സൗദിയിൽ നിശബ്ദ കൊട്ടാരവിപ്ലവം

സൗദിയിൽ നിശബ്ദ കൊട്ടാരവിപ്ലവം
May 01 04:45 2017
  • കിരീടാവകാശിയെ രാജാവ്‌ താഴ്ത്തിക്കെട്ടി
  • രണ്ടാം കിരീടാവകാശി സൽമാൻ രാജകുമാരനെ കരുത്തുറ്റ അധികാര കേന്ദ്രമാക്കി

കെ രംഗനാഥ്‌
റിയാദ്‌: ഭരണകൂടത്തിലെ സർവവ്യാപിയായ അഴിച്ചുപണിയിലൂടെ സൗദി അറേബ്യയിൽ നിശബ്ദമായ കൊട്ടാരവിപ്ലവം.
ഭരണകൂടത്തിലും നയതന്ത്ര രംഗത്തും സൈന്യത്തിലും സുരക്ഷാവിഭാഗത്തിലും നടത്തിയ ഇളക്കി പ്രതിഷ്ഠയിലൂടെ കിരീടാവകാശിയായ തന്റെ അനന്തിരവൻ മുഹമ്മദ്‌ ബിൻ നയീഫിനെ (57) താഴ്ത്തിക്കെട്ടിയ സൽമാൻ ബിൻ അബ്ദുൽ അസീസ്‌ 31 കാരനായ പുത്രനും രണ്ടാം കിരീടാവകാശിയുമായ മുഹമ്മദ്‌ ബിൻ സൽമാനെ പുതിയ അധികാരകേന്ദ്രമാക്കി. രണ്ടുവർഷം മുമ്പ്‌ അബ്ദുള്ള രാജാവിന്റെ മരണത്തെത്തുടർന്ന്‌ അധികാരമേറ്റ സൽമാൻ രാജാവ്‌ അനന്തിരവൻ നയീഫ്‌ രാജകുമാരനെ കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ എണ്ണവിലത്തകർച്ചയിൽ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തിയ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യയെ കരകയറ്റാൻ സൽമാൻ രാജകുമാരൻ കൈക്കൊണ്ട സാമ്പത്തിക പരിഷ്കാരനടപടികൾ അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കുകയായിരുന്നു. എല്ലാരംഗങ്ങളിലും സൽമാൻ രാജകുമാരൻ ആദരം പിടിച്ചുപറ്റിയതോടെ കിരീടാവകാശി നയീഫ്്‌ രാജകുമാരനുമായുണ്ടായിരുന്ന ബന്ധം ഉലയുകയായിരുന്നുവെന്ന്‌ അറബി നയതന്ത്ര നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും പരസ്യമായില്ലെങ്കിലും കഴിഞ്ഞയാഴ്ച നടന്ന രാജഭരണത്തിലെ അഴിച്ചുപണികളോടെ രാജാവുതന്നെ സംഘടിപ്പിച്ച കൊട്ടാരവിപ്ലവത്തിലൂടെ അദ്ദേഹം പുത്രൻ സൽമാനെയും മറ്റൊരു പുത്രനും പെയിലറ്റുമായ അബ്ദുൽ അസീസ്‌ ബിൻസൽമാനെയും ഇടംവലം നിർത്തി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാമേധാവിയുമായ നയീഫ്‌ രാജകുമാരന്റെ ചിറകരിയുകയായിരുന്നുവെന്ന്‌ അറബ്‌ നയതന്ത്ര നിരീക്ഷകനായ യു കീയിലെ പീറ്റർ സാലിസ്ബറി പറയുന്നു.
രാജാവിനോട്‌ അചഞ്ചലമായ കൂറുപുലർത്തുന്നവരുടെയടക്കം പുതിയൊരു അധികാരകേന്ദ്രം തന്നെ കിരീടാവകാശിക്കെതിരെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. മേജർ ജനറൽ അഹമ്മദ്‌ അസിരിയെ പ്രതിരോധമന്ത്രിയുടെ വലംകൈയായി രഹസ്യാന്വേഷണവിഭാഗം മേധാവിയാക്കിയത്‌ ഈ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമാണെന്ന്‌ സൗദിയിലെ വിദേശനയതന്ത്രജ്ഞർ കരുതുന്നു. ആയിരക്കണക്കിനു സൗദിരാജ കുടുംബാംഗങ്ങളിൽ സൽമാൻ രാജാവിന്റെ കുടുംബത്തിലുള്ളവരെ തന്റെ പിന്തുടർച്ചക്കാരാക്കാനുള്ള തന്ത്രമാണ്‌ കിരീടാവകാശിയെ നോക്കുകുത്തിയാക്കിയ അഴിച്ചുപണിയിലൂടെ രാജാവ്‌ നടത്തിയിരിക്കുന്നതെന്ന്‌ വിലയിരുത്തുന്ന നയതന്ത്ര കേന്ദ്രങ്ങളുമുണ്ട്‌.

view more articles

About Article Author