ഹരിതവിപ്ലവം ഒരു സാമ്രാജ്യത്വ ഗൂഢാലോചന

ഹരിതവിപ്ലവം ഒരു സാമ്രാജ്യത്വ ഗൂഢാലോചന
April 17 04:45 2017

സിജോ പൊറത്തൂർ
പൊതുവിപണി ബലപ്രയോഗത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഏവരും അംഗീകരിക്കുന്നതാണ്‌. നവഉദാരവൽകരണത്തിന്റെ പല സാധ്യതകളിലൊന്നാണ്‌ ഈ ബലപ്രയോഗം. എല്ലാം സ്വകാര്യവൽകരിക്കുക എന്നതാണല്ലോ കമ്പോള അജൻഡ. സ്വകാര്യവൽകരണത്തെ ത്വരിതപ്പെടുത്തുന്നതിന്‌ ഏറ്റവും ഉചിതമായ മാർഗം വികസ്വര അവികസിത രാജ്യങ്ങളെ എല്ലായ്പോഴും ആശ്രിതരായി നിലനിർത്തുക എന്നതാണ്‌. ഇതൊരു വിപണി തന്ത്രമാണ്‌. ഭക്ഷ്യക്ഷാമം നേരിടുന്നവർക്ക്‌ ഭക്ഷ്യധാന്യങ്ങൾ വാരിക്കോരി നൽകിയും കർഷകർക്ക്‌ വിത്തും വളങ്ങളും കീടനാശിനികളും നൽകിയും രാഷ്ട്രങ്ങൾക്ക്‌ കാലഹരണപ്പെട്ട ആയുധങ്ങൾ നൽകിയും അവരുടെ അസംസ്കൃതവസ്തുക്കൾ കൈക്കലാക്കിയും എല്ലാക്കാലത്തേയ്ക്കും അവരെ ആശ്രിതരായി നിലനിർത്താമെന്നത്‌ കോളനിവാഴ്ചക്കാലത്തെ സിദ്ധാന്തമായിരുന്നു. ഇന്ന്‌ ആ സിദ്ധാന്തം കുത്തകഭീമന്മാർ വളരെ ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഈ സിദ്ധാന്തപ്രയോഗത്തിന്റെ കെടുതികൾ മുഴുവനും പേറേണ്ടിവരുന്നത്‌ മേൽ സൂചിപ്പിച്ച അവികസിത-വികസ്വര രാജ്യങ്ങൾ ആണ്‌. ഇത്തരത്തിലുള്ള ഇടപെടലുകളുടെ, കാലവും ചരിത്രവും മാപ്പുകൊടുക്കാത്ത ഒരു ഗൂഢാലോചനയുടെ, അനന്തരഫലമാണ്‌ 1960കളിലെ ഹരിതവിപ്ലവം.
