ഹിന്ദുത്വ രാഷ്ട്രീയവും സ്വാമി വിവേകാനന്ദനും

ഹിന്ദുത്വ രാഷ്ട്രീയവും സ്വാമി വിവേകാനന്ദനും
January 12 04:55 2017

കെ ജി ശിവാനന്ദൻ
ലോകമത സമ്മേളനം അമേരിക്കയിലെ ചിക്കാഗോ നഗരത്തി ൽ വെച്ച്‌ 1893 സെപ്റ്റംബർ 13 മുതൽ 27 വരെ നടന്നപ്പോൾ, സ്വാമി വിവേകാനന്ദൻ അവിടെ നടത്തിയ പ്രസംഗം വിശ്വപ്രസിദ്ധമാണ്‌. പതിനൊന്ന്‌ തവണ സമ്മേളനത്തെ അഭിസംബോധനചെയ്യാൻ സ്വാമിക്ക്‌ അവസരങ്ങൾ ലഭിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആദ്യപ്രസംഗത്തിൽ തന്നെ സർവ്വരുടേയും ശ്രദ്ധ സ്വാമിയിൽപതിഞ്ഞു. ലോകത്തിന്റെ വിവിധകോണുകളിൽ നിന്ന്‌ വന്നെത്തിയ മുഴുവൻ മതനേതാക്കളും അമേരിക്കൻ ജനതയും ആവേശപൂർവ്വം വിവേകാനന്ദസ്വാമികളുടെ പ്രസംഗം ആസ്വദിച്ചു.
ഒരിക്കൽ കൂടി ജനുവരി 12, വിവേകാനന്ദ ജയന്തി ആഘോഷിക്കുമ്പോൾ ആ പ്രസംഗങ്ങളിലെ വരികളിലേക്ക്‌ നമുക്കൊന്ന്‌ കണ്ണോടിക്കാം. അമേരിക്കയിലെ സഹോദരി, സഹോദരൻമാരെ എന്ന്‌ അഭിസംബോധന ചെയ്തുകൊണ്ട്‌ ആരംഭിച്ച പ്രസംഗം ഇതായിരുന്നു.
“നിങ്ങൾ ഞങ്ങൾക്കുനൽകിയ ഊഷ്മളവും ഹാർദ്ദവുമായ സ്വീകരണത്തിനു മറുപടി പറയാനായി എഴുന്നേൽക്കുമ്പോൾ എന്റെ ഹൃദയം അവാച്യമായ ആനന്ദംകൊണ്ട്‌ നിറഞ്ഞുതുളുമ്പുകയാണ്‌. ഞാൻ ഈ ലോകത്തിലെ ഏറ്റവും പുരാതനമായ സന്യാസി സമൂഹത്തിന്റെ പേരിൽ നിങ്ങൾക്കു നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു. എല്ലാവർഗങ്ങളിലും വിഭാഗങ്ങളിലുംപെട്ട ലക്ഷോപലക്ഷം ഹിന്ദുജനതയുടെ പേരിൽ ഞാൻ നിങ്ങൾക്കു നന്ദി പറയുന്നു. ലോകത്തിനു സഹിഷ്ണുതയും സാർവലൗകിക സമ്മതിയും പഠിപ്പിച്ച ഒരു മതമാണ്‌ എന്റെതെന്നതിൽ ഞാൻ അഭിമാനംകൊള്ളുന്നു. ഞങ്ങൾ സാർവത്രിക സഹിഷ്ണുതയിൽ വിശ്വസിക്കുകമാത്രമല്ല സർവ മതങ്ങളെയും സത്യമെന്ന നിലയിൽ ഞങ്ങൾ അംഗീകരിക്കുന്നു. ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളിൽ നിന്നും എല്ലാ മതങ്ങളിൽ നിന്നുമുള്ള പീഡിതരും ശരണാർത്ഥികളുമായവർക്ക്‌ അഭയം നൽകിയ ഒരു രാഷ്ട്രമാണ്‌ എന്റെതെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
