സൗരോർജ്ജ പ്രഭയിൽ വൈക്കം; ‘ആദിത്യ’ ഇന്ന്‌ സർവീസ്‌ തുടങ്ങും

സൗരോർജ്ജ പ്രഭയിൽ വൈക്കം; ‘ആദിത്യ’ ഇന്ന്‌ സർവീസ്‌ തുടങ്ങും
January 12 03:10 2017

വൈക്കം: സോളാർ പ്രഭ ചൊരിഞ്ഞ്‌ വൈക്കം-തവണക്കടവ്‌ ഫെറിയിൽ സോളാർ ബോട്ട്‌ ‘ആദിത്യ’ ഇന്ന്‌ സർവീസ്‌ ആരംഭിക്കും. വൈകുന്നേരം അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗതാഗതവകുപ്പ്‌ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര ഊർജ്ജമന്ത്രി പീയുഷ്‌ ഗോയൽ സ്വിച്ച്‌ ഓൺ കർമം നിർവഹിക്കും. സി കെ ആശ എംഎൽഎ സ്വാഗതം ആശംസിക്കും.
ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആദ്യ സോളാർ ബോട്ടാണ്‌ വൈക്കത്തേത്‌. ഒരാഴ്ചത്തെ ട്രയൽ സർവീസിനും ജീവനക്കാരുടെ പരിശീലനത്തിനും ശേഷമാണ്‌ ആദിത്യ ഔദ്യോഗിക സർവീസ്‌ തുടങ്ങുന്നത്‌. ഫ്രഞ്ച്‌ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ ബോട്ട്‌ നിർമിച്ചത്‌. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ഇല്ലെന്ന സവിശേഷതയും ഇതിനുണ്ട്‌. രണ്ട്‌ ഇലക്ട്രിക്‌ മോട്ടോറുകളും ലിഥിയം അയൺ ബാറ്ററികളുമാണ്‌ ബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്‌. 20 മീറ്റർ നീളവും ഏഴ്‌ മീറ്റർ വീതിയുമുള്ള ബോട്ടിന്‌ മണിക്കൂറിൽ 14 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. അരൂരിലെ ജലഗതാഗത വകുപ്പിന്റെ യാർഡിനുസമീപമുള്ള കായലിൽ ബോട്ട്‌ പരീക്ഷണഓട്ടവും നടത്തിയശേഷമാണ്‌ വൈക്കത്തെത്തിച്ചിരിക്കുന്നത്‌.
വൈക്കത്തുനിന്നും തടി ബോട്ടിൽ തവണക്കടവിൽ എത്താൻ 15 മിനുട്ട്‌ വേണ്ടി വരുമ്പോൾ സോളാർ ബോട്ടിന്‌ അതിന്റെ പകുതി സമയം മാത്രമേ ആവുകയുള്ളുവെന്ന്‌ പറയുന്നു. ഫ്രാൻസിൽ യന്ത്രഭാഗങ്ങൾ സെറ്റ്‌ ചെയ്ത്‌ കൊച്ചിയിൽ കൊണ്ടുവന്ന ശേഷമാണ്‌ ബോട്ട്‌ നീറ്റിലിറക്കിയത്‌. 1.90 കോടി രൂപ ചെലവഴിച്ച്‌ രണ്ട്‌ വർഷം കൊണ്ടാണ്‌ ബോട്ട്‌ നിർമാണം പൂർത്തീകരിച്ചത്‌. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സി കെ ആശ അറിയിച്ചു. വൈക്കം-എറണാകുളം റൂട്ടിൽ സർവീസ്‌ നടത്തുവാനുള്ള പുതിയ എ സി സൂപ്പർ ഫാസ്റ്റ്‌ ബോട്ടിന്റെ നിർമാണവും പുരോഗമിക്കുകയാണെന്ന്‌ എംഎൽഎ പറഞ്ഞു.
വൈക്കം ബോട്ട്ജെട്ടി മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എൻ അനിൽബിശ്വാസ്‌ ഉപഹാരസമർപണം നടത്തും. എം പിമാരായ ജോസ്‌ കെ മാണി, കെ സി വേണുഗോപാൽ, അഡ്വ. എ എം ആരിഫ്‌ എം എൽ എ, ജില്ലാ കളക്ടർ ഇ എ ലത, ജലഗതാഗത വകുപ്പ്‌ മാനേജിംഗ്‌ ഡയറക്ടർ ഷാജി വി നായർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി സുഗതൻ, അഡ്വ. കെ കെ രഞ്ജിത്ത്‌, കലാ മങ്ങാട്ട്‌, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിൽജ സലിം, മുൻ എംഎൽഎമാരായ പി നാരായണൻ, കെ അജിത്ത്‌, എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്‌ അംഗം അഡ്വ. പി കെ ഹരികുമാർ എന്നിവർ പ്രസംഗിക്കും.

  Categories:
view more articles

About Article Author