സർഗ്ഗാത്മകതയുടെ ധന്യ സാക്ഷ്യം

സർഗ്ഗാത്മകതയുടെ ധന്യ സാക്ഷ്യം
May 14 04:45 2017

തന്റെ ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും വിപ്ലവചരിത്രവും ഉൾപ്പെടുന്ന നീണ്ട എഴുത്തു ജീവിതാനുഭവത്തിന്റെ സർഗ്ഗ സാക്ഷ്യം ശൂരനാട്‌ രവിയെന്ന പ്രതിഭയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. പ്രായം എഴുപത്തിനാലിൽ എത്തി നിൽക്കുമ്പോഴും ശൂരനാടിന്റെ പ്രിയകവിയുടെ എഴുത്തിന്റെ കാഠിന്യം ഒട്ടുമേ കുറയുന്നില്ല.

മനു പോരുവഴി
എഴുത്തിന്റെ ലോകത്ത്‌ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ശൂരനാടിന്റെ പ്രിയകവിക്ക്‌ പ്രായം എഴുപത്തിനാലിൽ എത്തി നിൽക്കുമ്പോഴും എഴുത്തിലെ കാഠിന്യം ഒട്ടുമേ കുറയില്ല. ഈ ഗ്രാമത്തിന്റെ പ്രകൃതിഭംഗിയും,വിപ്ലവചരിത്രവും ഉൾപ്പെടുന്ന നീണ്ട എഴുത്തുകളിൽ കുട്ടികളോടുള്ള താൽപ്പര്യമാണ്‌ ശൂരനാട്‌ രവിയെന്ന സർഗ്ഗ പ്രതിഭയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത്‌ എപ്പോഴും നിലനിൽക്കുന്നത്‌.

എഴുത്തിന്റെ തുടക്കം
1943 ൽ ശൂരനാട്തെക്ക്‌ ഇഞ്ചക്കാട്ട്‌ പരമുപിള്ളയുടെയും അദ്ധ്യാപികയായ ഭവാനിയമ്മയുടേയും മകനായാണ്‌ ജനനം. ചെറുപ്പകാലം മുതലേ സാഹിത്യരംഗത്ത്‌ തന്റെ കഴിവുകൾ അദ്ദേഹം പ്രകടമാക്കിയിരുന്നു. എഴുത്തിലും വായനയിലും പഠനത്തിലും മികവു പൂർത്തിയാക്കിയ അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലാണ്‌ തന്റെ ഹൃദയത്തിൽ നുരഞ്ഞ അക്ഷരങ്ങൾ കടലാസിൽ ചേർത്തു കവിതയായ്‌ രൂപപ്പെടുത്തി തുടങ്ങുന്നത്‌.
അദ്ധ്യാപികയായ മാതാവിന്റെ ഇടപെടലുകൾ നന്നേ ചെറുപ്പത്തിൽ തന്നെ വായനയുടെ വിശാലമായ ലോകത്ത്‌ പറന്നു നടക്കുവാൻ ഇടയായി. ആശാന്റെ ലീലയും, കരുണയും അന്ന്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്നു. അറിയാതെ മനസിൻ കോണിൽ ഇവരണ്ടും പതിഞ്ഞുപോയി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യ കവിത എഴുതി പൂർത്തീകരിച്ചു. സഹപാഠിയായിരുന്ന പ്രിയകവി ഡി വിനയചന്ദ്രന്റെ സാമീപ്യം എഴുത്തിന്റെ ലോകത്ത്‌ എത്തിപ്പെടുന്നതിന്‌ പ്രചോദനമായി. എഴുതിയ കവിത ജനയുഗം ദിനപത്രത്തിന്റെ ബാലയുഗത്തിൽ അയച്ചുകൊടുത്തു. നാൽപ്പത്‌ വർഷങ്ങൾക്കു മുമ്പാണ്‌ ബാലയുഗം പ്രസിദ്ധീകരിച്ചിരുന്നത്‌. തൊട്ടടുത്ത ദിവസം തന്നെ ഏറെ പ്രാധാന്യത്തോടെ ബാലയുഗത്തിൽ ആ കവിതയിൽ അച്ചടിമഷി പുരണ്ടതോടെ എഴുത്തിന്റെ ലോകത്തിൽ തനിക്കും സ്ഥാനമുണ്ടെന്നു തിരിച്ചറിഞ്ഞു. നിരവധി കവിതകൾ ബാലയുഗത്തിലേക്ക്‌ അയച്ചുകൊടുക്കാൻ തുടങ്ങി. കവിതകൾ കാണാതിരിക്കുമ്പോൾ ബാലയുഗത്തിൽ നിന്നും കത്തുകൾ വന്നതും ഇപ്പോഴും മനസിൽ മറയാതെ നിൽക്കുന്നു. ഈ അടുപ്പം ജനയുഗത്തിലെ നിത്യസന്ദർശകനായി മാറുന്നതിന്‌ കാരണമായി. പുതുപ്പള്ളി രാഘവൻ, ചവറ കെ എസ്‌ പിള്ള, ഡി വിനയചന്ദ്രൻ എന്നീ സുഹൃത്തുക്കളോടൊപ്പം ജനയുഗത്തിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹവും.