റോമൻ സ്വേച്ഛാധിപത്യം ഇസ്രയേലിന്റെ വിശുദ്ധക്ഷേത്രത്തെ തല്ലി തകർത്ത അതേവർഷം തന്നെ ശരണാർത്ഥികളായി അവിടെ നിന്നും തെക്കെ ഇന്ത്യയിൽ വന്നെത്തിയ അവശേഷിച്ച ഇസ്രയേലികളെ മാറോടണച്ചു സ്വീകരിച്ചവരാണ്‌ ഞങ്ങളെന്നു നിങ്ങളെ അറിയിക്കാൻ എനിക്കഭിമാനമുണ്ട്‌. ശ്രേഷ്ഠമായ സൗരാഷ്ട്രിയൻ രാഷ്ട്രത്തിന്റെ അവശിഷ്ടങ്ങൾക്ക്‌ അഭയം നൽകുകയും ഇന്നും പരിലാളിക്കുകയും ചെയ്യുന്നതാണ്‌ എന്റെ മതമെന്നതിനാൽ എനിക്കഭിമാനമുണ്ട്‌. സഹോദരരെ, ഞാ നെന്റെ കുട്ടിക്കാലം മുതൽ ഉരുവിടുന്നതും ലക്ഷക്കണക്കിന്‌ മനുഷ്യർ നിത്യവും ഉരുവിട്ടു കൊണ്ടിരിക്കുന്നതുമായ ഒരു പ്രാർത്ഥനയിൽ നിന്നുള്ള ഏതാനും വരികൾ ഞാൻ നിങ്ങളെ കേൾപ്പിക്കട്ടെ. “പല ഉറവകളിൽ എന്ന്‌ ഉൽഭവിച്ച അനേകം സ്രോതസുകൾ എല്ലാം സമുദ്രത്തിൽ എങ്ങിനെ കൂടിച്ചേരുന്നുവോ, അങ്ങിനെ പ്രഭോ, മനുഷ്യർ പല രുചിഭേദങ്ങൾ വഴി എടുക്കുന്ന വ്യത്യസ്തപാതകൾ, അവ വ്യത്യസ്തങ്ങളെന്നോ, വക്രമേന്നോ, ഋജുവെന്നോ തോന്നിക്കുന്നവയായാലും എല്ലാംതന്നെ അങ്ങയിൽ എത്തിച്ചേരുന്നു.”
സങ്കുചിതത്വം, മതാന്ധത അതിന്റെ ഘോരസൃഷ്ടിയായ മതഭ്രാന്ത്‌ എന്നിവ മനോഹരമായ ഈ ഭൂമിയെ നീണ്ടനാളായി കയ്യടക്കിയിരിക്കുന്നു. അവ ഭൂമിയെ ഹിംസകൊണ്ട്‌ നിറക്കുകയും, അതിനെ വീണ്ടും വീണ്ടും മനുഷ്യന്റെ ചോരയിൽ മുക്കുകയും, നാഗരികതയെ നശിപ്പിക്കുകയും, രാഷ്ട്രങ്ങളെ കൂട്ടത്തോടെ തീവ്രനൈരാശ്യത്തിലേക്ക്‌ തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ ഭീകര പിശാചുക്കൾ ഉണ്ടായിരുന്നില്ലെങ്കി ൽ മനുഷ്യസമൂഹം ഇന്നത്തേക്കാൾ എത്രയോ ഏറെ പുരോഗമിക്കുമായിരുന്നു. പക്ഷെ അവയുടെ കാലം കഴിയാറായി. ഇന്നു കാലത്ത്‌ ഈ സമ്മേളനത്തിന്റെ ബഹുമാനാർത്ഥം മുഴങ്ങിക്കേട്ട മണികൾ, എല്ലാ മതഭ്രാന്തിന്റേയും, വാളുകൊണ്ടും പേനക്കൊണ്ടുമുള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുന്ന മനുഷ്യർ തമ്മിലുണ്ടാവുന്ന എല്ലാ വൈരങ്ങളുടെയും മരണമണിയായിരിക്കട്ടെയെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.”