അമേരിക്കൻ ജൈവശാസ്ത്രജ്ഞനായിരുന്ന നോർമൻ ബെർലാഗാണ്‌ ലോക ഹരിതവിപ്ലവത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്നത്‌. ദശലക്ഷക്കണക്കിന്‌ ജനങ്ങളെ പട്ടിണിയിൽ നിന്ന്‌ രക്ഷിച്ച മിശിഹാ എന്നാണ്‌ സമാധാനത്തിനുള്ള നൊബേൽ നേടിയ നോർമനെ മാധ്യമലോകം വിശേഷിപ്പിച്ചത്‌. ഹരിതവിപ്ലവത്തിന്റെ തുയിലുണർത്തുകാരായി ഇദ്ദേഹത്തോടൊപ്പം ഇറ്റാലിയൻ കൃഷി ശാസ്ത്രജ്ഞനായിരുന്ന ഡോ. നാസറീനോ സ്ട്രാംപെല്ലിയുൾപ്പെടെ ശാസ്ത്രലോകത്തെ പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. ഇന്ത്യയിലേക്ക്‌ ഹരിതവിപ്ലവത്തിന്റെ പതാകയേന്തി എത്തിയത്‌ മലയാളിയായ ഡോ. എം എസ്‌ സ്വാമിനാഥൻ ആയിരുന്നു. ലോകത്തെയാകെ ഗ്രസിച്ച ഭക്ഷ്യക്ഷാമത്തിന്‌ പരിഹാരമായി അവർ നിശ്ചയിച്ചത്‌ അത്യുൽപ്പാദനശേഷിയുള്ള വിത്തുകളും അവയെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ മാരകമായ കീടനാശിനികളും രാസവളങ്ങളും ആയിരുന്നു. ശാസ്ത്രലോകത്തെ പരീക്ഷണശാലകളിൽ ഉരുത്തിരിച്ചെടുക്കുന്ന വിളകൾ നിർദേശിക്കപ്പെട്ട വിളവ്‌ നൽകണമെങ്കിൽ അവയ്ക്ക്‌ ആവശ്യമായ രാസവളങ്ങൾ നിരന്തരം കൃത്യമായ അളവിൽ നൽകിക്കൊണ്ടിരിക്കണം. എത്ര വളം നൽകിയാലും, മാരകമായ കീടനാശിനികൾ ഏതളവിൽ പ്രയോഗിച്ചാലും തരക്കേടില്ല, പരമാവധി ഉയർന്ന്‌ ഉൽപ്പാദനം എന്ന ഏകലക്ഷ്യമാണ്‌ കാര്യങ്ങൾ അപകടത്തിലേക്ക്‌ എത്തിച്ചത്‌.
ലോകം നേരിട്ട ഭീകരമായ ഭക്ഷ്യക്ഷാമത്തിന്‌ പരിഹാരം എന്ന്‌ പ്രചരിപ്പിക്കപ്പെട്ട ഹരിതവിപ്ലവത്തിന്റെ മറവിൽ യഥാർത്ഥത്തിൽ സംഭവിച്ചത്‌ എന്താണ്‌? ഏഷ്യയിലും തെക്കേ അമേരിക്കൻ രാജ്യങ്ങളിലും നാമ്പെടുത്തുവന്ന സോഷ്യലിസം എന്ന മഹത്തായ ആദർശം കഴുത്ത്‌ ഞെരിക്കപ്പെട്ടു. ഹരിതവിപ്ലവം പരാജയപ്പെട്ടിരുന്നുവെങ്കിൽ ഒരുപക്ഷെ, അത്‌ സോഷ്യലിസത്തിന്റെ വളർച്ചയ്ക്ക്‌ കൂടുതൽ ആക്കം നൽകിയേനെ. നിർഭാഗ്യവശാൽ അത്തരമൊന്ന്‌ സംഭവിച്ചില്ല. ആ അർത്ഥത്തിൽ പരിശോധിക്കുമ്പോൾ അമേരിക്കൻ സാമ്രാജ്യത്തത്തിന്റെ മുഖ്യകാർമികത്വത്തിൽ അരങ്ങേറിയ ഹരിതവിപ്ലവനാടകത്തിന്റെ വിജയം എന്നത്‌ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ വിജയം എന്ന്‌ തിരുത്താവുന്നതാണ്‌. ഹരിതവിപ്ലവത്തിന്റെ പ്രചാരകർ എത്ര തന്ത്രപൂർവമാണ്‌ ലോക രാഷ്ട്രങ്ങളെയാകെ, വിശേഷിച്ച്‌ രണ്ട്‌ മഹാഭൂഖണ്ഡങ്ങളെ, മാറാരോഗങ്ങളുടെ പിടിയിലേക്ക്‌ എറിഞ്ഞുകൊടുത്തത്‌ എന്നാലോചിക്കുക. വളരെ കൃത്യതയോടെയും വ്യക്തമായ അജൻഡ വെച്ചും തയ്യാറാക്കിയ ഹരിതഗൂഢാലോചനയുടെ ഫലമായിരുന്നു ഹരിതവിപ്ലവം.