എഴുത്തുതന്നെ ജീവിതം
വിദ്യാർത്ഥി ജീവിതത്തിനുശേഷം ആഗ്രഹിച്ചതുപോലെ അദ്ധ്യാപന വൃത്തിയിലേക്ക്‌ നീങ്ങിയെങ്കിലും കുട്ടിക്കാലം മുതൽ മനസിൽ തിളങ്ങിനിന്ന സാഹിത്യവാസനകൾ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മലയാളം, ഇംഗ്ലീഷ്‌, തമിഴ്‌, സംസ്കൃതം എന്നീ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിട്ടുണ്ട്‌. പ്രതിഭാ പബ്ലിക്കേഷൻസ്‌ എന്ന പേരിൽ സ്വന്തമായി ആരംഭിച്ച പ്രസിദ്ധീകരണസ്ഥാപനം വഴിയാണ്‌ ആദ്യകാലങ്ങളിൽ പുസ്തകങ്ങൾ വെളിച്ചം കണ്ടതെങ്കിൽ ഇന്ന്‌ മലയാളത്തിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണ സ്ഥാപനങ്ങൾ വഴി എഴുപത്തിയഞ്ചിൽ പ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അയ്യായിരത്തിൽപ്പരം കവിതകൾ ആ തൂലികതുമ്പിൽ വിരിഞ്ഞിട്ടുണ്ടെങ്കിലും കവിതകളോടുള്ള ആളുകളുടെ വിമുഖത മൂലം അധികവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ആയിരത്തിൽപ്പരം കഥകളും എഴുതിയിട്ടുണ്ട്‌. അദ്ദേഹം ഈ എഴുപത്തിനാല്‌ വയസിനിടയിൽ. എഴുത്തുകാരിൽ ഭൂരിപക്ഷവും ബാല്യസാഹിത്യ കൃതികളാണെന്നതാണ്‌ പ്രത്യേകത. ആയിരം കവിതകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണിപ്പുരയിലാണ്‌ അദ്ദേഹം.

ബാല്യസാഹിത്യം
ബാല്യസാഹിത്യത്തിൽ ഏറെ താൽപര്യമുള്ള അദ്ദേഹത്തിന്റെ രചനകളിൽ ഭൂരിപക്ഷവും ബാലസാഹിത്യ കൃതികളാണ്‌. ധാരാളം ബാലസാഹിത്യ കൃതികൾ അദ്ദേഹത്തിന്റേതായി അച്ചടിമഷി പുരണ്ടിട്ടുണ്ട്‌. കവിതകളും, കഥകളും, ലഘുനാടകങ്ങളും നോവലുകളും ഇതിൽ ഉൾപ്പെടുന്നു. ബാല്യകൗമാരങ്ങൾക്ക്‌ വായിച്ചു രസിക്കാൻ കഴിയുന്ന നിലയിലുള്ള എഴുത്തുകാർ മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. അക്ഷരമുത്ത്‌, അക്ഷരഗീതങ്ങൾ എന്നിവ അക്ഷരലോകത്തേക്ക്‌ പിച്ചവെച്ചെത്തുന്ന കുട്ടികൾക്ക്‌ അക്ഷരങ്ങളെ അറിയാൻ സഹായിക്കുന്നവയാണ്‌. അക്ഷരം മനസ്സിലാക്കുന്ന കുട്ടികൾക്കായി “ഓണപ്പന്തും, പുത്തരിപ്പാട്ടുകളും” അദ്ദേഹം രചിച്ചിട്ടുണ്ട്‌. സുബാലവജ്രതുണ്ടം, ആടാംപാടാം, നാടോടികഥകൾ, ലോകകഥകൾ എന്നിവ അഞ്ചുവയസിനു മുകളിലോട്ടുള്ള കുട്ടികൾക്കായി എഴുതിയതാണ്‌. സുബാലവജ്രതുണ്ടം എന്ന കഥ സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക്‌ കുട്ടികൾക്കു പാകമാകാൻ മൊഴിമാറ്റിയെടുത്തതാണ്‌. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടന്ന കഥകൾ സംയോജിപ്പിച്ചെഴുതിയ ലോകകഥകളും, രാമായണത്തിലെ സീതയുമായി ബന്ധപ്പെടുത്തി 47 കഥകൾ നാടോടി സീതാകഥകളുമായും ആഫ്രിക്കയിലേയും, അമേരിക്കയിലേലും കഥാപ്രാസംഗികരുടെ കഥകളിൽ നിന്നെടുത്ത “കഥകൾകൊണ്ട്‌ ഭൂമിചുറ്റാം” എന്നതും അദ്ദേഹത്തിന്റെ പ്രധാന വിവർത്തന കഥകളാണ്‌.