സ്വാമി വിവേകാനന്ദന്റെ ചിന്ത കൾക്കും ആദർശങ്ങൾക്കും അഭിരുചികൾക്കും വളരെയധികം പ്രാധാന്യവും പ്രസക്തിയുമാണ്‌ ഇന്നുള്ളത്‌. സ്വാമികളുടെ ജീവിതത്തെയും ജീവിതവീക്ഷണത്തേയും സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നവിധത്തിലുള്ള പ്രചാരവേലകളാണ്‌ മതയാഥാസ്തികരും, മതമൗലികവാദികളും, വർഗീയ ഫാസിസ്റ്റ്‌ ശക്തികളും ഇന്ന്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. അന്യമതവിദ്വേഷപ്രചാരണം മുഖമുദ്രയാക്കിയിട്ടുള്ള ആർഎസ്‌എസ്‌ സംഘപരിവാർകേന്ദ്രങ്ങളാണ്‌ ആസൂത്രിതമാം വിധം ആ പ്രചരണത്തിന്‌ ചുക്കാൻ പിടിക്കുന്നത്‌.
ഇന്ത്യൻ ചരിത്രത്തിന്റെ സ്ഥാനത്ത്‌ ഹിന്ദു ഐതിഹ്യങ്ങളെയും ഇന്ത്യൻ തത്വശാസ്ത്രത്തിന്റെ സ്ഥാനത്ത്‌ ഹിന്ദു ദൈവശാസ്ത്രത്തേയും പ്രതിഷ്ഠിക്കുന്ന ആർഎസ്‌എസ്‌ പ്രഭൃതികൾ സ്വാമിവിവേകാനന്ദന്റെ മതവീക്ഷണത്തേയും ദർശനങ്ങളെയും തങ്ങളുടെ പ്രത്യയശാസ്ത്രത്തോട്‌ ചേർത്ത്‌ വെയ്ക്കാനുള്ള പരിശ്രമമാണ്‌ നടത്തുന്നത്‌. എന്നാൽ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രസിദ്ധാന്തവും വർഗീയ പ്രത്യയശാസ്ത്രവും ഒരിക്കലും വിവേകാനന്ദസ്വാമികളുടെ നവീന വേദാന്ത ദർശനവുമായി ചേർന്നുപോകുന്ന ഒന്നല്ല.
ഉദാത്തമായ മാനവികതയുടെയും ഉൽകൃഷ്ടമായ സംസ്കാരത്തിന്റെയും ഉജ്ജ്വലമായ യുക്തിവിചാരത്തിന്റേയും പ്രതീകമായി മാനവലോകം അംഗീകരിച്ചിട്ടുള്ള വിവേകാനന്ദദർശനം നവീനവേദാന്തം എന്നു വിളിക്കുന്ന ജ്ഞാന കർമ്മസമുച്ചയവാദമാണ്‌. തന്റെ മതം വേദാന്തമാണെന്ന്‌ ഉദ്ഘോഷിച്ചത്‌ ഇങ്ങനെയായിരുന്നു.” വേദാന്തം ഒരു വിസ്തീർണ്ണസമുദ്രമാണ്‌ വേദാന്തത്തിൽ യോഗിയ്ക്ക്‌ നാസ്തികനോ വിഗ്രഹാരാധകനോ ആകാം. വേദാന്തത്തിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, പാഴ്സി എല്ലാം ഒന്നുതന്നെ. എല്ലാവരും ഈശ്വരന്റെ മക്കളാണ്‌.” (വിവേകാനന്ദ സാഹിത്യസർവ്വം സമ്പൂർണ്ണകൃതികൾ). ജാതിവ്യവസ്ഥ തന്നെ നവ്യവേദാന്തത്തിനെതിരാണ്‌. ഹിന്ദു പുനരുജ്ജീവനവാദവും ഹിന്ദുരാഷ്ട്രവാദവും മുന്നോട്ട്‌ വയ്ക്കുന്ന സംഘപരിവാർ ശക്തികളുമായി യോജിക്കുവാൻ അതുകൊണ്ട്‌ തന്നെ നവീന വേദാന്തത്തിന്‌ സാധിക്കുകയില്ല.
