ഹെവി വാഹനങ്ങളിൽ മലിനീകരണ നിയന്ത്രണ സംവിധാനം വേണം

ഹെവി വാഹനങ്ങളിൽ മലിനീകരണ നിയന്ത്രണ സംവിധാനം വേണം
January 12 03:00 2017

ഗതാഗത കമ്മിഷണറുടെ ഉത്തരവ്‌ ഹൈക്കോടതി ശരിവച്ചു

കൊച്ചി: സംസ്ഥാനത്തെ പുതിയ ഹെവി വാഹനങ്ങളിൽ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഭാരത്‌ സ്റ്റേജ്‌ 4 നിലവാരമുള്ളവ മാത്രം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു.
നാലു ടയറുകളിൽ കൂടുതലുള്ള വാഹനങ്ങൾക്ക്‌ ഭാരത്‌ സ്റ്റേജ്‌ 4 നിലവാരം നിർബന്ധമാക്കി ട്രാൻസ്പോർട്ട്‌ കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത്‌ എറണാകുളം നെടുമ്പാശേരിയിലെ ഓട്ടോബെൻ ട്രക്കിംഗ്‌ അധികൃതർ നൽകിയ ഹർജി തള്ളിയാണ്‌ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌.
രാജ്യത്ത്‌ ഡെൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ 2010 ഏപ്രിൽ മുതൽ ഭാര വാഹനങ്ങൾക്ക്‌ ഭാരത്‌ സ്റ്റേജ്‌ 4 നിലവാരം നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ്‌ കേരളത്തിൽ ഇതു നടപ്പാക്കാൻ ട്രാൻസ്പോർട്ട്‌ കമ്മിഷണർ ഉത്തരവിറക്കിയത്‌.
വാഹനങ്ങളിൽ നിന്നുള്ള പുക മാലിന്യത്തിന്റെ തോതു നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാനദണ്ഡമാണ്‌ ഭാരത്‌ സ്റ്റേജ്‌ 4 നിലവാരം. അന്തരീക്ഷ മലിനീകരണത്തിന്‌ ഇടയാക്കുന്ന കാർബൺ മോണോക്സൈഡ്‌, ഹൈഡ്രോ കാർബണുകൾ, നൈട്രജന്റെയും സൾഫറിന്റെയും ഓക്സൈഡുകൾ എന്നിവയുടെ അളവ്‌ ഈ നിലവാരത്തിലുള്ള വാഹനങ്ങളിൽ കുറവായിരിക്കും. നാല്‌ വീലുകളുള്ള വാഹനങ്ങൾക്കാണ്‌ ആദ്യം ഇതു നടപ്പാക്കിയതെങ്കിലും പിന്നീട്‌ നാലു വീലുകളിൽ കൂടുതലുള്ള വാഹനങ്ങൾക്കും ഇതു നിർബന്ധമാക്കുകയായിരുന്നു.
ട്രാൻസ്പോർട്ട്‌ കമ്മിഷണർ ഇത്തരത്തിൽ നാലു ചക്രത്തിൽ കൂടുതലുള്ള വാഹനങ്ങൾക്കും ഭാരത്‌ സ്റ്റേജ്‌ നിലവാരം നിർബന്ധമാക്കിയത്‌ നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഇരുചക്ര വാഹനങ്ങൾക്കുൾപ്പെടെ ഈ നിബന്ധന ബാധകമാക്കുന്ന സാഹചര്യത്തിൽ ഹെവി വാഹനങ്ങളെ ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.
മോട്ടോർ വാഹന നിയമപ്രകാരം നാലു ചക്രം മുതൽ മേലോട്ടുള്ള യാത്രാ വാഹനങ്ങളെ എം എന്ന കാറ്റഗറിയിലും ചരക്കു വാഹനങ്ങളെ എൻ എന്ന കാറ്റഗറിയിലുമാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. രണ്ടു കാറ്റഗറികൾക്കും ഭാരത്‌ സ്റ്റേജ്‌ 4 നിലവാരം വേണം ഉത്തരവിൽ പറയുന്നു.

  Categories:
view more articles

About Article Author