പരിഭാഷകളോടുള്ള താൽപ്പര്യം
ബാല്യസാഹിത്യ കൃതികളോടൊപ്പം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കൂടുതലും പരിഭാഷകളാണ്‌. വിദേശസഞ്ചാരവും, വിദേശവാസവും ഇതിന്‌ അദ്ദേഹത്തിന്‌ വിദേശഭാഷകളിൽ രചിച്ച കൃതികൾ മാതൃഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്താൻ പ്രചോദനമായിട്ടുണ്ട്‌. അമേരിക്കയും, ശ്രീലങ്കയും ഉൾപ്പെടെ ഒട്ടേറെ വിദേശ രാജ്യങ്ങളിൽ സഞ്ചരിച്ച അദ്ദേഹത്തിന്‌ ആ നാട്ടിലെ സംസ്കാരങ്ങളിൽ ഇഴുകിചേരാൻ കഴിഞ്ഞതാണ്‌. ആ നാട്ടിലെ പല പ്രധാനകൃതികളും പരിഭാഷപ്പെടുത്താൻ താൽപ്പര്യം തോന്നിയത്‌. വിദേശവാസികളായ മക്കളോടൊപ്പമാണ്‌ ഇപ്പോൾ അദ്ദേഹം കൂടുതൽ സമയം ചിലവഴിക്കാറുള്ളത്‌. മകനായ ഇന്ദുഗോപൻ മലേഷ്യയിലും, മക്കളായ ശ്രീലേഖ, ശ്രീലക്ഷ്മി എന്നിവർ അമേരിക്കയിലുമാണ്‌. ഇവരോടൊപ്പമുള്ള താമസമാണ്‌ വിദേശഭാഷയിലെ കൃതികൾ പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിന്‌ പ്രചോദനമായത്‌. തങ്ങൾ ജോലിയ്ക്കു പോകുമ്പോൾ വീട്ടിലിരുന്ന്‌ അച്ഛൻ മടിപിടിക്കേണ്ട എന്നു കരുതി ലൈബ്രറികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച്‌ നൽകുമായിരുന്നു. മക്കൾ ജോലിക്കു പോകുമ്പോൾ ആരംഭിക്കുന്ന വായന അവർതിരിച്ചെത്തുമ്പോഴേക്കും മനസിൽ പതിപ്പിക്കുമായിരുന്നു. ആ പുസ്തകത്തിലെ അമൂല്യസമ്പത്തുകൾ മിക്കതും മൊഴിമാറ്റി “വിന്നി.ഫൂ” എന്ന കുട്ടിക്കഥാസമാഹാര ത്തിലൂടെ ലോകപ്രസിദ്ധനായ എ എ മിൽനേയുടെ സ്വാധീനമാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും ഓർക്കപ്പെടുന്നത്‌.
പരിഭാഷകളിൽ ശ്രദ്ധേയമായ രണ്ട്‌ ഗ്രന്ഥങ്ങളാണ്‌ എഡിൻ അർനോൾഡിന്റെ“ദ ലൈറ്റ്‌ ഓഫ്‌ ഏഷ്യ”എന്ന പുസ്തകവും “ഗാന്ധിജിയുടെ അന്ത്യപ്രഭാഷണങ്ങൾ എന്ന പുസ്തകവും പ്രധാനപ്പെട്ട വയാണ്‌. അമേരിക്കയിലെ ആദിവാസികളുടെ കഥകൾ ഉൾപ്പെടുത്തിയ “അമേരിക്കൻ റെഡ്‌ ഇന്ത്യൻ നാടോടികഥകളും” കുമാരനാശാന്‌ ബുദ്ധമത ദർശനത്തിലേക്ക്‌ നീങ്ങുന്നതിന്‌ ഏറെ പ്രചോദനം നൽകിയ കൃതിയായിരുന്നു. എഡ്‌വിൻ അർണോൽഡിന്റെ ദ ലൈറ്റ്‌ ഓഫ്‌ ഏഷ്യ”എന്ന കൃതി. ഈ കൃതി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുന്നതിനിടയിലാണ്‌ അദ്ദേഹം ബോട്ട്‌ അപകടത്തിൽ മരണപ്പെടുന്നത്‌. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന പെട്ടിയിൽ നിന്നും മരണശേഷം ഇതിന്റെ ആദ്യ കുറച്ചുഭാഗം ലഭിച്ചിട്ടുണ്ട്‌. ഈ പുസ്തകം അദ്ദേഹം “ശ്രീബുദ്ധൻ എഷ്യയുടെ വെളിച്ചം” എന്ന ഗദ്യരൂപത്തിൽ പുസ്തകമായി ഡിസി ബുക്ക്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാലാപ്പാടൻ ഇത്‌ പദ്യരൂപത്തിൽ “പൗരസ്ത്യദീപം” എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ഗാന്ധിജിയുടെ ജീവിതത്തിലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും, ജീവിത രീതികളും, സമരങ്ങളും ഉൾപ്പെടുത്തി ഡൽഹി ഡയറി എന്ന പുസ്തകവും വിവർത്തനം ചെയ്തതിൽപ്പെടുന്നു. തമിഴ്‌ എഴുത്തു കാരനായ തോപ്പിൽ മുഹമ്മദ്‌ ബീരാന്റെ “ ഒരു കടലോര ഗ്രാമത്തിന്റെ കഥൈ” എന്ന പുസ്തകം ഒരു കടലോര ഗ്രാമത്തിന്റെ കഥ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്‌. ബാലിദ്വീപിൽ 1906-ൽ ഡച്ചുകാർക്കെതിരെ കുന്തവുമായി യുദ്ധം ചെയ്ത്‌ മരിച്ചുവീണ പതിനായിരക്കണക്കിന്‌ കുഞ്ഞുങ്ങളുടെ കഥയായ “ മർഡേക്കാ പുപ്പൂത്താൻ” എന്ന പുസ്തകം സ്വാതന്ത്ര്യത്തിനുവേണ്ടി “ആത്മഭൂതി” എന്ന പേരിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ശ്രീബുദ്ധൻ മുതൽ ചൈന അംഗീകരിച്ച അവസാനത്തെ ബുദ്ധസന്യാസിയായ പഞ്ചൻലാമ വരെയുള്ള വരുടെ ചരിത്രങ്ങൾ പറയുന്ന ചൈനയിലെ നൂറു ബുദ്ധൻമാർ എന്ന പുസ്തകവും അദ്ദേഹത്തിന്റെ വിവർത്തനത്തിൽപ്പെടുന്നു.
മലബാറിലെ പ്രധാന അനുഷ്ഠാനകഥയായ തെയ്യത്തെക്കുറിച്ച്‌ ആധികാരികമായി പഠിച്ച്‌ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞ തെയ്യകഥകൾ വളരെ പ്രചാരത്തിലുള്ളതാണ്‌. മലയാളത്തിലെ നാടൻ കലാരൂപങ്ങളെക്കുറിച്ച്‌ പഠിക്കുന്നവർ ഈ പുസ്തകത്തെയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. പത്താംനൂറ്റാണ്ടിൽ ശ്രീലങ്കയിൽ ജീവിച്ചിരുന്ന മേധാങ്കര എന്ന കവിയുടെ “ ജിനചരിതം” എന്ന മഹാകാവ്യം 2016 ആഗസ്റ്റിൽ കൊളംബോയിൽ വെച്ച്‌ ശ്രീലങ്കൻ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ. മനോഹർ ഗണേശൻ പ്രകാശനം ചെയ്തു. വിശ്വപ്രസിദ്ധമായ ഗ്രീക്ക്സാഹിത്യകാരൻ കസന്റ്‌ സക്കീറിന്റെ ഠവല ഇവൃശെ‍േ‍ ൃ‍ലരൄരശളശലറ” എന്ന പുസ്തകം “ക്രി
സ്തുവീണ്ടും ക്രൂശിക്കപ്പെടുന്നു” എന്ന പേരിലും, ദൈവത്തിന്റെ മുന്നിൽ പാപ്പരായി(ഒന്നുമില്ലാത്തവൻ) തന്റെ ജീവിതം നയിച്ച അസീഡി പ്രവാചകന്റെ കഥപറയുന്ന വീഹറ’െ‍ ജമിു‍ലൃ ടി‍. എൃ‍മിരശെ‍ അശൈശെ എന്ന പുസ്തകം അതേ പേരിലും പ്രഭാത്‌ ബുക്ക്‌ ഹൗസ്‌ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