ഏഷ്യ ഭൂഖണ്ഡത്തിലെയും തെക്കേഅമേരിക്കൻ ഭൂഖണ്ഡത്തിലെയും ജനങ്ങളുടെ തൊഴിൽ മുഖ്യമായും കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായിരുന്നു. കാർഷികപ്രധാനമായ സംസ്കാരങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ആചാരാനുഷ്ഠാനങ്ങളും ജനങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ലഭ്യമായ വിഭവങ്ങളും പരിമിതമായ സൗകര്യങ്ങളും ഉപയോഗിച്ച്‌ കുറഞ്ഞ അളവിൽ കാർഷികോൽപന്നങ്ങൾ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന നാമമാത്ര കർഷകരായിരുന്നു ഭൂരിഭാഗം പേരും. കൃഷിയും കന്നുകാലി വളർത്തലും മുഖ്യ ജീവിതോപാധിയായി സ്വീകരിച്ചവർക്ക്‌ അക്ഷരാഭ്യാസം പ്രായേണ കുറവായിരുന്നുവെങ്കിലും കാർഷികമേഖലയെക്കുറിച്ച്‌ നല്ല അനുഭവസമ്പത്ത്‌ കൈമുതലായി ഉണ്ടായിരുന്നു. കാലാവസ്ഥയ്ക്ക്‌ അനുസൃതമായ കൃഷിരീതികൾ ചിട്ടപ്പെടുത്തിയാണ്‌ അവർ കാലയാപനം കഴിച്ചിരുന്നത്‌.
1960കളിൽ ഏഷ്യൻ രാജ്യങ്ങളിലും തെക്കേ അമേരിക്കയിലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ചെറുതും വലതുമായ മുറവിളികൾ ഉയർന്നു വന്നു. കടുത്ത ചൂഷണത്തിനും സമാനതകളില്ലാത്ത സാമ്പത്തികവിവേചനത്തിനും ഇരകളായ വലിയൊരു വിഭാഗം ജനങ്ങൾ സ്വാതന്ത്ര്യത്തിനും മനുഷ്യരെപ്പോലെ അന്തസോടെ ജീവിക്കുന്നതിനുംവേണ്ടി ശബ്ദമുയർത്താൻ തുടങ്ങിയ കാലമായിരുന്നു അത്‌. ഭൂപരിഷ്കരണ പ്രസ്ഥാനങ്ങൾ, വിഭവങ്ങളുടെ മേലുള്ള പ്രാപ്യതയും അവയുടെ ഉപയോഗത്തിനുള്ള സാധ്യതകളും, സമത്വം, രാജ്യത്തിന്റെ പൊതുസമ്പത്തിന്റെ നീതിപൂർവകമായ വിതരണം തുടങ്ങിയ കാര്യങ്ങളായിരുന്നു അന്നത്തെ മുഖ്യ ചർച്ചാവിഷയങ്ങൾ. ജനകീയ പ്രക്ഷോഭങ്ങളുടെ അജൻഡയും മറ്റൊന്നായിരുന്നില്ലല്ലോ. നിലനിൽപ്പിനുവേണ്ടി ഒരു മഹാജനത വിപ്ലവത്തിന്റെ അഗ്നി ഊതിക്കത്തിച്ചുവരുന്നതിനിടെയാണ്‌ അതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ചുകൊണ്ട്‌ ‘ഹരിതവിപ്ലവം’ എന്ന പേരിൽ പുതിയൊരു ആശയം അവതരിപ്പിക്കപ്പെട്ടത്‌.
