സ്വർണ്ണവില മാറിമറിയുന്നു

സ്വർണ്ണവില മാറിമറിയുന്നു
June 20 04:45 2017

ഡാലിയ ജേക്കബ്‌
ആലപ്പുഴ: സ്വർണ്ണ വിപണിയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തുന്നു. വരാനിരിക്കുന്ന കർക്കടകമാസ കാലയളവിൽ സ്വർണ്ണവില കുറയുമെന്ന പതിവ്‌ ഇത്തവണ ഉണ്ടാകില്ലെന്ന്‌ സ്വർണ്ണ വ്യാപാരികൾ പറയുന്നു. 2017 ലെ തുടക്കം മുതൽ തന്നെ സ്വർണ്ണവിലയിൽ ദിനംപ്രതി വലിയ അന്തരമാണ്‌ ഉണ്ടാകുന്നത്‌. അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനൊപ്പം സംസ്ഥാനത്തെ സ്വർണ്ണ വിപണികളിലും വലിയ വ്യത്യാസമാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ വർഷം അവസാനിക്കുന്നിന്‌ മുൻപ്‌ ഗ്രാമിന്‌ 3000 രൂപയിലധികം വിലയാകുമെന്നാണ്‌ കമ്മ്യുണിറ്റി ട്രേഡിംഗ്‌ വിദഗ്ധരുടെ അഭിപ്രായം. സ്വർണ്ണ വിപണിയിലെ നിത്യേനയുള്ള വലിയ വില വ്യത്യാസം ആഭരണ പ്രേമികളിൽ സ്വർണ്ണം വാങ്ങുന്നതിനുള്ള താൽപ്പര്യം കുറയ്ക്കുകയാണെന്ന്‌ ആലപ്പുഴയിലെ പ്രമുഖ ജൂവലറി ഉടമ പറയുന്നു.
അമേരിക്ക, അവരുടെ സാമ്പത്തിക ഭദ്രതയ്ക്ക്‌ വേണ്ടി പലിശ നിരക്ക്‌ ഉയർത്തുന്നതാണ്‌ ഇടയ്ക്കിടെ സ്വർണ്ണ വിലയിൽ സംസ്ഥാനത്തും ഇടിവ്‌ വരുത്തുന്നത്‌. സംസ്ഥാനത്തെ ജൂവലറികളിൽ സ്വർണ്ണത്തിന്റെ ഇന്നലത്തെ വില ഗ്രാമിന്‌ 2695 രൂപയും പവന്‌ 21,560 രൂപയുമാണ്‌. കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന്‌ 2725 രൂപയും അതിന്‌ തൊട്ടുമുമ്പുള്ള ദിവസം ഗ്രാമിന്‌ 2680 രൂപയുമായിരുന്നു. മെയ്‌ മാസത്തിൽ തന്നെ സ്വർണ്ണ വിലയിൽ വലിയ അന്തരമാണ്‌ ഉണ്ടായത്‌. മെയ്‌ മാസം അവസാന ആഴ്ചയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിലെത്തിയിരുന്നു. ഈ മാസം സ്വർണ്ണവില വർധിക്കുമെന്ന്‌ പ്രചാരണമുണ്ടായിരുന്നെങ്കിലും സ്വർണ്ണവിപണിയിൽ താഴ്ചയാണ്‌ അനുഭവപ്പെടുന്നത്‌. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ്‌ സ്ഥിരമാകില്ലെന്നാണ്‌ സ്വർണ്ണ വ്യാപാരികൾ പറയുന്നത്‌. ഇത്‌ ഏത്‌ നിമിഷവും ഉയർന്ന്‌ വരാൻ സാധ്യതയുണ്ട്‌. ബോംബെ സൂചികയിൽ മുൻപ്‌ കേരളത്തിലെ സ്വർണ്ണവില കണക്കാക്കിയിരുന്നപ്പോൾ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ രാജ്യത്ത്‌ സ്വർണ്ണവിലയിൽ സ്ഥിരമായി വർധനവാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ ഇന്ന്‌ അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ്‌ സംസ്ഥാനത്ത്‌ സ്വർണ്ണവില നിശ്ചയിക്കുന്നത്‌. എപ്പോൾ സ്വർണ്ണത്തിന്റെ വില കൂടുമെന്നോ കുറയുമെന്നോ ആർക്കും മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ല. അമേരിക്കയിലെ വ്യവസായ പ്രമുഖർ സ്വർണ്ണം അമിതവിലയ്ക്ക്‌ വിറ്റ്‌ ലോകരാജ്യങ്ങളിൽ നിന്നുള്ള പണമെല്ലാം കൈപ്പിടിയിൽ ഒതുക്കിയശേഷം അവിടെ തന്നെ വ്യാപകമായി സ്വർണ്ണം വിറ്റഴിച്ച്‌ സ്വർണ്ണത്തിന്‌ വിലക്കുറയ്ക്കുമെന്നാണ്‌ ഈ രംഗത്തെ വിദഗ്ധർ പറയുന്നത്‌. ഈ സാഹചര്യങ്ങളിൽ സ്വർണ്ണം കൈവശം വെച്ചിരിക്കുന്നവർക്ക്‌ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിസാര തുകയ്ക്ക്‌ സ്വർണ്ണം വിൽക്കേണ്ടിവരും. വരാനിരിക്കുന്ന കർക്കട മാസത്തിൽ വിവാഹങ്ങൾ കുറയുമെന്നിരിക്കെ നിലവിലെ വിപണി ലക്ഷ്യംവെച്ചുകൊണ്ടാണ്‌ വിലയുടെ ഏറ്റക്കുറച്ചിലുകളെന്നും ആഭരണ പ്രേമികൾ പറയുന്നു.

view more articles

About Article Author