നാടൻ പാട്ടുകളോടുള്ള ഭ്രമം
കുട്ടികളേക്കാൾ നാടൻപാട്ടുകളോടുള്ള ഭ്രമം വരൈ വലുതായിരുന്നു. തൃശൂർക്കാരൻ സോകിർ ചുമ്മാർ ചൂണ്ടലിനോടൊപ്പം നിരവധി നാടൻ കലാപരിപാടികൾ മദ്രാസിൽ അടക്കമവതരിപ്പിച്ചിട്ടുണ്ട്‌. ഇങ്ങനെ അനേകം നാടൻപാട്ടുകൾ അദ്ദേഹം വിവിധ രാജ്യങ്ങളിൽ നിന്നായി ശേഖരിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ വല്ലം എന്ന പ്രദേശത്തെ കളീർ എന്ന വിഭാഗക്കാർ പാടിവരാറുള്ള നൂറിലേറെ നാടൻ പാട്ടുകളുടെ സമാഹാരം പ്രഭാത്ബുക്ക്‌ ഹൗസ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരളാ നാടൻ കലാപരിഷത്തിന്റെ സ്ഥാപകനായ അദ്ദേഹം ഇപ്പോൾ ഫോയ്‌ലോർ സൊസൈറ്റി ഓഫ്‌ ഇന്ത്യയിൽ അംഗമാണ്‌.