ഭാരതീയത എന്നാൽ വിവിധ മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും ഐക്യമാണ്‌. ഹിന്ദുരാഷ്ട്രവാദികളായ ആർഎസ്‌എസ്‌ ആകട്ടെ വിവേകാനന്ദ സ്വാമികൾ ഉയർത്തിപ്പിടിക്കുന്ന ഭാരതീയ സങ്കൽപ്പത്തെ നിഷേധിക്കുകയും ചെയ്യുന്നു. വിചാരധാരയുടെ അന്തസത്ത തന്നെ അതാണ്‌ സൂചിപ്പിക്കുന്നത്‌. ഏകചിന്തയുടെയോ, ഏകദർശനത്തിന്റെയോ മതമല്ല ഹിന്ദുമതമെന്നും ബഹുസംസ്കാരങ്ങളും, ബഹു ദർശനങ്ങളും ഉൾക്കൊള്ളുന്ന നാനാത്വത്തെ അംഗീകരിക്കുന്ന വിശാലമായ വീക്ഷണമാണ്‌ ഹിന്ദുമതത്തിനുള്ളതെന്നും വിവേകാനന്ദ സ്വാമികൾ വിവക്ഷിക്കുന്നു. ഇതിനോട്‌ യോജിച്ച്‌ നിൽക്കാൻ സങ്കുചിത ദേശീയവാദികൾക്ക്‌ കഴിയുകയില്ലല്ലോ.
തന്റെ പ്രഭാഷണങ്ങളിലൂടെ വിവേകാനന്ദസ്വാമികൾ മുന്നോട്ട്‌ വെച്ച മറ്റൊരാശയം മതതുല്യതാവാദമാണ്‌. ആധുനിക ഭാരതീയ നവോത്ഥാനത്തിന്റെ മുഖ്യമായ സത്തയാണ്‌ മതതുല്യതാവാദം. സ്വാമികൾ നടത്തിയ പ്രഭാഷണങ്ങളിലൂടെ ലോകത്തിനാകെ ഈ ആശയം അനുകരണീയമായി തീർന്നു. വിവേകാനന്ദമതത്തോട്‌ യോജിക്കാൻ കഴിയുന്നില്ലെങ്കിലും വിവേകാനന്ദ സമീപനത്തോട്‌ യോജിക്കാതിരിക്കാൻ നിർവ്വാഹമില്ലെന്ന്‌ ചില മതപണ്ഡിതൻമാർ ലോകമത സമ്മേളന വേളയിൽ അഭിപ്രായപ്പെടുകയുണ്ടായി.
മതത്തേയും ഈശ്വരനെയും ദാരിദ്ര നിർമ്മാർജ്ജനവുമായി ബന്ധപ്പെടുത്തി മാത്രമെ സ്വാമിവിവേകാനന്ദൻ കണ്ടിരുന്നുള്ളൂ. അദ്ദേഹം ഒരിക്കൽ ഇപ്രകാരം പറഞ്ഞു. “വിധവയുടെ കണ്ണീരൊപ്പാനോ, അഗതിയുടെ വായ്ക്ക്‌ ഒരപ്പക്കഷണം കൊടുക്കാനോ കഴിയാത്ത ഒരീശ്വരനിലോ, മതത്തിലോ ഞാൻ വിശ്വസിക്കുന്നില്ല.” (വി.സാ.സ.) ഇന്ത്യയിലെ ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണമെന്ന്‌ നിസീമമായി ചിന്തിച്ചിരുന്ന ദയാലുകൂടിയായിരുന്നു വിവേകാനന്ദൻ. ഗാന്ധിജി ഹൃദയവാക്കായി സ്വീകരിച്ച ‘ദരിദ്രനാരായണന്മാർ’ എന്ന പ്രയോഗം ആദ്യമായി സൃഷ്ടിച്ചതും പ്രചാരണ പ്രവർത്തനത്തിൽ പ്രയോഗിച്ചതും വിവേകാനന്ദനായിരുന്നു.
