സൗദി വാതിലും അടയുന്നു: തൊഴിൽവിസ നൽകുന്നതിൽ 29 ശതമാനം കുറവ്‌

സൗദി വാതിലും അടയുന്നു: തൊഴിൽവിസ നൽകുന്നതിൽ 29 ശതമാനം കുറവ്‌
June 23 04:45 2017

കെ രംഗനാഥ്‌
റിയാദ്‌: ലോകത്ത്‌ ഏറ്റവുമധികം ഇന്ത്യക്കാർ പണിയെടുക്കുന്ന സൗദി അറേബ്യയുടെ കവാടങ്ങളും കൊട്ടിയടയ്ക്കപ്പെട്ടു തുടങ്ങി.
36 ലക്ഷം ഇന്ത്യക്കാർ പണിയെടുക്കുന്ന സൗദി അറേബ്യയിൽ 21 ലക്ഷവും മലയാളികളാണെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എണ്ണ പ്രതിസന്ധിയെയും സ്വദേശിവൽക്കരണത്തെയും തുടർന്ന്‌ പതിനായിരക്കണക്കിന്‌ പ്രവാസികളാണ്‌ നാടുകളിലേക്ക്‌ മടങ്ങിയത്‌. പുതിയ തൊഴിലുകൾ തേടിയെത്താമെന്ന ഇവരുടെ മോഹവും പൊലിയുന്നുവെന്ന്‌ സൗദി തൊഴിൽ, സാമൂഹ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വിദേശങ്ങളിൽ നിന്നും സ്വകാര്യസ്ഥാപനങ്ങൾ റിക്രൂട്ട്‌ ചെയ്തവരുടെ എണ്ണത്തിൽ 29 ശതമാനം കുറവുണ്ടായതായി മന്ത്രാലയം അറിയിച്ചു. 14.03 ലക്ഷം പേർക്കാണ്‌ കഴിഞ്ഞ വർഷം തൊഴിൽ വിസ നൽകിയത്‌. മുൻവർഷം അത്‌ 19.72 ലക്ഷമായിരുന്നു. അഞ്ചരലക്ഷം തൊഴിൽ കവാടങ്ങൾ അടഞ്ഞപ്പോൾ അത്രത്തോളം തസ്തികകളിൽ സ്വദേശികളെ കുടിയിരുത്തി സ്വദേശിവൽക്കരണം തീവ്രമാക്കി. നിർമാണ രംഗത്താണ്‌ ഏറ്റവുമധികം തൊഴിൽ സാധ്യതകൾ ഇല്ലാതായത്‌. സൗദിയിലെ രണ്ടാമത്തെ നിർമാണ ഭീമൻ കമ്പനിയായ സൗദി ഓനറിന്‌ ജൂലൈയിൽ താഴുവീഴും. ഏറ്റവും വലിയ സൗദി ബഹുരാഷ്ട്ര കമ്പനിയായ ബിൻലാദിൻ പതിനായിരങ്ങളെ തൊഴിൽരഹിതരാക്കി അടച്ചുപൂട്ടലിന്റെ വക്കിലാണ്‌. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക്‌ പ്രവാസി നികുതിയെന്നു പേരിടാതെ പ്രത്യേക ലെവി ഈടാക്കുന്നതുമൂലം തൊഴിലാളികളുടെ പുറത്തുനിന്നുള്ള ഒഴുക്കും കുറയുന്നു.
അതേസമയം സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും അനുവദിച്ച വിസയിൽ വർധനവുണ്ടായത്‌ സ്വദേശിവൽകരണത്തിന്റെ ഭാഗമായിരുന്നു. വീട്ടുജോലിക്കാരുടെ വിസയിൽ 18 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇത്തരം 11.73 ലക്ഷം തൊഴിൽ വിസകളാണ്‌ അനുവദിച്ചത്‌. മുൻവർഷത്തെ അപേക്ഷിച്ച്‌ 1.75 ലക്ഷം വിസകളുടെ വർധന. വീട്ടുവേലക്കാർക്കുമാത്രമാണ്‌ ഇനി സൗദിയിൽ പ്രതീക്ഷയർപ്പിക്കാനുള്ളതെന്നാണ്‌ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

view more articles

About Article Author