സാഹിത്യത്തോടൊപ്പം നാടകവും
കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടത്തെ അധികരിച്ച്‌ തമ്പുരാൻ രാമായണം എന്ന സമ്പൂർണ്ണ നാടകാവിഷ്കാരം റെയിൻബോ ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തഞ്ചാവൂരിലെ താരാട്ടുപാട്ടുകൾ എന്ന ഗവേഷണ ഗ്രന്ഥവും വളരെ ശ്രദ്ധേയമാണ്‌. നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച സഖാവ്‌ കെസി പിള്ളയുടെ ചവറയുടെ ചുമന്ന നക്ഷത്രം എന്ന പുസ്തകം പ്രസിദ്ധീകരിക്കാനായുള്ള പണിപ്പുരയിലാണ്‌ അദ്ദേഹം.

അവഗണിക്കപ്പെടുന്നവർ
ബാലസാഹിത്യകാരൻമാർക്ക്‌ പൊതുവെ എഴുത്തുകാരിൽ അംഗീകാരം കുറവാകുന്നതായാണ്‌ അദ്ദേഹത്തിന്റെ പക്ഷം കുട്ടികളുടെ മനസ്‌ അറിയാവുന്നവർക്കു മാത്രമേ അത്തരം എഴുത്തുകൾ സൃഷ്ടിക്കാൻ കഴിയൂ. കുഞ്ഞുങ്ങൾക്ക്‌ വായനയുടെ പുതുലോകം തുറന്നു കൊടുക്കുന്നത്‌ ബാല സാഹിത്യത്തിലൂടെയാണ്‌. ഇത്തരം അവഗണനകൾ കൊണ്ടാണ്‌ ഈ രംഗത്തേക്ക്‌ കടന്നു വരുന്നവരുടെ സംഖ്യയും, രചനകളും ഇന്ന്‌ നന്നേ കുറവാണ്‌. ഒരു വർഷം നീണ്ട അമേരിക്കയിലെ വിശ്രമജീവിതകാലത്ത്‌ എഴുതിയ കഥകൾകൊണ്ട്‌ ഭൂമിചുറ്റാം”എന്ന ഡിസി ബുക്ക്സ്‌ ഇറക്കിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ്‌ ആറുമാസം കൊണ്ട്‌ വിറ്റു തീർന്നു. നല്ല രചനകൾക്ക്‌ അംഗീകാരം ലഭിക്കുന്നെങ്കിലും ബാലസാഹിത്യകാരൻമാർക്കുള്ള അവഗണന ഇന്നും തുടരുകയാണെന്ന്‌ കുട്ടികളുടെ സാഹിത്യത്തിലെ ഡ്രില്ലുമാഷെന്ന്‌ ഡിസി കിഴക്കേമുറി ഒരു പൊതുചടങ്ങിൽ വിശേഷിപ്പിച്ച ശൂരനാട്‌ രവി പറയുന്നു.