പട്ടിണിപ്പാവങ്ങളുടെ ദാരിദ്ര്യത്തിനൊരുപരിഹാരം എന്താണെന്ന ചിന്തയിൽ നിന്നാണ്‌ സോഷ്യലിസം എന്ന ആശയത്തിൽ ആകൃഷ്ടനായത്‌. “ഞാനൊരു സോഷ്യലിസ്റ്റാണ്‌” (വി.സാ.സ. ്‌) എന്ന പ്രഖ്യാപനം കേവലം യാദൃശ്ചികമായി സംഭവിച്ച ഒന്നായിരുന്നില്ല. ഇന്ത്യയിലെ നഗരങ്ങളും, ഗ്രാമങ്ങളും ചുറ്റിയ പരിവ്രാജകയാത്രയിലെ അനുഭവങ്ങളിൽ നിന്ന്‌ പിറവിയെടുത്തതായിരുന്നു ആ പ്രയോഗം. പരന്ന വായനയ്ക്കും ഉയർന്ന ചിന്തയ്ക്കുമൊപ്പം മർദ്ദിതരും പീഡിതരുമായ പട്ടിണിപ്പാവങ്ങളായ ജനകോടികളോടുള്ള സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും ഉൾക്കാഴ്ചയുടെ പ്രകടനം കൂടിയായിരുന്നു അത്‌.
1896 നവംബർ ഒന്നിന്‌ മിസ്‌ മേരിഹെയിലിനെഴുതിയ കത്തിൽ വിവേകാനന്ദൻ തന്റെ ഉൾക്കാഴ്ച ഇപ്രകാരമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. “മാനവസമുദായം മുറയ്ക്ക്‌ നാല്‌ ജാതികളാൽ ഭരിക്കപ്പെടുന്നു. പൂരോഹിതർ, പടയാളികൾ, കച്ചവടക്കാർ, തൊഴിലാളികൾ ഓരോ ഘട്ടത്തിലും അതിന്റെ മികവുകളും കുറവുകളുമുണ്ട്‌. പുരോഹിതർ ബ്രാഹ്മണർ) ഭരിക്കുമ്പോൾ പാരമ്പര്യം നിമിത്തമായി ഭയങ്കരമായ വർജ്ജകത്വമുണ്ട്‌. പട്ടാള (ക്ഷത്രിയർ) ഭരണം മർദ്ദകവും ക്രൂരവുമാണ്‌. വാണിജ്യ (വൈശ്യർ) ഭരണം പിന്നീടുവരുന്നു. അതിന്റെ നിശബ്ദനിഷ്പേഷകവും രക്തചൂഷകവുമായ ശക്തി ഭയങ്കരമാണ്‌. അവസാനം തൊഴിലാളി (ശ്രൂദ്രർ) ഭരണംവരും. അതിന്റെ മേൽ• ശാരീരിക സുഖങ്ങളുടെ വിതരണമായിരിക്കും. പോരായ്മയാകട്ടെ (ഒരു പക്ഷേ) സംസ്കാരത്തിന്റെ അധഃപതനമായിരിക്കും. സാധാരണ വിദ്യാഭ്യാസത്തിന്റെ ഒരു വലിയ വിതരണവുമുണ്ടാകും. അദ്ദേഹം ഇങ്ങനെയാണ്‌ സാമൂഹ്യപരിണാമഘട്ടത്തെ വ്യാഖ്യാനിച്ചത്‌. തൊഴിലാളിവർഗ്ഗം അധികാരത്തിൽ വരുമെന്നും സാമൂഹ്യ അസമത്വ പ്രശ്നങ്ങൾ പരിഹരിക്കാൻ അത്‌ സഹായകമാകുമെന്നും സ്വാമികൾ വിളംബരം ചെയ്തിരുന്നു.
