സൗദി: 12 ലക്ഷം ഇന്ത്യക്കാർ പുറത്തായേക്കും

സൗദി: 12 ലക്ഷം ഇന്ത്യക്കാർ പുറത്തായേക്കും
July 14 03:55 2017

കെ രംഗനാഥ്‌
റിയാദ്‌: പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കിന്‌ സൗദി അറേബ്യ കച്ചമുറുക്കുന്നതായി സൂചന.
45 വയസ്‌ കഴിഞ്ഞ 40 ലക്ഷം വിദേശ തൊഴിലാളികളെയാണ്‌ ഇപ്രകാരം നാടുകടത്തുക. 36 ലക്ഷം ഇന്ത്യക്കാർ തൊഴിലെടുക്കുന്ന സൗദി അറേബ്യയിൽ 26 ലക്ഷവും മലയാളികളാണെന്നാണ്‌ ഔദ്യോഗികമായ കണക്ക്‌. 12 ലക്ഷം ഇന്ത്യക്കാരെങ്കിലും പുതിയ കുടിയിറക്കു പദ്ധതിയനുസരിച്ച്‌ പുറത്താക്കപ്പെടുമ്പോൾ ഇവരിൽ 7 ലക്ഷം പേരെങ്കിലും കേരളീയരായിരിക്കുമെന്നാണ്‌ മലയാളി സംഘടനകളുടെ ആശങ്ക. 45 വയസ്‌ കഴിഞ്ഞ വിദേശികളുടെ താമസരേഖയും തൊഴിൽ വിസയും പുതുക്കി നൽകരുതെന്ന്‌ തൊഴിൽ മന്ത്രാലയം രഹസ്യനിർദ്ദേശം ബന്ധപ്പെട്ടവർക്ക്‌ നൽകിക്കഴിഞ്ഞതായാണ്‌ സൂചന. ഇപ്പോൾ പ്രവാസികൾക്ക്‌ 65 വയസുവരെ സൗദി അറേബ്യയിൽ ജോലി ചെയ്യാൻ അനുമതിയുണ്ട്‌.
പ്രായപരിധി ചുരുക്കി കൂടുതൽ യുവത്വമുള്ളവരെ മാത്രം നിലനിർത്താനും ഒഴിവുവരുന്ന മേഖലകളിൽ യോഗ്യതയനുസരിച്ചും ഇളവുകളും കൂടുതൽ ആനുകൂല്യങ്ങളും നൽകി ആവുന്നത്ര സ്വദേശികളെ കുടിയിരുത്താനുമാണ്‌ പുതിയ തൊഴിൽ നയമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടിൽ സൂചനയുണ്ട്‌. പുതിയ റിക്രൂട്ട്മെന്റുകൾ നടക്കുമ്പോൾ വിദേശികളിൽ 30 – 45 വയസ്‌ പ്രായപരിധിയുള്ളവരെ മാത്രമേ നിയമിക്കാവു. പ്രവാസികളുടെ സേവന കാലാവധി പരമാവധി 15 വർഷമായി നിജപ്പെടുത്തണമെന്ന്‌ മറ്റൊരു നിർദ്ദേശവും വിദേശികൾക്ക്‌ ഇരുട്ടടിയാകും. അങ്ങനെ വരുമ്പോൾ 45 വയസിനു താഴെയുള്ളവരേയും കൂട്ടത്തോടെ പിരിച്ചുവിടാം. വിദേശ തൊഴിലാളികളുടെ വേതനം പരമാവധി 5000 റിയാൽ (80,000 രൂപയോളം) ആയി ചുരുക്കണമെന്ന നിർദ്ദേശംകൂടി നടപ്പിലായാൽ ശമ്പളം വെട്ടിക്കുറയ്ക്കൽ വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്‌.
പുതിയ തൊഴിൽനയത്തെക്കുറിച്ച്‌ സൗദി തൊഴിൽ മന്ത്രാലയം സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും സ്വദേശിവൽക്കരണം അതിവേഗത്തിലാക്കാനുള്ള ഇത്തരം നിർദ്ദേശങ്ങൾ ക്രോഡീകരിച്ചുവരികയാണെന്നാണ്‌ വിശദീകരണം.

view more articles

About Article Author