ഹെപ്പറ്റൈറ്റിസ്‌ സി മൂലം പ്രതിവർഷം അഞ്ച്‌ ലക്ഷം പേർ മരണപ്പെടുന്നുവെന്ന്‌ കണക്കുകൾ

ഹെപ്പറ്റൈറ്റിസ്‌ സി മൂലം പ്രതിവർഷം അഞ്ച്‌ ലക്ഷം പേർ മരണപ്പെടുന്നുവെന്ന്‌ കണക്കുകൾ
February 26 04:45 2017

കൊച്ചി: ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധമൂലം പ്രതിവർഷം അഞ്ച്‌ ലക്ഷം പേർ മരണപ്പെടുന്നുവെന്ന്‌ കണക്കുകൾ. ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധ കൃത്യമായി തിരിച്ചറിയാത്തതു മൂലം രോഗം കൂടുതൽ ആളുകളിലേയ്ക്ക്‌ പകരാൻ ഇടയാക്കുന്നുവെന്ന്‌ കൊച്ചി പിവിഎസ്‌ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. എബി സിറിയക്‌ ഫിലിപ്സ്‌. വിദേശത്തേയ്ക്ക്‌ ജോലിയ്ക്കായുള്ള നിർബന്ധിത വൈദ്യപരിശോധനയിലാണ്‌ മാരകമായ ഹെപ്പറ്റൈറ്റിസ്‌ സി രോഗം പലപ്പോഴും കണ്ടെത്തുന്നതെന്ന്‌ ഡോ. സിറിയക്‌ പറഞ്ഞു.
ഹെപ്പറ്റൈറ്റിസ്സി വൈറസ്‌ മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ഹെപ്പറ്റൈറ്റിസ്സി. പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങൾ പുറമെ കാണിക്കാതെ വർഷങ്ങളോളം ശരീരത്തിൽ കഴിയുന്ന ഹെപ്പൈറ്ററ്റിസ്‌ സി വൈറസ്‌ പിന്നീട്‌ കരൾ വീക്കം, സിറോസിസ്‌, ലിവർ കാൻസർ എന്നിവയ്ക്ക്‌ കാരണമാകും. തുടക്കത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തതാണ്‌ ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധ യഥാസമയം കണ്ടുപിടിച്ച്‌ ചികിത്സിക്കുന്നതിനു തടസമാകുന്നത്‌. പനി, ക്ഷീണം, ഇരുണ്ട നിറമുള്ള മൂത്രം, അടിവയറിൽ വേദന, ത്വക്കിന്‌ മഞ്ഞനിറം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങൾ അപൂർവമായി കാണാറുണ്ട്‌. ഹെപ്പറ്റൈറ്റിസ്‌ സി രക്തത്തിലൂടെ പകരുന്ന വൈറസാണ്‌. പ്രധാനമായും സുരക്ഷിതമല്ലാത്ത ശസ്ത്രക്രിയകളിലൂടെയാണ്‌ രോഗം പകരുന്നത്‌.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 13 കോടി മുതൽ 15 കോടി വരെ ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധിതർ ലോകത്തുണ്ട്‌. ഹെപ്പറ്റൈറ്റിസ്‌ സിയുമായി ബന്ധപ്പെട്ട കരൾരോഗങ്ങൾ മൂലം ലോകത്ത്‌ ഓരോ വർഷവും അഞ്ചു ലക്ഷംപേരെങ്കിലും മരിക്കുന്നതായാണ്‌ കണക്ക്‌. ടാറ്റു പതിക്കാനും കാത്‌ കുത്താനും മറ്റും ഉപയോഗിക്കുന്ന സൂചി എന്നിവ അണുവിമുക്തമല്ലെങ്കിലും ഹെപ്പറ്റൈറ്റിസ്‌ സി പകരാം.
ഹെപ്പൈറ്ററ്റിസ്‌ എ, ബി എന്നിവയിൽ നിന്ന്‌ വ്യത്യസ്തമായി ഹെപ്പൈറ്ററ്റിസ്‌ സിയ്ക്ക്‌ പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ടുതന്നെ രോഗം വരാതെ നോക്കുകയാണ്‌ പ്രധാനം. നിശ്ചിതകാലം മരുന്നു കഴിച്ചും രോഗം ഭേദപ്പെടുത്താനാവുമെന്നും ഡോ.സിറിയക്‌ പറഞ്ഞു.

  Categories:
view more articles

About Article Author