പലതരം വിപ്ലവരൂപങ്ങൾ കണ്ടു പരിചയിച്ച ജനങ്ങൾക്ക്‌ പുതിയൊരു വിപ്ലവത്തെക്കുറിച്ച്‌ കേട്ടപ്പോൾ ഉണ്ടായ ജിജ്ഞാസ ചെറുതായിരുന്നില്ല. വലിയ പ്രതീക്ഷയോടെയാണ്‌ പാവപ്പെട്ട കർഷകർ ഹരിതവിപ്ലവത്തെ വരവേറ്റത്‌. തങ്ങൾ വിതയ്ക്കുന്നത്‌ വംശഹത്യയുടെ വിത്തുകളാണെന്നത്‌ തിരിച്ചറിയാതെയാണ്‌ അവർ ഹരിതവിപ്ലവത്തിന്‌ തലവെച്ചുകൊടുത്തത്‌. തങ്ങൾ മാതൃതുല്യം ആദരിച്ച മണ്ണിനെ, സഹോദരരക്തം പോലെ പവിത്രമായി കണ്ട വെള്ളത്തെ, പൂർവികരുടെ ലോകം എന്ന്‌ കണക്കാക്കിയിരുന്ന അന്തരീക്ഷവായുവിനെ, ജീവസംദായനികളായിരുന്ന പുഴകളെ, വിശുദ്ധസ്ഥലികളായിരുന്ന കന്യാവനങ്ങളെ എല്ലാമെല്ലാം വിഷലിപ്തമാക്കുന്ന വിധ്വംസക പ്രവർത്തനത്തിലാണ്‌ ഏർപ്പെടുന്നതെന്ന ധാരണ അവർക്ക്‌ ഉണ്ടായില്ല. ഹരിതവിപ്ലവം വളരെ മികച്ചതാണ്‌ എന്ന്‌ നാഴികയ്ക്ക്‌ നാൽപതുവട്ടം പറഞ്ഞു ധരിപ്പിച്ചതുവഴി കർഷകരെ മുഴുവൻ കാൽച്ചുവട്ടിലെത്തിക്കാൻ ഹരിതവിപ്ലവത്തിന്റെ കുഴലൂത്തുകാർക്ക്‌ നിഷ്പ്രയാസം സാധിച്ചു. അങ്ങനെ കർഷകർ അറിയാതെ അവരെ കീഴ്പ്പെടുത്താനും സാമൂഹ്യനീതിക്കുവേണ്ടിയുള്ള അവരുടെ മുറവിളിയെ നിശബ്ദമാക്കാനും കുത്തക മുതലാളിത്തത്തിന്‌ സാധിച്ചു. ഇവിടെയാണ്‌ ചരിത്രത്തിലെ ആ മഹാചതി ഒളിഞ്ഞിരിക്കുന്നത്‌. ഹരിതവിപ്ലവം എന്ന ഒരൊറ്റ ആശയം കൊണ്ട്‌ നേട്ടങ്ങളേക്കാൾ ഏറെ ദോഷങ്ങളാണ്‌ ലോകത്തിന്‌ കൈവന്നത്‌. പുതിയ രോഗങ്ങൾ രംഗപ്രവേശം ചെയ്തു. മുമ്പ്‌ ഉണ്ടായിരുന്ന പല രോഗങ്ങളും പുതിയ രൂപങ്ങൾ സ്വീകരിച്ചതുവഴി ലക്ഷണങ്ങൾ നോക്കി രോഗനിർണയം അസാധ്യമോ വിഷമകരമോ ആയിത്തീർന്നു. വിളവർധന മാത്രം മുഖ്യലക്ഷ്യമായതോടെ രാസവളങ്ങളും കീടനാശിനികളും യാതൊരു തത്വദീക്ഷയുമില്ലാതെ പ്രയോഗിക്കപ്പെട്ടു. ജനിതകവൈകല്യങ്ങളും ശാരീരികവും മാനസികവുമായ വളർച്ചാ വ്യതിയാനങ്ങളും വർധിപ്പിച്ചു.