ദേശീയതയുടെ പേരിൽ അസഹിഷ്ണുത സൃഷ്ടിക്കുന്ന നാടാണ്‌ ഇന്ന്‌ ഇന്ത്യ. ഈ സാഹചര്യത്തിൽ ദേശീയതയെക്കുറിച്ച്‌ സ്വാമിയുടെ വീക്ഷണം എന്താണെന്ന്‌ അറിയേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനം ബഹുസ്വരതയാണെന്ന്‌ വിവേകാനന്ദൻ ഉറച്ച്‌ വിശ്വസിച്ചിരുന്നു. ഇന്ത്യയെ സാമ്പത്തികമായും സാംസ്കാരികമായും ദാർശനികമായും ഉയർത്തണം. ഇതിനായി ദേശാഭിമാനബോധവും മനുഷ്യരാകെ നന്നാവണമെന്ന മാനവികതാബോധവും ഉയർത്തിക്കൊണ്ടുവരണമെന്നും ഈ സന്യാസിവര്യൻ ദർശിച്ചിരുന്നു. മതത്തിന്റെ പേരിൽ അസഹിഷ്ണുത സൃഷ്ടിച്ച്‌ മനുഷ്യമനസുകളിൽ അന്ധകാരം പടർത്തുന്ന കറുത്തശക്തികൾക്ക്‌ ഉൾക്കൊള്ളാൻ ഒരിക്കലും കഴിയില്ല യതിവര്യന്റെ ദേശീയതയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട്‌ നാനാത്വത്തിലെ ഏകത്വമാണ്‌ അദ്ദേഹം ഇതിലൂടെ വിഭാവനം ചെയ്യുന്നദർശനം.
ഗോമാതാവിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ വിവേകാനന്ദസ്വാമികൾ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്‌. ചോദ്യം ഇതായിരുന്നു. ‘ഗോക്കൾ നമ്മുടെ മാതാവാണെന്ന്‌ ശാസ്ത്രം പറയുന്നുണ്ടല്ലോ?’ മറുപടി ഇതായിരുന്നു. “നേര്‌, മാട്‌ നമ്മുടെ മാതാവാണെന്ന്‌ ഞാൻ നന്നായി മനസിലാക്കുന്നു. അതല്ലാതെ ഇത്രയും കേമൻമാരായ മക്കളെ മറ്റാര്‌ പ്രസവിക്കും.” ഇക്കൂട്ടരെക്കുറിച്ച്‌ പിന്നീട്‌ അദ്ദേഹം പറയുകയുണ്ടായി,” മനുഷ്യനായി പിറന്നിട്ട്‌ മനുഷ്യനുവേണ്ടി പ്രാണൻ തുടിക്കുന്നില്ലെങ്കിൽ അവൻ പിന്നെ മനുഷ്യനോ?.”
ജാതിവ്യവസ്ഥ സൃഷ്ടിച്ച മനുഷ്യത്വരഹിതമായ ഉച്ഛനീചത്വം കണ്ട്‌ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച സന്യാസിവര്യൻ വിവേകാനന്ദനായിരുന്നു. ഇന്നത്തെ ഇന്ത്യയിൽ വർഗീയവാദികൾ സൃഷ്ടിച്ചുവിടുന്ന അസഹിഷ്ണുതയും വർഗ്ഗീയകലാപങ്ങളും ഭീകരതയും കണ്ടാൽ ‘ഭാരതം ഒരു ഭ്രാന്താലയം’ എന്ന്‌ സ്വാമികൾ വിളിച്ചുപറയും, ഉറപ്പ്‌, ശാസ്ത്ര-സാങ്കേതിക വിദ്യകൾ വളർന്നുവികസിച്ചു നിൽക്കുന്ന ആധുനികകാലത്തിനുചേരാത്ത സിദ്ധാന്തവും പ്രവർത്തനങ്ങളുമാണ്‌ ഇന്നത്തെ ഭരണാധികാരികൾ തങ്ങളുടെ ആഹ്വാനങ്ങളിലൂടെ ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

  Categories:
view more articles

About Article Author