അവാർഡുകളും അംഗീകാരങ്ങൾ
വിശ്രമരഹിതമായ ജീവിതത്തിൽ എഴുത്തിനോടുള്ള താൽപ്പര്യം അവാർഡുകളോടൊ അംഗീകാരങ്ങളോടൊ അദ്ദേഹത്തിന്‌ ഒരിക്കലും ഉണ്ടായിട്ടില്ല. 1989 – ൽ എൻ സി ഇ ആർ ടി അവാർഡ്‌ അദ്ദേഹത്തിന്റെ അരിയുണ്ട എന്ന ബാല്യസാഹിത്യകൃതിക്ക്‌ ലഭിച്ചു. അമേരിക്കൻ മലയാളി അസോസിയേഷന്റെ മിലൻ അവാർഡ്‌ 2010-ലും 2012 ലും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. തമിഴ്‌ പരിഭാഷകൾക്കായി രാജപാളയം ഗാന്ധിമന്റം അവാർഡും ലഭിച്ചിട്ടുണ്ട്‌. ടെക്സാസ്‌ മലയാളികൾ നടത്തുന്ന ഭാഷാകേരളത്തിന്റെ കൺസൾട്ടന്റ്‌ എഡിറ്ററാണ്‌ ഇപ്പോൾ അദ്ദേഹം. മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണസ്ഥാപനങ്ങളായ ഡിസി ബുക്സ്‌, പ്രഭാത്‌ ബുക്സ്‌, എസ്പിഡിഎസ്‌, സൈന്ധവ ബുക്സ്‌, സയൂര ബുക്സ്‌, ഒലിവ്‌, അസ്സൽസ്‌ ബുക്സ്‌, കറണ്ട്‌ ബുക്സ്‌, യുവമേള ബുക്സ്‌ ഉൾപ്പെടെയുള്ളവർ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്‌ വലിയ അംഗീകാരമായാണ്‌ അദ്ദേഹം കാണുന്നത്‌.
ഒട്ടേറെ ക്രിസ്തീയ കഥകളും, ക്രിസ്തുമസ്‌ ചരിത്രവും, ബുദ്ധകഥകളും, ബുദ്ധന്റെ ചരിത്രവും, ബിന്ദുകഥകളും അദ്ദേഹം മലയാളികൾക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്‌. എഴുപത്തിനാലാം വയസിലും അദ്ദേഹത്തിന്റെ സാഹിത്യസംസ്കാരത്തിന്‌ ഒട്ടും കുറവുകൾ വന്നിട്ടില്ല. അദ്ധ്യാപികയായി വിരമിച്ച ഭാര്യ ചെമ്പകകുട്ടിയോടൊപ്പം സിംഗപ്പൂരിൽ ഡോക്ടറായ മകൻ ആർ. ഇന്ദുശേഖറിന്റെയടുത്തും. അമേരിക്കയിൽ എഞ്ചിനീയറായ പെൺമക്കളായ ശ്രീലേഖയോടും, ശ്രീലക്ഷ്മിയോടും, പേരക്കുട്ടികളോടൊപ്പം തന്റെ തൂലികയിൽ വിടരുന്ന പുതിയ സർഗ്ഗസൃഷ്ടികൾ ലോകത്തിന്‌ നൽകുകയാണ്‌ അദ്ദേഹം.

  Categories:
view more articles

About Article Author