേശനം നടന്ന്‌ ക്ലാസുകൾ ആരംഭിച്ചാലും ഇവിടെ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്നില്ലെന്ന വസ്തുത ബന്ധപ്പെട്ടവർ തിരിച്ചറിയണം. യഥാസമയം പ്രവേശനം നടത്തി ക്ലാസുകൾ ആരംഭിക്കുന്നില്ലെന്നത്‌ മികവുള്ള വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതമാക്കുന്നു. പ്രവേശന, പഠന, പരീക്ഷാ പ്രക്രിയകൾ ഇതര സംസ്ഥാനങ്ങൾക്കൊപ്പമാക്കാൻ കഴിഞ്ഞാലെ സംസ്ഥാനത്തുനിന്നുള്ള വിദ്യാർഥികളുടെ പുറത്തേക്കുള്ള ഒഴുക്ക്‌ തടയാൻ കഴിയു. അതോടൊപ്പം മികച്ച അടിസ്ഥാനസൗകര്യങ്ങളും മതിയായ യോഗ്യതയുള്ള അധ്യാപകരും പരിശീലകരും പല സ്ഥാപനങ്ങളിലും ഇല്ല. അത്തരം കോളജുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നത്‌ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാപമാണ്‌. അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി തടഞ്ഞാലേ അവയെ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റാൻ കഴിയു. മറിച്ച്‌ സ്വാശ്രയ സ്ഥാപനങ്ങളെ കേവലം കച്ചവടസ്ഥാപനങ്ങളാക്കി നിലനിർത്താനാണ്‌ തുടർന്നും ശ്രമമെങ്കിൽ യോഗ്യതയില്ലാത്ത അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്ഥാപനങ്ങളായി അവ നാടിനും ഭാവിതലമുറയ്ക്കും ശാപമായി തുടരുകയായിരിക്കും ഫലം. കേരളത്തിന്റെ ഭാവിക്കുതന്നെ ഭീഷണിയായിരിക്കുന്ന ഈ സ്ഥിതിവിശേഷത്തിൽ ക്രിയാത്മകമായ ഇടപെടലാണ്‌ സർക്കാരിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌.

  Categories:
view more articles

About Article Author