ഹരിതഗതാഗതമാർഗം അവലംബിക്കണം

ഹരിതഗതാഗതമാർഗം അവലംബിക്കണം
March 14 04:50 2017

അന്തരീക്ഷമലിനീകരണം തടയാൻ കാര്യമായ ശ്രമങ്ങൾ നടത്താതെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ രാജ്യം എത്തിനിൽക്കുന്നു. ഇത്‌ സംബന്ധിച്ച്‌ താക്കീതുകൾ പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസംരക്ഷകരും ഇക്കാലമത്രയും നൽകിയിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ചുകാലമായി ഉത്തരേന്ത്യയിലെ പല നഗരങ്ങളും പൊടിപടലങ്ങളിൽപെട്ട്‌ നട്ടംതിരിയുകയാണ്‌. ഡൽഹിയിലുണ്ടായ പൊടിമണ്ണ്‌ വീഴ്ച ജനജീവിതം സ്തംഭിപ്പിക്കുന്ന അവസ്ഥയിലെത്തിയിട്ടും ഒരു ശാശ്വതപരിഹാരം കാണാൻ കഴിയാതെ അധികൃതരും ഭരണകൂടവും ഉഴറുന്നു.
ഇപ്പോൾ വന്നിരിക്കുന്ന ഒരു നിർദേശം ഈ പ്രശ്നത്തിന്‌ താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ്‌ കരുതുന്നത്‌. ഇന്ത്യൻ റയിൽവേയുടെ സഹായത്തോടെ വാഗണുകൾ ഉപയോഗിച്ച്‌ ഭാരംകൂടിയ വാഹനങ്ങൾ എത്താവുന്നിടം വരെ എത്തിക്കുക എന്നതാണ്‌ ആ നിർദേശം. റോൾ ഓൺ റോൾ ഓഫ്‌ എന്ന ഈ മാർഗമുപയോഗിച്ച്‌ വ്യാപാരച്ചരക്കുകളും മറ്റ്‌ ഭാരമുള്ള വസ്തുക്കളും കയറ്റിപ്പോകുന്ന ലോറികളും ഹെവിവാഹനങ്ങളും റയിൽമാർഗം സാധ്യമായ സ്ഥലങ്ങളിൽ നിന്ന്‌ ആവുന്നത്ര ദൂരത്തേയ്ക്ക്‌ കൊണ്ടുപോകുക എന്നതാണ്‌ ആ രീതി. ഒരു നഗരാതിർത്തിയിൽ നിന്നും നഗരത്തിന്റെ മറ്റേ അതിർത്തി വരെ ഇത്തരത്തിൽ വണ്ടികൾ കൊണ്ടുപോകുന്ന പക്ഷം വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം വലിയതോതിൽ കുറയ്ക്കാൻ കഴിയും.
2016ൽ ബിഹാറിൽ ഈ മാർഗം പരിശോധിച്ചിരുന്നു. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഈ രീതി ഇന്ന്‌ നിലവിലുണ്ട്‌. എന്നാൽ ഇന്ത്യയിൽ ഇതെത്രത്തോളം പ്രാവർത്തികമാകുമെന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. ആദ്യ പരീക്ഷണമെന്ന നിലയിൽ ഹരിയാനയിലെ ഗുർഗ്രാമിൽ നിന്നും ഉത്തർപ്രദേശിലെ മുദ്രനഗറിലേയ്ക്ക്‌ ചരക്കുകൾ കയറ്റിയ ട്രക്കുകൾ റോറോ മാർഗം കൊണ്ടുപോവുകയുണ്ടായി.
ഡൽഹി അടക്കമുള്ള നഗരങ്ങളിലെ അന്തരീക്ഷമലിനീകരണ തോത്‌ 16 മടങ്ങ്‌ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം മാർഗങ്ങൾ അവലംബിക്കാതെ പറ്റില്ല എന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ ശ്രമം നടത്തുന്നവർ പറയുന്നത്‌. ഹരിതഗതാഗതമാർഗം അഥവാ ഗ്രീൻട്രാൻസ്പോർട്ടേഷൻ പദ്ധതികൾ പല വിധത്തിൽ നടപ്പിലാക്കാനുള്ള അന്വേഷണങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്‌.

  Categories:
view more articles

About Article Author