Thursday
24 May 2018

സർക്കാർ ഉദ്യോഗസ്ഥർ ജനനന്മ കാണിക്കുന്നവരാകട്ടെ

By: Web Desk | Tuesday 18 July 2017 4:50 AM IST

ധാർഷ്ട്യവും ധിക്കാരവും വെടിയണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനത്തെ മുഴുവൻ വില്ലേജ്‌ ഓഫീസുകളിലെയും വില്ലേജ്‌ ഓഫീസർമാർക്ക്‌ കത്തയച്ച റവന്യു വകുപ്പു മന്ത്രിയുടെ നടപടി പ്രശംസനീയമാണ്‌. മറ്റേത്‌ മന്ത്രിമാർക്കും അതാത്‌ വകുപ്പുകളിൽ ഇടപെടാനാവാത്ത വിധമുള്ള ഇടപെടൽ നടത്തി വില്ലേജ്‌ ഓഫീസുകളിൽ നിലനിന്നുവരുന്ന വൈകൃത നിലപാടുകൾ അക്കമിട്ടു തിരുത്താൻകൂടി തയാറായത്‌ അദ്ദേഹത്തിന്റെ മാത്രം നിഷ്കർഷ സമീപനമെന്നു കൂടി പറയാം.
വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തേണ്ടിവരുന്ന ജനങ്ങൾ പൊലീസ്‌ സ്റ്റേഷനിൽ കുറ്റവാളിയായി എത്തപ്പെട്ട സാഹചര്യത്തേക്കാൾ താണുകേണ്‌ തൊഴുത്‌ കുമ്പിട്ട്‌ അപേക്ഷകളുമായെത്തേണ്ട പശ്ചാത്തലം മിക്ക സർക്കാർ ഓഫീസുകളിലും നിലനിന്നുപോരുകയാണിന്നും. ജനം നൽകിവരുന്ന നികുതിപ്പണത്തിൽ നിന്ന്‌ മാന്യമായ വേതനം കൈപ്പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും അതുകൊണ്ടു തൃപ്തിയടയാതെ അഴിമതിയുടെ കടുംവെട്ട്‌ നടത്തി ജൈത്രയാത്ര തുടരുകയാണ്‌.
കൈക്കൂലികൊടുത്ത്‌ കാര്യം സാധിക്കേണ്ടെന്ന നിലപാടുകാരെ അവജ്ഞയോടെ കാണാനും ഒരു ആവശ്യത്തിനുവേണ്ടി പലതവണ നടത്തിച്ചു പീഡിപ്പിച്ച്‌ വരുതിയ്ക്ക്‌ വരുത്താനുമൊക്കെ അഴിമതി കലയാക്കിയ ഉദ്യോഗസ്ഥർക്കറിയാം. ഇത്തരക്കാരായ ഉദ്യോഗസ്ഥരെ മഹത്വവൽക്കരിക്കാനും ഇവർക്കുവേണ്ടി ഉന്നതതലങ്ങളിൽ ഓശാന പാടാനും മേലാളന്മാർ മത്സരിക്കുന്നതും ജനം കണ്ടും കേട്ടും മടുത്തിരിക്കയാണ്‌. അഴിമതി നടത്തിയാലും സംരക്ഷിക്കാൻ ആളുണ്ടാവുമെന്ന ശുഭാപ്തി വിശ്വാസമുണ്ടാകുമ്പോൾ അഴിമതി വീരന്മാർ ഈ കലയോടെങ്ങനെ സലാം പറയും.
ബഹുമാനപ്പെട്ട റവന്യു വകുപ്പ്‌ മന്ത്രി, അങ്ങ്‌ വില്ലേജ്‌ ഓഫീസുകളിലേക്കയച്ച കത്തുകളിലെ സത്യങ്ങൾ സാധാരണ ജനവിഭാഗം പതിറ്റാണ്ടുകളോളമായി അനുഭവിച്ചുവരുന്ന ദുരിതപർവങ്ങളാണ്‌. സമൂഹം ആദരിക്കപ്പെടുന്ന ബഹുമാന്യ പദവിയെ ഏതാനും കറൻസിനോട്ടുകളുടെ ആർത്തിയിൽ മുൻപും പിൻപും മറന്ന്‌ ഭരണകൂടത്തേയും ജനസമൂഹത്തേയും ഒന്നായി നാറ്റിക്കുന്നവരുടെ ചിത്രങ്ങളടക്കമുള്ള വാർത്തകളിന്ന്‌ മാധ്യമങ്ങളിൽ സുലഭമാണല്ലോ.
ഒളിഞ്ഞും തെളിഞ്ഞും നടന്നുവരുന്ന തീവെട്ടിക്കൊള്ളകൾക്കെതിരെ ആദർശ സിദ്ധാന്തത്തിന്റെ ബലത്തിൽ വളവും തിരിവുമില്ലാത്ത പരിഹാരങ്ങൾ നിർദ്ദേശിക്കാനും അവ നടപ്പാക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്നവരെ കാത്തിരിക്കുന്ന നടപടികളെക്കുറിച്ചും വിശദമായി അവതരിപ്പിക്കുകയും ചെയ്ത വില്ലേജ്‌ ഓഫീസർമാർക്കുള്ള കത്തിനും നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന നിലപാടുകൾക്കും ജനം കരുത്തുപകരുകതന്നെ ചെയ്യും.

സി ബാലകൃഷ്ണൻ
ചക്കരക്കുളമ്പ്‌, മണ്ണാർക്കാട്‌