ഹരിതവിപ്ലവം എന്ന മഹാചതിയുടെ പ്രചാരകർ കാണാതെ പോയ ചിലതുണ്ട്‌. സാധാരണക്കാരന്റെ നിത്യജീവിതത്തെക്കുറിച്ച്‌ അവർ തീർത്തും അജ്ഞരായിരുന്നു. ലോകത്ത്‌ ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ജനങ്ങൾക്ക്‌ ഭക്ഷണം ലഭ്യമാക്കുക എന്നതുതന്നെയാണ്‌ അധികാരിവർഗത്തിന്റെ പ്രഥമവും പ്രധാനവുമായ കടമ. എന്നാൽ ഈ കടമ നിറവേറ്റുമ്പോൾ തന്നെ ഓരോ പ്രദേശത്തും പ്രാദേശികമായി നിലനിന്നിരുന്ന ഭക്ഷണരീതികളും ഭക്ഷ്യസാധനങ്ങളും പരിഗണനയിലെടുക്കാൻ അവർക്ക്‌ കഴിയാതെ പോയി. എത്രയോ വൈവിധ്യപൂർണമായിരുന്നു പ്രാദേശിക തീന്മേശകൾ? വിഭവങ്ങളുടെ ബാഹുല്യമല്ല, പിന്നെയോ അവയുടെ വൈവിധ്യമാണ്‌ ആദരിക്കപ്പെടേണ്ടിയിരുന്നത്‌. ആദിമജനവിഭാഗങ്ങളുടേത്‌ ഉൾപ്പെടെ തനത്‌ ഭക്ഷണരീതികളും ഭക്ഷ്യവസ്തുക്കളും അട്ടിമറിക്കപ്പെട്ടു. ചോളം, തിന, റാഗി തുടങ്ങിയ ചെറുധാന്യങ്ങൾ, ഭക്ഷ്യയോഗ്യമായ ഇലക്കറികൾ, നിരവധിയായ കിഴങ്ങുവർഗങ്ങൾ തുടങ്ങിയവയൊക്കെ തമസ്കരിക്കപ്പെടുകയാണുണ്ടായത്‌. തങ്ങൾ നൽകുന്നത്‌ എന്താണോ അത്‌ മനഃശ്ചാഞ്ചല്യം കൂടാതെ ഭക്ഷിക്കുക എന്നതായിരുന്നു അവരുടെ നിർദ്ദേശം.
ഭക്ഷിക്കുന്നവർക്ക്‌ ആരോഗ്യവും ആയുസും സംതൃപ്തിയും നൽകിയിരുന്ന നാടൻ വിഭവങ്ങളെ മുഴുവൻ തുടച്ചുനീക്കിയിട്ടാണ്‌ തീന്മേശയിലേക്ക്‌ അവർ ‘ഹരിതവിപ്ലവം’ വിളമ്പിയത്‌. അതുവഴി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്‌ എറിയപ്പെട്ടത്‌ കേവലം തനത്‌ ഭക്ഷ്യസാധനങ്ങൾ മാത്രമല്ല തലമുറകളായി കൈമാറിക്കിട്ടിയ സാംസ്കാരികവും സാമൂഹികവും ഭൗതികവുമായ ശേഷിപ്പുകൾ കൂടിയാണ്‌. ഹരിതവിപ്ലവത്തിന്റെ നിറക്കാഴ്ചകൾ കണ്ട്‌ കണ്ണുകൾ ചീമ്പിപ്പോയവർ പിന്നെ മിഴി തുറന്നത്‌ രോഗപീഡകളുടെ പുത്തൻ ലോകത്തേയ്ക്കായിരുന്നു.
അർബുദത്തിന്റെ വിവിധ രൂപങ്ങളാണ്‌ അക്കൂട്ടത്തിലെ ഏറ്റവും വലിയ നേട്ടം! സമ്പൂർണ അർബുദ ഭവനങ്ങളായി ഓരോ വീടും മാറാൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്‌.
(അവസാനിക്കുന്നില്ല)

  Categories:
view more articles

About Article Author