ഹൃദയം തുറക്കാതെ വാല്വ്‌ മാറ്റി: ശ്രീചിത്രയിൽ നടന്നത്‌ ഇന്ത്യയിലാദ്യത്തെ നൂതന ശസ്ത്രക്രിയ

ഹൃദയം തുറക്കാതെ വാല്വ്‌ മാറ്റി: ശ്രീചിത്രയിൽ നടന്നത്‌ ഇന്ത്യയിലാദ്യത്തെ നൂതന ശസ്ത്രക്രിയ
April 21 04:45 2017

തിരുവനന്തപുരം: ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്വ്‌ മാറ്റിവെച്ചു. നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിന്റെ പ്രവർത്തനം നിറുത്താതെയും ഹൃദയവാല്വ്‌ മാറ്റിവയ്ക്കുന്ന നൂതനമായ ചികിത്സാരീതി തിരുവനന്തപുരം ശ്രീചിത്രയിൽ വിജയകരമായി നടത്തി. അതും രണ്ടു രോഗികളിൽ.
ട്രാൻസ്‌ കത്തീറ്റർ അയോർട്ടിക്‌ വാല്വ്‌ റീപ്ലേസ്മെന്റ്‌ (ടിഎവിആർ) എന്ന ഈ ചികിത്സാരീതി യൂറോപ്പിലും അമേരിക്കയിലും മാത്രമാണ്‌ പ്രചാരത്തിലുള്ളത്‌. ഓപ്പൺഹാർട്ട്‌ ശസ്ത്രക്രിയയുടെ റിസ്ക്ക്‌ കൂടുതൽ ഉള്ള രോഗികളിൽ ടിഎവിആർ വളരെയധികം പ്രയോജനം ചെയ്യും.
ഈ ചികിത്സയിൽ ഇടുപ്പിലെ രക്തക്കുഴലിൽ കൂടി വാല്വ്‌ കടത്തി അസുഖം ബാധിച്ച വാൽവിന്റെ സ്ഥാനത്ത്‌ ആൻജിയോഗ്രഫിയുടെ സഹായത്തോടെ പുതിയ വാല്വ്‌ ഉറപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. തൽഫലമായി ഓപ്പൺഹാർട്ട്‌ സർജറിയുടെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സാധിക്കും. തെക്കേ ഇൻഡ്യയിൽ ഈ ചികിത്സചെയ്യുന്ന ആദ്യ ആശുപത്രിയായ, ശ്രീചിത്രയിൽ മറ്റ്‌ കോർപ്പറേറ്റ്‌ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ചികിത്സയുടെ ചിലവ്‌ കുറവാണ്‌.
ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമേ ഈ ചികിത്സാസൗകര്യം നിലവിലുള്ളൂ. മാറ്റി സ്ഥാപിക്കാൻ ഉപയോഗിക്കുന്ന വാൽവിനു വില വളരെ കൂടുതലാണ്‌. (18.5 ലക്ഷം രൂപ) കോർപ്പറേറ്റ്‌ ആശുപത്രികളെ അപേക്ഷിച്ചു ശ്രീചിത്രയിൽ ഈ ചികിത്സയുടെ ചിലവ്‌ കുറവാണ്‌.
ഡോ.ബിജുലാൽ എസ്‌, ഡോ. അജിത്കുമാർ വി കെ, ഡോ. ഹരികൃഷ്ണൻ എസ്‌, ഡോ. സൗരഭ്‌ ഗുപ്ത (യുഎസ്‌എ) ഡോ. വിവേക്‌ പിള്ള, ഡോ. കെ ജയകുമാർ, ഡോ. ശ്രീനിവാസ്‌ ഗധിൻഗ്ലജർ വി, ഡോ. പി കെ ഡാഷ്‌ എന്നിവരടങ്ങിയ ടീമാണ്‌ നൂതന ചികിത്സാ രീതിയ്ക്ക്‌ നേതൃത്വം നൽകിയത്‌.

  Categories:
view more articles

About Article Author