സ്വാശ്രയ കോളജുകളിൽ ചീഞ്ഞഴുകുന്നത്‌ മനുഷ്യമനസാക്ഷി

സ്വാശ്രയ കോളജുകളിൽ ചീഞ്ഞഴുകുന്നത്‌ മനുഷ്യമനസാക്ഷി
February 22 04:50 2017

പണത്തിന്‌ വേണ്ടി എന്തുമാകാം എന്നതിന്‌ ഉദാഹരണങ്ങളായി മാറുകയാണ്‌ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങൾ. ചോദ്യം ചെയ്യുന്നവർക്ക്‌ ജീവൻ പോലും നഷ്ടപ്പെടും എന്നാണ്‌ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയ്‌ കൊല്ലപ്പെട്ട സംഭവത്തോടെ വ്യക്തമാകുന്നത്‌. വിദ്യാർഥി സംഘടനാ പ്രവർത്തനം പേരിനുപോലും അനുവദിക്കാത്ത സ്വാശ്രയ പ്രഫഷണൽ കോളജുകളിൽ മാനേജ്മെന്റുകളുടെ ധാർഷ്ഠ്യത്തെ ചോദ്യം ചെയ്യുന്നവർ നോട്ടപ്പുള്ളികളും പിന്നീട്‌ നിരന്തരം പീഡനങ്ങൾക്ക്‌ വിധേയരാവുകയും ചെയ്യും. ഇന്റേണൽ മാർക്ക്‌ എന്ന സംവിധാനം ഭസ്മാസുരന്റെ വരംപോലെയാണ്‌ മാനേജ്മെന്റുകൾ പ്രയോഗിക്കുക. തിരുവനന്തപുരം ലോ അക്കാദമി സമരത്തോടെ ഇന്റേണൽ മാർക്ക്‌ അതാത്‌ സ്ഥാപനങ്ങൾ നൽകുന്നത്‌ നിരീക്ഷിക്കാനുള്ള സംവിധാനം സർവകലാശാല തലത്തിലുണ്ടാകണമെന്ന്‌ ആവശ്യമുയർന്നു കഴിഞ്ഞു.
എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും വിദ്യാർഥികളെ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാൻ മാനേജ്മെന്റിന്റെ ആളുകളുണ്ട്‌. ക്വട്ടേഷൻ സംഘങ്ങൾപോലെ പ്രവർത്തിക്കുന്ന ഇവർ കോളജിലെ ജീവനക്കാർ തന്നെയായിരിക്കും. ഇത്തരത്തിലുള്ളവരാണ്‌ ജിഷ്ണുവിന്റെ ജീവൻ അപഹരിച്ചതെന്ന്‌ സഹപാഠികൾ തന്നെ ആരോപിച്ചിട്ടുണ്ട്‌. തലപൊക്കുന്നരുടെ കൂമ്പിടിച്ചുതകർക്കുക എന്നതാണ്‌ മാനേജ്മെന്റ്‌ നയം. വിദ്യാർഥികളെ മാനസികമായും ശാരീരികമായും കൈകാര്യം ചെയ്യുന്നതിൽ സ്വാശ്രയ കാമ്പസുകൾ കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുകയുമാണ്‌. ജൂനിയർ അധ്യാപകരും അനധ്യാപക ജീവനക്കാരും മാനേജ്മെന്റിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്നവരും കുട്ടികളെ വേണ്ടവിധം കൈകാര്യം ചെയ്യാൻ സദാസന്നദ്ധരാണെന്നും ഇത്‌ മാനേജ്മെന്റുകളുടെ പ്രത്യേക താൽപര്യപ്രകാരമാണെന്നും ഒട്ടേറെ കോളജുകളിൽനിന്ന്‌ വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ട്‌. വിദ്യാർഥികളെ എല്ലാത്തരം ചൂഷണങ്ങൾക്കും ഇത്തരക്കാർ ഇരയാക്കാറുണ്ടെന്നും പറയപ്പെടുന്നു. വിദ്യാർഥികൾക്ക്‌ ആവശ്യമായ സൗകര്യങ്ങളൊന്നുമൊരുക്കാതെയും ആവശ്യത്തിന്‌ അധ്യാപകരെ നിയമിക്കാതെയും അധ്യാപകർക്കും മറ്റ്‌ ജീവനക്കാർക്കും ന്യായമായ വേതനം നൽകാതെയും കച്ചവട ലക്ഷ്യത്തോടെ മാത്രം നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങൾ എണ്ണത്തിൽ കൂടുതലാണ്‌.
മറുനാടൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതുപോലെ ശിക്ഷാ നടപടികൾക്ക്‌ വൻതുക ഫൈൻ ഈടാക്കുന്ന സമ്പ്രദായം കേരളത്തിലെ സ്വാശ്രയ കോളജുകളിലും വ്യാപകമാണ്‌. ഹാജർ നിലയിലുള്ള കുറവിന്‌ മാത്രമല്ല നിസാരമായ പിഴവുകൾക്ക്‌ പോലും വിദ്യാർഥികളിൽനിന്ന്‌ ശിക്ഷാനടപടിയായി വൻതുകകളാണ്‌ കോളജുകൾ ഈടാക്കുന്നത്‌. ഇത്തരത്തിലുള്ള വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദിച്ചതോടെയാണ്‌ ജിഷ്ണു പ്രണോയ്‌ നെഹ്‌റു കോളജ്‌ അധികൃതരുടെ കണ്ണിലെ കരടായി മാറിയത്‌.
ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ്‌ നടത്തുന്ന സ്വാശ്രയ സ്ഥാപനത്തിലെ മേധാവി കോളജിൽ അഡ്മിഷനെത്തുന്ന സമയത്ത്‌ ഭീഷണിയുടെ സ്വരത്തിൽ ഇവിടെ യാതൊരുവിധ സംഘടനാ പ്രവർത്തനങ്ങളും നടക്കില്ലെന്ന്‌ പറഞ്ഞതുകേട്ട്‌ അത്ഭുതപ്പെട്ടെന്ന്‌ ഒട്ടേറെ വിദ്യാർഥികൾ സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സമരമുഖങ്ങളിലെ ചോരച്ചാലുകൾ നീന്തിക്കയറി വലിയ നേതാവായ ആളാണിത്‌ പറയുന്നതെന്നതിനാലും അദ്ദേഹം ഇപ്പോളും സജീവരാഷ്ട്രീയത്തിൽ ഉള്ളതിനാലും കേൾക്കുന്നവർക്ക്‌ ഇത്‌ സത്യമെന്ന്‌ വിശ്വസിക്കാൻ പ്രയാസമാകും.
ലക്ഷ്മി നായർ അടക്കമുള്ള സ്ഥാപനമേധാവികളുടെ തനിനിറം ലോകം അറിഞ്ഞത്‌ ആ സ്ഥാപനത്തിലെ വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങൾ പുറംലോകത്തോടെ നിർഭയമായി വെളിപ്പെടുത്തിയതുകൊണ്ടാണ്‌. പരസ്യങ്ങളിലും ടി വി ഷോകളിലും നിറഞ്ഞുനിന്ന ഈ പ്രൗഢവനിതയുടെ തൽസ്വരൂപം ലോ അക്കാദമിയിൽ പടിക്കുന്ന പെൺകുട്ടികൾ വിളിച്ചുപറഞ്ഞപ്പോൾ കേരളീയ സമൂഹമൊന്നടങ്കം മൂക്കത്ത്‌ വിരൽവച്ചു. നെഹ്‌റുകോളജ്‌ മേധാവി കൃഷ്ണദാസിനെപ്പോലെയുള്ള നരാധമന്മാർ തങ്ങളുടെ പണവും സ്വാധീനവും ഭരണകൂടത്തെയും നിയമവ്യവസ്ഥയെയും സ്വാധീനിക്കാനും മറ്റും ഉപയോഗിക്കുന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. ഇത്തരം മനുഷ്യവിരോധികളും സംസ്കാരരഹിതരുമായ ആളുകളാണ്‌ വിദ്യാഭ്യാസക്കച്ചവടക്കാരായി അവതരിച്ചിരിക്കുന്നത്‌. ഇവരുടെ കൊള്ളരുതായ്മകളും പണക്കൊതിയും എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്‌ ഇല്ലാതാകുന്നത്‌.
ഇല്ലാത്ത പണമുണ്ടാക്കി തങ്ങളുടെ കുട്ടികൾക്ക്‌ മികച്ച ഭാവി ഉറപ്പുവരുത്താൻ ജീവിതം ഹോമിക്കുന്ന മാതാപിതാക്കളുടെ പ്രതീക്ഷകൾ നഷ്ടപ്പെടുത്താതിരിക്കാൻ പല സ്ഥാപനങ്ങളിലും കുട്ടികൾ തങ്ങളുടെ ജീവിതം നരക തുല്യമാക്കി കഴിയുകയാണ്‌. അളമുട്ടുമ്പോൾ തിരിഞ്ഞുകടിക്കുമെന്നതുപോലെയാണ്‌ ഗത്യന്തരമില്ലാതെ വിദ്യാർഥികൾ സമരവും പ്രക്ഷോഭവുമായി ഇറങ്ങുന്നത്‌. ഇത്തരം പ്രക്ഷോഭങ്ങൾക്ക്‌ പിന്നിൽ അണിനിരക്കാൻ പുരോഗമപ്രസ്ഥാനങ്ങളും ജനാധിപത്യശക്തികളും യുവജന-വിദ്യാർഥി സംഘടനകളും തയ്യാറാകുന്നത്‌ അക്രമികൾക്ക്‌ കനത്ത താക്കീത്‌ തന്നെയാണ്‌.
ലക്ഷ്മി നായർക്ക്‌ മൂക്കുകയറിടാനും നരഹത്യാ കേസിൽ പ്രതിയായ കൃഷ്ണദാസിനെ നിയമത്തിന്റെ മുന്നിൽ നിർത്താനും സഹായകമായത്‌ പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ കക്ഷികളുടെയും വിദ്യാർഥി-യുവജനസംഘടനകളുടെയും ഇടപെടലും പിന്തുണയുമാണ്‌. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പൊതുസമൂഹത്തിന്റെയും പൊതുപ്രവർത്തകരുടെയും ഇടപെടൽ അനിവാര്യം തന്നെയാണ്‌. സർക്കാർ സംവിധാനങ്ങളുടെയും സർവകലാശാലകളുടെയും നീതിന്യായ സംവിധാനങ്ങളുടെയും പോരായ്മ തന്നെയാണ്‌ നിലവിലെ പ്രതിസന്ധികൾക്ക്‌ പ്രധാന കാരണം. പിഴവുകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും പ്രതികരിക്കാനും ഇടപെടൽ നടത്താനും വേണമെങ്കിൽ പ്രക്ഷോഭത്തിനിറങ്ങാനും പൊതുസമൂഹവും പൊതുപ്രവർത്തകരും ജാഗ്രത കാട്ടിയാൽ എല്ലാത്തരത്തിലും നിലവാരത്തകർച്ച നേരിടുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയെ കൈപിടിച്ചുയർത്താനും ഒരു പരിധിവരെ രക്ഷപ്പെടുത്താനും കഴിയും.
(അവസാനിച്ചു)

  Categories:
view more articles

About Article Author